“ഹെയർസ്റ്റൈൽ നന്നാക്കിയാൽ പോര, നന്നായി ബാറ്റും ചെയ്യണം”, ഇന്ത്യൻ യുവതാരത്തെ പറ്റി ഗിൽക്രിസ്റ്റ്.

2024 ബോർഡർ- ഗവാസ്കർ ട്രോഫിയിലെ മോശം ബാറ്റിംഗ് പ്രകടനത്തിന് ശേഷം ഇന്ത്യയുടെ യുവതാരം ശുഭമാൻ ഗില്ലിനെ വിമർശിച്ച് മുൻ ഓസ്ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റ്. പരമ്പരയിൽ ബാറ്റിംഗിൽ പൂർണ്ണമായും ഗിൽ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ ഗിൽ ശ്രമിക്കേണ്ടത് വലിയ ഇന്നിംഗ്സുകൾ കെട്ടിപ്പടുക്കാനാണ് എന്ന് ഗിൽക്രിസ്റ്റ് പറയുന്നു. ഗിൽ തന്റെ ഹെയർ സ്റ്റൈൽ മാറ്റി വലിയ ശ്രദ്ധ പിടിച്ചുപറ്റിയതുകൊണ്ട് യാതൊരു കാര്യവുമില്ല എന്നും ഗിൽക്രിസ്റ്റ് കൂട്ടിച്ചേർത്തു. തന്റെ രാജ്യത്തിനായി ഒരു സെഞ്ച്വറി നേടിയ ശേഷം ഹെൽമറ്റ് ഊരി ഹെയർസ്റ്റൈൽ പുറത്തു കാണിക്കുമ്പോൾ മാത്രമേ അതിനു ഭംഗിയുണ്ടാവു എന്നാണ് ഗിൽക്രിസ്റ്റ് പറഞ്ഞത്.

ബോർഡർ- ഗവാസ്കർ ട്രോഫിയിലെ 5 ഇന്നിങ്സുകളിൽ നിന്ന് കേവലം 93 റൺസ് മാത്രമാണ് ഗില്ലിന് നേടാൻ സാധിച്ചത്. 18.6 എന്ന മോശം ശരാശരിയിലായിരുന്നു ഗില്ലിന്റെ ഇത്തവണത്തെ പ്രകടനം. “ഗില്ലിന്റെ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലെ പ്രകടനത്തിന് ഞാൻ നൽകുന്നത് പത്തിൽ 3 മാർക്ക് മാത്രമാണ്. ഗിൽ തന്റെ ഹെയർ സ്റ്റൈലിൽ ശ്രദ്ധിക്കുന്നതിനോടൊപ്പം റൺസ് കണ്ടെത്താനും ശ്രമിക്കേണ്ടതുണ്ട്.”- ഗിൽക്രിസ്റ്റ് പറയുകയുണ്ടായി. തന്റെ ബാറ്റിംഗിൽ ഇനിയും പുരോഗതികൾ ഉണ്ടാക്കാൻ ഗിൽ ശ്രമിക്കണം എന്നാണ് താരത്തിന്റെ മറ്റൊരു ഉപദേശം.

392921

ഗില്ലിന്റെ സമീപകാലത്തെ സ്ഥിരതയില്ലാത്ത പ്രകടനങ്ങൾക്കെതിരെ മുൻ ഇംഗ്ലണ്ട് നായകനായ മൈക്കിൾ വോണും പ്രതികരിക്കുകയുണ്ടായി. വളരെ പ്രതിഭയുള്ള താരമാണ് ഗില്ലെന്നും വലിയ സ്കോർ സ്വന്തമാക്കാൻ അവന് സാധിക്കുമെന്നും മൈക്കിൾ വോൺ പറഞ്ഞു. “ഞാനവന് കൊടുക്കുന്നത് പത്തിൽ 4 മാർക്കാണ്. അവൻ എന്നെ ഒരുപാട് നിരാശയിലാക്കി. കാരണം അവൻ വലിയ സ്കോറുകൾ കണ്ടെത്താൻ സാധിക്കുന്ന ഒരു താരമാണ്. വളരെ മനോഹരമായ ഇന്നീങ്‌സുകൾ കെട്ടിപ്പടുക്കാനും മികച്ച ഷോട്ടുകൾ കളിക്കാനും അവന് കഴിയും.”- മൈക്കിൾ വോൺ പറയുന്നു.

2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരെ 110 റൺസ് സ്വന്തമാക്കാൻ ഗില്ലിന് സാധിച്ചിരുന്നു. പക്ഷേ ഇതിന് ശേഷം സ്വന്തം നാടിന് വെളിയിൽ ഒരു അർത്ഥസെഞ്ച്വറി സ്വന്തമാക്കാൻ പോലും ഗിൽ വിഷമിക്കുന്നതാണ് കാണാൻ സാധിച്ചത്. കഴിഞ്ഞ 16 ഇന്നിങ്സുകളിൽ വിദേശ പിച്ചിൽ ഒരു അർത്ഥസെഞ്ച്വറി നേടാൻ ഗില്ലിന് സാധിച്ചിരുന്നില്ല. പലപ്പോഴും മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലെടുക്കുന്നതിൽ ഇന്ത്യയുടെ യുവതാരം പരാജയപ്പെടുന്നതാണ് കാണുന്നത്. സമീപകാലത്ത് ഗില്ലിന്റെ ബാറ്റിംഗ് ടെക്നിക്കിനെതിരെ വലിയ ചോദ്യങ്ങളും ഉയരുകയുണ്ടായി.

Previous articleഇന്ത്യയ്ക്ക് 2024 ട്വന്റി20 ലോകകപ്പ് നേടിത്തന്ന ആ താരമെവിടെ? ഗംഭീറിനെതിരെ മുൻ ഇന്ത്യൻ താരം.