2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ഉപനായകനായ ഹർദിക് പാണ്ഡ്യയുടെ നിലവിലെ ഫോമിനെതിരെ ചോദ്യം ഉന്നയിച്ച് മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡൻ. ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈക്കായി എല്ലാ മേഖലകളിലും പതറുന്ന ഹർദിക് പാണ്ഡ്യയെയാണ് കാണാൻ സാധിച്ചത്.
ഇതുവരെ 10 മത്സരങ്ങളിൽ നിന്ന് 197 റൺസ് മാത്രമാണ് പാണ്ഡ്യ സ്വന്തമാക്കിയിട്ടുള്ളത്. ബാറ്റിംഗിൽ 21.88 എന്ന് കുറഞ്ഞ ശരാശരിയാണ് പാണ്ഡ്യക്കുള്ളത്. 150.38 ആണ് പാണ്ഡ്യയുടെ സ്ട്രൈക്റേറ്റ്. ഇത്തരത്തിൽ മോശം ഫോം തുടരുന്ന ഹർദിക്കിനെ ഇന്ത്യ ലോകകപ്പിനുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്തിയതിനെയാണ് ഹെയ്ഡൻ ചോദ്യം ചെയ്യുന്നത്.
ലോകകപ്പിൽ ഇന്ത്യയ്ക്കായി ഹർദിക് പാണ്ഡ്യ എന്ത് ചെയ്യാനാണ് എന്നാണ് ഹെയ്ഡൻ ചോദിച്ചത്. “ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡ് പരിശോധിക്കുമ്പോൾ ഇപ്പോൾ ഹർദിക് പാണ്ഡ്യ വലിയൊരു ചോദ്യചിഹ്നമായി തന്നെ നിൽക്കുന്നു. നിലവിൽ മുംബൈക്കായി കളിക്കുമ്പോൾ തന്നെ ഹർദിക് പാണ്ഡ്യയ്ക്ക് ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇതുതന്നെയാണ് ഇന്ത്യയുടെ പ്രധാന ഓൾറൗണ്ടറായി ലോകകപ്പിൽ കളിക്കുമ്പോഴും ഉണ്ടാവാൻ പോകുന്നത്. ഈ സാഹചര്യത്തിൽ ഹർദിക് പാണ്ഡ്യ ഇന്ത്യക്കായി എന്ത് ചെയ്യാനാണ്? ഒരുപാട് ഓവറുകൾ പന്തറിയാൻ പോലും നിലവിൽ ഹർദ്ദിക്കിന് സാധിക്കുന്നില്ല.”- ഹെയ്ഡൻ പറയുന്നു.
“ബോളിങ്ങിൽ മാത്രമല്ല ബാറ്റിങ്ങിലും വേണ്ടത്ര ഫോം കണ്ടെത്താൻ ഇതുവരെ ഹർദിക് പാണ്ഡ്യയ്ക്ക് സാധിച്ചിട്ടില്ല. ആദ്യം ബോളിങ്ങിൽ മുൻപിലേക്ക് വരാനാണ് ഹർദിക് പാണ്ഡ്യ ഇപ്പോൾ ശ്രദ്ധിക്കേണ്ടത്. അതിനുശേഷം തന്റെ ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും പാണ്ഡ്യയ്ക്ക് സാധിക്കണം. സമയം വളരെ വേഗം തന്നെ കടന്നുപോകും. മത്സരങ്ങളിൽ തന്റെ മുഴുവൻ ക്വാട്ട ഓവറുകളും പൂർത്തീകരിക്കുക എന്നതാണ് പാണ്ഡ്യ ഇപ്പോൾ ചെയ്യേണ്ടത്. അത് ചെയ്യാൻ ഹർദിക്കിന് സാധിക്കുന്നുമില്ല.”- ഹെയ്ഡൻ കൂട്ടിചേർത്തു.
ഇതേ അഭിപ്രായം തന്നെയാണ് വിൻഡീസിന്റെ ഇതിഹാസ താരം ബ്രയാൻ ലാറyയും ങ്കുവെച്ചത്. “വെസ്റ്റിൻഡീസിലും അമേരിക്കയിലും കളിക്കാനായി പോകുന്ന താരങ്ങൾ കൃത്യമായി ഫോം കണ്ടെത്തി തന്നെ പോകേണ്ടതുണ്ട്. ഇപ്പോൾ അവർക്ക് കൂടുതൽ സ്വാതന്ത്ര്യം എടുത്ത് കളിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. മുംബൈ ഇതിനോടകം തന്നെ സാങ്കേതികപരമായി ഐപിഎല്ലിൽ നിന്ന് പുറത്തായിട്ടുണ്ട്. അതുകൊണ്ടു തന്നെ അടുത്ത മത്സരങ്ങളിൽ കൃത്യമായി ഫോം കണ്ടെത്തേണ്ടത് ഹർദിക് അടക്കമുള്ള താരങ്ങളെ സംബന്ധിച്ച് നിർണായകമാണ്.”- ലാറ പറഞ്ഞു.