ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച ടീം മുംബൈ ഇന്ത്യൻസാണ്. കഴിഞ്ഞ സീസണുകളിലൊക്കെയും രോഹിത് ശർമയുടെ നായകത്വത്തിന് കീഴിൽ മികച്ച പ്രകടനം മുംബൈ പുറത്തെടുത്തിരുന്നു. എന്നാൽ 2024 ഐപിഎല്ലിൽ ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇതുവരെ മികവ് പുലർത്താൻ മുംബൈ ഇന്ത്യൻസിന് സാധിച്ചിട്ടില്ല.
ഇതിനു ശേഷം മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ഡ്യക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ്. ഹർദിക് പാണ്ഡ്യ രോഹിതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണം എന്നാണ് സേവാഗ് പറയുന്നത്.
ക്രിക്ബസുമായി നടത്തിയ അഭിമുഖത്തിലാണ് വീരേന്ദർ സേവാഗ് തന്റെ അഭിപ്രായം അറിയിച്ചത്. മുൻപും ഇത്തരത്തിൽ സീസണിലെ ആദ്യ മത്സരങ്ങളിൽ പരാജയപ്പെട്ട് തിരിച്ചുവന്ന ചരിത്രം മുംബൈ ഇന്ത്യൻസിനുണ്ട് എന്ന് സേവാഗ് പറയുന്നു.
എന്നാൽ ഇത്തരം തിരിച്ചുവരവുകൾ ടീം നടത്തിയിട്ടുള്ളത് രോഹിത് ശർമയുടെ നായകത്വത്തിന് കീഴിലാണ് എന്ന് സേവാഗ് പറയുന്നു. അതിനാൽ തന്നെ ടീമിലെ യുവതാരങ്ങളെ പ്രചോദനം നൽകി തിരികെ കൊണ്ടുവരേണ്ടത് പാണ്ഡ്യയുടെ ഉത്തരവാദിത്തമാണ് എന്ന് സേവാഗ് കൂട്ടിച്ചേർത്തു.
“മുംബൈ ഇന്ത്യൻസ് സീസണിലെ ആദ്യ 3-4 മത്സരങ്ങളിൽ പരാജയം അറിഞ്ഞിരുന്ന ടീമാണ്. അതിന് ശേഷം എങ്ങനെ തിരിച്ചു വരണം എന്നതിനെപ്പറ്റി മുംബൈയ്ക്ക് പൂർണമായ ബോധ്യമുണ്ടായിരുന്നു. പക്ഷേ അത് രോഹിത് ശർമ നായകനായുള്ള മുംബൈ ആയിരുന്നു.”
“ഇപ്പോഴുള്ളത് ഹർദിക് പാണ്ഡ്യയുടെ മുംബൈയാണ്. അതുകൊണ്ടുതന്നെ ഹർദിക്കിന് മേൽ ഒരുപാട് സമ്മർദ്ദമുണ്ട്. ഏതുതരത്തിൽ തന്റെ ടീമിന് പ്രചോദനം നൽകി ഈ സാഹചര്യത്തിൽ നിന്ന് തിരിച്ചുവരവ് നടത്തണം എന്നതിനെപ്പറ്റി ഹർദിക് ചിന്തിക്കണം.”- സേവാഗ് പറഞ്ഞു.
മുംബൈ ഇന്ത്യൻസിന്റെ രാജസ്ഥാനെതിരായ മത്സരത്തിലും വലിയ ബാറ്റിംഗ് ദുരന്തം തന്നെയാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് മുൻനിര ബാറ്റർമാരെ വളരെ വേഗം തന്നെ നഷ്ടപ്പെടുകയുണ്ടായി. രോഹിത് ശർമ, നമൻ ദിർ, ബ്രവിസ് എന്നിവർ പൂജ്യരായാണ് മത്സരത്തിൽ മടങ്ങിയത്. ശേഷം തിലക് വർമയും ഹർദിക് പാണ്ഡ്യയും ചേർന്നാണ് മുംബൈയെ വലിയ ദുരന്തത്തിൽ നിന്ന് കൈപിടിച്ചു കയറ്റിയത്. എന്നിരുന്നാലും മത്സരത്തിൽ വമ്പൻ പരാജയം തന്നെ മുംബൈയ്ക്ക് നേരിടേണ്ടി വന്നു.