ഇംഗ്ലണ്ട് സ്റ്റാർ ബാറ്റർ ഹാരി ബ്രുക്കിന് 2 വർഷത്തേക്ക് ഐപിഎല്ലിൽ നിന്ന് വിലക്ക്. 2025 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് തൊട്ടു മുന്നോടിയായി ഒഴിവായതിന് പിന്നാലെയാണ് ബ്രുക്കിന് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തവണത്തെ മെഗാ ലേലത്തിൽ 6.25 കോടി രൂപയ്ക്കായിരുന്നു ഡൽഹി ക്യാപിറ്റൽസ് ബ്രുക്കിനെ തങ്ങളുടെ ടീമിൽ എത്തിച്ചത്.
എന്നാൽ ഇതിന് പിന്നാലെ, ഇംഗ്ലണ്ട് ടീമിന്റെ വരാനിരിക്കുന്ന മത്സരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി താരം ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത തീരുമാനവുമായി ഐപിഎൽ കമ്മിറ്റി രംഗത്ത് എത്തിയത്.
2025 ഐപിഎല്ലിൽ മാത്രമല്ല 2026 ഐപിഎല്ലില്ലും ബ്രുക്കിന് ഇനി കളിക്കാൻ സാധിക്കില്ല. ബിസിസിഐയുമായി ബന്ധപ്പെട്ട ഒരു വൃത്തമാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. “ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രുക്ക് ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് ഒഴിവാകുകയാണ് ഉണ്ടായത്. അതുകൊണ്ടു തന്നെ ഐപിഎല്ലിന്റെ അടുത്ത സീസണിലും അവന് കളിക്കാൻ അവസരം ലഭിക്കുകയില്ല. ഒരുപക്ഷേ അടുത്ത സീസണിൽ കളിക്കാൻ അവൻ തയ്യാറായാൽ പോലും ഐപിഎൽ നിയമപ്രകാരം അവന് കളിക്കാൻ സാധിക്കില്ല.”- ഒരു ബിസിസിഐ വൃത്തം പറയുന്നു.
ഇത്തരത്തിൽ ടീമിലെത്തിയ ശേഷം മാറിനിൽക്കുന്ന താരങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന നിയമം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഈ നിയമപ്രകാരം വിലക്ക് ലഭിക്കുന്ന ആദ്യ താരം കൂടിയാണ് ഹാരി ബ്രുക്ക്. “താര ലേലത്തിൽ രജിസ്റ്റർ ചെയ്ത ഒരു ക്രിക്കറ്ററെ, ഏതെങ്കിലും ഒരു ടീം ലേലത്തിലൂടെ സ്വന്തമാക്കുകയും, അതിന് ശേഷം അവൻ ആ സീസണിൽ കളിക്കാൻ തയ്യാറാകാതെ ഇരിക്കുകയും ചെയ്താൽ ടൂർണമെന്റിൽ നിന്ന് വിലക്ക് ലഭിക്കും. 2 സീസണുകളിലേക്കാണ് ഇത്തരത്തിലുള്ള വിലക്ക് ഏർപ്പെടുത്തുക.”- ഐപിഎൽ നിയമത്തിൽ പറയുന്നു.
നിലവിൽ വളരെ മോശം ഫോമിൽ കളിക്കുന്ന ഒരു താരം കൂടിയാണ് ബ്രുക്ക്. കഴിഞ്ഞ 5 ട്വന്റി20 മത്സരങ്ങളിൽ നിന്ന് കേവലം 91 റൺസ് മാത്രമാണ് ബ്രുക്കിന് നേടാൻ സാധിച്ചത്. ഏകദിന ക്രിക്കറ്റിൽ 6 മത്സരങ്ങളിൽ നിന്ന് കേവലം 97 റൺസ് മാത്രമായിരുന്നു ബ്രുക്ക് നേടിയത്. ഇതിന് ശേഷമാണ് ഇപ്പോൾ ഫോമിലേക്ക് തിരിച്ചെത്താനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനൊപ്പം കൂടുതൽ പരിശീലനത്തിനായി ബ്രുക്ക് ഐപിഎല്ലിൽ നിന്ന് മാറി നിൽക്കുന്നത്.