“സ്വപ്നം പോലെ തോന്നുന്നു”, സംഗക്കാര തന്റെ ബാറ്റ് ഉപയോഗിച്ചതിൽ സഞ്ജുവിന്റെ ആവേശം.

download 1 1

അന്താരാഷ്ട്ര കരിയറിൽ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് മുൻ ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാര. കരിയറിന് ശേഷവും ഒരു പരിശീലകനായി മികവ് പുലർത്താൻ സംഗക്കാരയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായി സംഗക്കാര ആരാധകഹൃദയം കീഴടക്കിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസൺ നായകനായ രാജസ്ഥാന്റെ ഒരു പ്രധാന ഘടകം തന്നെയാണ് സംഗക്കാര.

ഇപ്പോൾ വില്ലേജ് ക്രിക്കറ്റിൽ സഞ്ജു സാംസന്റെ ബാറ്റ് ഉപയോഗിച്ച് ബാറ്റിംഗ് ചെയ്താണ് സംഗക്കാര ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. തന്റെ നാട്ടിൽ ക്രിക്കറ്റ് കളിക്കുന്ന സംഗക്കാരയുടെ ദൃശ്യങ്ങളാണ് ഇതിനോടകം വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുള്ളത്. തന്റെ ബാറ്റ് ഉപയോഗിച്ച് ഇത്തരത്തിൽ സംഗക്കാര കളിച്ചതിലുള്ള ആവേശം പ്രകടിപ്പിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ ഇപ്പോൾ.

രാജസ്ഥാൻ റോയൽസ് ടീം പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ആയിരുന്നു സംഗക്കാര സഞ്ജുവിനെ പറ്റി സംസാരിച്ചത് വിരമിച്ചതിന് ശേഷം തനിക്ക് സ്വന്തമായി ബാറ്റ് ഉണ്ടായിരുന്നില്ല എന്നും സഞ്ജു സാംസൺ തനിക്ക് 2 ബാറ്റുകൾ നൽകിയെന്നും സംഗക്കാര പറയുന്നു. ഒപ്പം ചാഹലിനും വീഡിയോയിലൂടെ സംഗക്കാര നന്ദി പറയുന്നുണ്ട്. “എന്റെ ഗ്രാമത്തിലെ ക്രിക്കറ്റിൽ ഞാൻ സഞ്ജുവിന്റെ 2 ബാറ്റുകളാണ് ഉപയോഗിച്ചിരുന്നത്. എനിക്ക് എന്റെ വീട്ടിലും മറ്റും ബാറ്റ് ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ സഞ്ജു എനിക്ക് 2 ബാറ്റുകൾ നൽകുകയുണ്ടായി. അങ്ങനെയാണ് ഞാൻ തുടങ്ങിയത്. മാത്രമല്ല കുറച്ച് എസ്ജി കിറ്റുകൾ എനിക്ക് നൽകാമെന്ന് ചാഹലും എനിക്ക് ഉറപ്പു നൽകിയിരുന്നു. ഞാൻ അതിനായി കാത്തിരിക്കുകയാണ്”- സംഗക്കാര വീഡിയോയിൽ പറഞ്ഞു.

Read Also -  അബ്ദുൽ ബാസിതിന്റെ വെടിക്കെട്ട്. 22 പന്തിൽ 50 റൺസ് നേടി ഹീറോയിസം. കാലിക്കറ്റിനെ തകർത്ത് ട്രിവാൻഡ്രം.

സംഗക്കാരയുടെ ഈ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ചേർക്കാൻ സഞ്ജു സാംസൺ മറന്നില്ല. ഒപ്പം തന്റെ ആവേശം സ്റ്റോറിയിൽ സഞ്ജു പ്രകടിപ്പിക്കുകയും ചെയ്തു. “കുമാർ സംഗക്കാര എന്റെ ബാറ്റ് ഉപയോഗിക്കുന്നു. എനിക്ക് ഇതൊരു സ്വപ്നമാണ്”- സഞ്ജു സാംസൺ കുറിച്ചു. രാജസ്ഥാൻ ടീമിൽ വലിയ രീതിയിലുള്ള ബന്ധമാണ് സഞ്ജു സാംസണും കുമാർ സംഗക്കാരയും ഇതുവരെ പുലർത്തിയിട്ടുള്ളത്. 2024 ഐപിഎൽ സീസണിൽ രാജസ്ഥാനെ ഫൈനലിൽ എത്തിക്കാൻ ഇരുതാരങ്ങൾക്കും സാധിച്ചിരുന്നു. 2023 സീസണിൽ ക്വാളിഫയർ 2 വരെ ടീമിനെ എത്തിക്കാൻ ഇരുവർക്കും സാധിച്ചു. എന്നാൽ മറ്റൊരു കിരീടനേട്ടം സ്വന്തമാക്കാൻ സാധിക്കാത്തത് മാത്രമാണ് ഇരുവരെയും അലട്ടുന്നത്.

നിലവിൽ 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ സ്ക്വാഡിന്റെ ഭാഗമായിരുന്നു മലയാളി താരം സഞ്ജു സാംസൺ. ടൂർണമെന്റിൽ ടീമിനായി മൈതാനത്തിറങ്ങാൻ സാധിച്ചില്ലെങ്കിലും വലിയ രീതിയിലുള്ള പ്രശംസകൾ സഞ്ജുവിനെയും തേടിയെത്തിയിരുന്നു. പിന്നീട് സിംബാബ്വേയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ തനിക്ക് ലഭിച്ച അവസരം അങ്ങേയറ്റം മികച്ച രീതിയിൽ ഉപയോഗിക്കാനും സഞ്ജുവിന് സാധിച്ചിരുന്നു. അവസാന മത്സരത്തിൽ ഒരു കിടിലൻ അർഥസെഞ്ച്വറി നേടിയാണ് സഞ്ജു സാംസൺ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇന്ത്യയുടെ ശ്രീലങ്കയ്ക്ക് എതിരായ പരമ്പരകളിലും സഞ്ജു സാംസൺ ഇന്ത്യൻ ടീമിന്റെ നിറസാന്നിധ്യമാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top