ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലേലം വളരെയധികം സർപ്രൈസുകൾ നിറഞ്ഞതായിരുന്നു. ഇതിൽ ചരിത്രപരമായ ഒരു ട്രേഡും നടക്കുകയുണ്ടായി. ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായ ഹർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയതാണ് ചരിത്രത്തിൽ ഇടം നേടിയ ഇത്തവണത്തെ ട്രേഡ്.
നായകനായ ആദ്യ സീസണിൽ തന്നെ ഗുജറാത്തിനെ കിരീടം ചൂടിച്ച താരമാണ് പാണ്ഡ്യ. എന്നാൽ എന്തുകൊണ്ടാണ് പാണ്ഡ്യയെ ഗുജറാത്ത് വിട്ടു നൽകിയത് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. എന്നാൽ ഹർദിക്കിനോട് ഒരിക്കലും ഗുജറാത്ത് ടീം വിട്ടുപോകരുത് എന്ന് താൻ പറഞ്ഞിട്ടില്ല എന്ന് സമ്മതിക്കുകയാണ് ടീമിന്റെ പരിശീലകനായ ആശിഷ് നെഹ്റ.
“ഗുജറാത്ത് ടീമിൽ തന്നെ നിൽക്കണമെന്ന് ഒരുതവണ പോലും ഞാൻ ഹർദിക് നെഹ്റയെ നിർബന്ധിച്ചിട്ടില്ല. ടീമിൽ എത്രനാൾ കളിക്കാൻ സാധിക്കുമോ അത്രയും നാൾ അവന് അനുഭവസമ്പത്ത് ഉണ്ടാകും എന്നതു മാത്രമാണ് സത്യാവസ്ഥ. എന്നാൽ ഇപ്പോൾ ഞാൻ അവനെ തടഞ്ഞാലും അവൻ ഭാവിയിൽ മറ്റൊരു ടീമിലേക്ക് പോകും. ഗുജറാത്തിൽ പാണ്ഡ്യ രണ്ടുവർഷം കളിക്കുകയുണ്ടായി.”
“പക്ഷേ അഞ്ച്- ആറ് വർഷം കളിച്ച തന്റെ പഴയ ടീമിലേക്കാണ് ഇപ്പോൾ പാണ്ട്യ തിരികെ പോയിരിക്കുന്നത്. ക്രിക്കറ്റ് ഇങ്ങനെയാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. മുൻപ് ഫുട്ബോളുകളിൽ കണ്ടിരുന്ന കൈമാറ്റങ്ങളാണ് ഇപ്പോൾ ക്രിക്കറ്റിലും നമുക്ക് കാണാൻ സാധിക്കുന്നത്. മുംബൈ ഇന്ത്യൻസിൽ ഹർദിക്കിന് വലിയ ഉത്തരവാദിത്വം തന്നെയാണ് മുൻപിലുള്ളത്. എല്ലാവിധ ആശംസകളും.”- നെഹ്റ പറഞ്ഞു.
ഒപ്പം വരുന്ന ഐപിഎൽ സീസണുകളിൽ ഗില്ലിന്റെ പ്രാധാന്യത്തെ പറ്റിയും നെഹ്റ കൂട്ടിച്ചേർക്കുകയുണ്ടായി. “ലോകത്തുള്ള ക്രിക്കറ്റ് ആരാധകർ ഉറ്റു നോക്കുന്ന താരമാണ് ഗിൽ. മൂന്നു ഫോർമാറ്റുകളിലും മികവ് പുലർത്താൻ ഗില്ലിന് സാധിച്ചിട്ടുണ്ട്. ഒരു നായകൻ എന്ന നിലയിൽ മികവ് പുലർത്താൻ ഗില്ലിന് പരിശീലകരും മാനേജ്മെന്റും എല്ലാവിധ പിന്തുണയും നൽകുന്നു. നായകനായി തന്നെ അവൻ വളരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഗുജറാത്തിൽ എത്തുന്നതിന് മുൻപുള്ള സമയത്ത് ഹർദിക് നായക സ്ഥാനം ഏറ്റെടുത്തിരുന്നില്ല. ശ്രേയസ്, റാണ തുടങ്ങിയവരൊക്കെയും ഇത്തരത്തിൽ വളർന്ന നായകന്മാരാണ്. യുവ താരങ്ങളെ സംബന്ധിച്ച് ഇതുപോലെയുള്ള അവസരങ്ങളാണ് വേണ്ടത്. അത് നന്നായി മുതലാക്കാനും സാധിക്കണം.”- നെഹ്റ കൂട്ടിച്ചേർക്കുന്നു.
ഒപ്പം ഹർദിക് പാണ്ഡ്യയുടെയും ഷാമിയുടെയും നഷ്ടം വലിയ രീതിയിൽ ഗുജറാത്തിനെ ബാധിക്കും എന്നും നെഹ്റ പറഞ്ഞു. “ഹർദിക് പാണ്ട്യയ്ക്കും ഷാമിക്കും പകരക്കാരെ കണ്ടെത്തുക എന്നത് അത്ര അനായാസ കാര്യമല്ല. പക്ഷേ ഇത്തരം പ്രതിസന്ധികളെയും ഒരു ടീം മറികടക്കേണ്ടതുണ്ട്”- നെഹ്റ പറഞ്ഞു വയ്ക്കുന്നു. ഇത്തവണയും വമ്പൻ ടീമുമായാണ് ഗുജറാത്ത് കളത്തിൽ എത്തുന്നത്. പക്ഷേ ബാറ്റിംഗ് ദൗർബല്യം ഗുജറാത്തിനെ ബാധിക്കുമൊ എന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നു.