ഹർദിക്കിനൊന്നും പറ്റൂല, രോഹിതിന് ശേഷം ആ 24കാരൻ ഇന്ത്യൻ നായകനാവണം. റെയ്‌ന തുറന്ന് പറയുന്നു.

നിലവിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ തന്റെ കരിയറിന്റെ അവസാന ഭാഗങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കേവലം 2-3 വർഷങ്ങളിലധികം ഇന്ത്യൻ ടീമിന്റെ ഭാഗമായി തുടരാൻ രോഹിത് ശർമയ്ക്ക് സാധിക്കില്ല. അതിനാൽ ഉടനെ തന്നെ ഇന്ത്യയ്ക്ക് മറ്റൊരു നായകനെ കണ്ടെത്തി വലിയ ടൂർണമെന്റുകൾക്കായി തയ്യാറെടുപ്പിക്കേണ്ടതുണ്ട്.

ഈ സാഹചര്യത്തിൽ രോഹിത് ശർമയ്ക്ക് പകരക്കാരനെ നിശ്ചയിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഹർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, കെഎൽ രാഹുൽ, ബൂമ്ര എന്നിങ്ങനെ വമ്പൻ താരനിര നായകനാവാൻ മുൻപിലുണ്ടെങ്കിലും, ഇവരെയെല്ലാം അവഗണിച്ചാണ് റെയ്ന തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ നായകനാവാൻ ഈ താരങ്ങളെക്കാൾ അർഹൻ 24 കാരനായ ശുഭമാൻ ഗില്ലാണ് എന്ന് റെയ്ന കരുതുന്നു. രോഹിത്തിന് ശേഷം ഗില്ലിനെ ഇന്ത്യയ്ക്ക് വിശ്വസിച്ച് നായകസ്ഥാനം ഏൽപ്പിക്കാൻ സാധിക്കും എന്നാണ് റെയ്ന കരുതുന്നത്. ഗില്ലിന്റെ കരിയറിലുണ്ടായ വമ്പൻ ഉയർച്ച തന്നെയാണ് റെയ്ന എടുത്തുകാട്ടുന്നത്.

gill vs bangladesh

2018 അണ്ടർ 19 ലോകകപ്പ് ടീമിൽ മികച്ച പ്രകടനം നടത്തിയായിരുന്നു ഗിൽ ലൈംലൈറ്റിലേക്ക് എത്തിയത്. ശേഷം 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായി മാറാനും ഗില്ലിന് സാധിച്ചു. നായകൻ ഹർദിക് പാണ്ഡ്യ ഗുജറാത്ത് ടീം വിട്ട് മുംബൈയിലേക്ക് ചേക്കേറിയ ശേഷമായിരുന്നു ടീമിനെ നയിക്കാനുള്ള അവസരം ഗില്ലിന് ലഭിച്ചത്.

ഇതുവരെ ഈ സീസണിൽ 8 മത്സരങ്ങളാണ് ഗുജറാത്ത് കളിച്ചിട്ടുള്ളത്. ഇതിൽനിന്ന് 4 വിജയങ്ങൾ സ്വന്തമാക്കാനും ഗുജറാത്തിന് സാധിച്ചിട്ടുണ്ട്. ശേഷമാണ് റെയ്ന വമ്പൻ പ്രസ്താവനയുമായി രംഗത്തെത്തിയത്. “എന്റെ അഭിപ്രായത്തിൽ ഗിൽ തന്നെയാണ് ഇന്ത്യയുടെ അടുത്ത നായകൻ. രോഹിത് ശർമയ്ക്ക് ശേഷം ഇന്ത്യൻ നായകനാവാൻ ഏറ്റവും അനുയോജ്യൻ ഗില്ലാണ്.”- റെയ്ന പറഞ്ഞു. ഇതുവരെ ഇന്ത്യൻ ടീമിനെ ഒരു ഫോർമാറ്റിലും നയിക്കാനുള്ള അവസരം ഗില്ലിന് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വരുന്ന മത്സരങ്ങളിൽ ഇന്ത്യൻ ടീം ഇത്തരമൊരു പരീക്ഷണത്തിന് മുതിരുമെന്ന പ്രതീക്ഷയിലാണ് മുൻ ക്രിക്കറ്റ് താരങ്ങൾ.

നിലവിൽ ഇന്ത്യയുടെ നിശ്ചിത ഓവർ ക്രിക്കറ്റിലെ ഉപനായകൻ ഹർദിക് പാണ്ട്യയാണ്. ഇന്ത്യൻ ടീമിനെ 16 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിലും 3 ഏകദിനങ്ങളിലും നയിക്കാൻ പാണ്ട്യയ്ക്ക് സാധിച്ചിട്ടുണ്ട്. ബുമ്രയാണ് ടെസ്റ്റ് മത്സരങ്ങളിൽ ഉപനായകനായി തുടരുന്നത്.

ഇംഗ്ലണ്ടിനെതിരായ 2022ൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ നയിക്കാനും ബൂമ്രയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയ്ക്ക് ഇനി ആവശ്യം യുവതാരങ്ങളുടെ വമ്പൻ പ്രകടനങ്ങൾ തന്നെയാണ്. ഈ സാഹചര്യത്തിൽ ഗില്ലിന് നായകൻ എന്ന നിലയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ സാധ്യതകൾ ഏറെയാണ്.

Previous article“എനിക്ക് ഇഷാനുമായി മത്സരമില്ല, ഞാൻ എന്നോട് തന്നെയാണ് മത്സരിക്കുന്നത് “- ലോകകപ്പ് റേസിനെപ്പറ്റി സഞ്ജു.
Next article“രോഹിതിനെ നായകനായി തന്നെ മുംബൈ നിലനിർത്തണമായിരുന്നു.”- പിന്തുണ പ്രഖ്യാപിച്ച് സുരേഷ് റെയ്‌ന..