2024 ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഒമാനെതിരായ മത്സരത്തിൽ 39 റൺസിന്റെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കായി ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്തത് മർക്കസ് സ്റ്റോയിനിസ് ആയിരുന്നു.
മത്സരത്തിന്റെ ആദ്യ സമയത്ത് പതറിയ ഓസ്ട്രേലിയയെ കൈപിടിച്ചു കയറ്റാൻ സ്റ്റോയിനിസിന് സാധിച്ചു. ശേഷം ബോളിങ്ങിലും ഓസ്ട്രേലിയ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ അനായാസ വിജയം സ്വന്തമാക്കാൻ സാധിച്ചു. ഇതോടെ മികച്ച തുടക്കം തന്നെയാണ് ഓസ്ട്രേലിയക്ക് 2024 ലോകകപ്പ് ക്യാമ്പയിന് ലഭിച്ചിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ ഒമാൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അത്ര മികച്ച തുടക്കമായിരുന്നില്ല ഓസ്ട്രേലിയയ്ക്ക് മത്സരത്തിൽ ലഭിച്ചത്. ഓപ്പണർ വാർണർ ക്രീസിലുറച്ചെങ്കിലും മറുവശത്ത് ഓസ്ട്രേലിയയ്ക്ക് വിക്കറ്റ് നഷ്ടമായി കൊണ്ടിരുന്നു. ഹെഡ്(12), നായകൻ മാർഷ്(14) എന്നിവർ തുടക്കം തന്നെ പുറത്തായി.
മാക്സ്വെൽ പൂജ്യനായി മടങ്ങിയതോടെ ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ 50 എന്ന സ്കോറിൽ എത്തുകയായിരുന്നു. ശേഷമാണ് സ്റ്റോയിനിസ് ക്രീസിൽ എത്തിയത്. വാർണർ മത്സരത്തിൽ 56 റൺസ് സ്വന്തമാക്കിയെങ്കിലും, 51 പന്തുകൾ ആയിരുന്നു നേരിട്ടത്. എന്നാൽ മറുവശത്ത് സ്റ്റോയിനിസ് വെടിക്കെട്ട് തീർത്തു.
മത്സരത്തിൽ 36 പന്തുകളിൽ 67 റൺസാണ് സ്റ്റോയിനിസ് നേടിയത്. 2 ബൗണ്ടറികളും 6 സിക്സറുകളും സ്റ്റോയിനിസിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഇങ്ങനെ ശക്തമായ ഒരു സ്കോറിലേക്ക് ഓസ്ട്രേലിയയെ എത്തിക്കാൻ സ്റ്റോയിനിസിന് സാധിച്ചു. നിശ്ചിത 20 ഓവറുകളിൽ 164 റൺസാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഒമാന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. വിക്കറ്റ് കീപ്പർ അതവാലെ പൂജ്യനായി മടങ്ങിയതോടെ ഒമാൻ തകരുകയായിരുന്നു. പിന്നീടെത്തിയ ബാറ്റർമാർ ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ രീതിയിൽ സ്കോറിങ് ഉയർത്താൻ സാധിച്ചില്ല.
18 പന്തുകളിൽ 18 റൺസ് സ്വന്തമാക്കിയ നായകൻ ഇല്യാസാണ് ഒമാനായി മുൻനിരയിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചത്. ശേഷം മധ്യനിരയിൽ അയാൻ ഖാൻ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 30 പന്തുകൾ നേരിട്ട് അയാൻ 36 റൺസാണ് മത്സരത്തിൽ നേടിയത്. പക്ഷേ മധ്യ ഓവറുകളിൽ കൃത്യമായി വിക്കറ്റുകൾ സ്വന്തമാക്കി ഓസ്ട്രേലിയ കരുത്ത് കാട്ടുകയുണ്ടായി.
അവസാന ഓവറുകളിൽ മെഹ്റാൻ ഖാനാണ് ഒമാനായി അല്പമെങ്കിലും പോരാട്ടം നയിച്ചത്. 16 പന്തുകൾ നേരിട്ട് മെഹറാൻ 27 റൺസ് മത്സരത്തിൽ നേടുകയുണ്ടായി. ഇതോടെ ഒമാൻ വലിയ പരാജയത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു