ഹർദിക് പാണ്ഡ്യയ്ക്ക് അടുത്ത ഐപിഎല്ലിൽ വിലക്ക്. കടുത്ത ശിക്ഷയുമായി ബിസിസിഐ.

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ വളരെ മോശം പ്രകടനത്തിന് ശേഷം മുംബൈ നായകൻ ഹർദിക് പാണ്ഡ്യയ്ക്ക് വീണ്ടും തിരിച്ചടി നൽകി ബിസിസിഐ. 2024 ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസിന്റെ ലക്നൗവിനെതിരായ മത്സരത്തിൽ സ്ലോ ഓവർ റേറ്റിന്റെ പേരിൽ ഹർദിക് പാണ്ഡ്യയ്ക്ക് അടുത്ത മത്സരത്തിൽ ബിസിസിഐ വിലക്ക് കൽപ്പിച്ചിരിക്കുകയാണ്.

ഇത് മൂന്നാം തവണയാണ് ഹർദിക് പാണ്ഡ്യ ഇത്തരത്തിൽ കുറഞ്ഞ ഓവർ റേറ്റ് പുലർത്തുന്നത്. അതിനാൽ തന്നെ അടുത്ത ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ പാണ്ഡ്യയ്ക്ക് കളിക്കാൻ സാധിക്കില്ല. വാങ്കഡേയിൽ നടന്ന മത്സരത്തിൽ, നിശ്ചയിച്ചിരുന്ന സമയത്ത് മുംബൈ ഇന്ത്യൻസിന് മത്സരം പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ഇതിന് ശേഷമാണ് ബിസിസിഐ ഇത്തരമൊരു നടപടിയ്ക്ക് മുതിർന്നത്.

ഒരു മത്സരത്തിലെ വിലക്കിന് പുറമേ 30 ലക്ഷം രൂപ ഹർദിക് പാണ്ഡ്യ പിഴയായും അടക്കേണ്ടതുണ്ട് എന്ന് ബിസിസിഐ പറയുന്നു. മുംബൈയുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ട മറ്റു താരങ്ങളും പിഴ അടക്കാൻ തയ്യാറാവണം. ഇമ്പാക്ട് പ്ലെയർ അടക്കമുള്ളവർ 12 ലക്ഷം രൂപയോ, മത്സരത്തിൽ ലഭിക്കുന്ന ഫീസിന്റെ 50 ശതമാനമോ ബിസിസിഐയിലേക്ക് അടക്കേണ്ടതുണ്ട്.

മുൻപ് റിഷാഭ് പന്തിനും ഇത്തരത്തിൽ തുടർച്ചയായി ഓവർ റൈറ്റ് കുറഞ്ഞതിന്റെ പേരിൽ മത്സരത്തിൽ നിന്ന് വിലക്ക് ലഭിച്ചിരുന്നു. പന്തിന് ശേഷം വിലക്ക് ലഭിക്കുന്ന രണ്ടാമത്തെ നായകനാണ് ഹർദിക് പാണ്ഡ്യ. അതിനാൽ തന്നെ അടുത്ത ഐപിഎല്ലിൽ ലീഗ് സ്റ്റേജിൽ ഹർദിക് പാണ്ഡ്യക്ക് 13 മത്സരങ്ങൾ മാത്രമേ കളിക്കാൻ സാധിക്കൂ.

മറുവശത്ത് ലക്നവിനെതിരായ മത്സരത്തിലേക്ക് കടന്നു വന്നാൽ, വളരെ മോശം പ്രകടനമായിരുന്നു മുംബൈ ഇന്ത്യൻസ് പുറത്തെടുത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറുകളിൽ 214 റൺസാണ് നേടിയത്. 29 പന്തുകളിൽ 5 ബൗണ്ടറികളും 8 സിക്സറുകളുമടക്കം 75 റൺസ് നേടിയ നിക്കോളാസ് പൂറനാണ് ലക്നൗവിനായി മത്സരത്തിൽ അടിച്ചു തകർത്തത്. ഒപ്പം നായകൻ രാഹുലും ഒരു അർത്ഥ സെഞ്ച്വറിയുമായി തിളങ്ങി. 215 എന്ന വലിയ ലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ മുംബൈയ്ക്ക് രോഹിത് ശർമ മികച്ച തുടക്കമായിരുന്നു നൽകിയത്. 38 പന്തുകളിൽ 10 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 68 റൺസ് സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചിരുന്നു.

എന്നാൽ മുൻനിരയിലുള്ള മറ്റു ബാറ്റർമാരൊക്കെയും പരാജയപ്പെട്ടപ്പോൾ മുംബൈ ബാറ്റിംഗ് നിര തരിപ്പണമാവുകയായിരുന്നു. മധ്യനിരയിൽ 28 പന്തുകളിൽ 62 റൺസ് നേടിയ നമൻ ദിർ മാത്രമാണ് അവസാന സമയങ്ങളിൽ മുംബൈയ്ക്കായി പോരാട്ടം നയിച്ചത്. ഇങ്ങനെ മുംബൈ നിശ്ചിത 20 ഓവറുകളിൽ 196 റൺസിൽ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഈ സീസണിലെ ലീഗ് മത്സരങ്ങൾ അവസാനിക്കുമ്പോൾ 14 മത്സരങ്ങളിൽ കേവലം 4 മത്സരങ്ങളിൽ മാത്രമാണ് മുംബൈയ്ക്ക് വിജയിക്കാൻ സാധിച്ചത്. 8 പോയിന്റുകളുള്ള മുംബൈ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്.

Previous articleഅവൻ അന്ന് ഒരുപാട് ബുദ്ധിമുട്ടിച്ചു, തന്നെ കഷ്ടപ്പെടുത്തിയ ബാറ്ററെ വെളിപ്പെടുത്തി ബുമ്ര..
Next articleകോഹ്ലി തകർത്തടിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് ലോകകപ്പ് ഒന്നും കിട്ടില്ല.. തുറന്ന് പറഞ്ഞ് മുൻ ഓസീസ് നായകൻ..