ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രം തന്നെ മാറ്റി കൊണ്ടായിരുന്നു 2024 ഐപിഎൽ ലേലത്തിൽ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് വമ്പൻ തുക സ്വന്തമാക്കിയത്. ലേലത്തിൽ 24.75 കോടി രൂപയ്ക്കാണ് കൊൽക്കത്ത ടീം സ്റ്റാർക്കിനെ തങ്ങളുടെ ടീമിൽ എത്തിച്ചത്.
എന്നാൽ കൊൽക്കത്തയുടെ ഈ നീക്കത്തിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. സ്റ്റാർക്കിനായി കൊൽക്കത്ത ഇത്രയും വലിയൊരു തുക മുടക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നാണ് സുനിൽ ഗവാസ്കറിന്റെ പക്ഷം.
ഇത്രയും വിലമതിക്കുന്ന ഒരു താരവും നിലവിലില്ല എന്നും ഗവാസ്കർ പറയുന്നു. ഗുജറാത്ത് ടീമുമായി വലിയ ലേലയുദ്ധത്തിൽ ഏർപ്പെട്ട ശേഷമാണ് കൊൽക്കത്ത ഇത്ര വമ്പൻ സ്റ്റാർക്കിനെ ടീമിലെത്തിച്ചത്. എന്നാൽ ഈ തീരുമാനം കൊൽക്കത്തയെ ബാധിക്കും എന്ന് ഗവാസ്കർ കരുതുന്നു.
ഇത്രയും വലിയ തുക സ്വന്തമാക്കിയതിനാൽ തന്നെ കൊൽക്കത്തയെ കുറഞ്ഞത് 4 മത്സരങ്ങളിലെങ്കിലും സ്വന്തം പ്രകടനം കൊണ്ട് വിജയിപ്പിക്കേണ്ട ആവശ്യം സ്റ്റാർക്കിനുണ്ട് എന്ന് ഗവാസ്കർ കരുതുന്നു. “സത്യസന്ധമായി പറഞ്ഞാൽ ഒരു വലിയ തുക തന്നെയാണ് സ്റ്റാർക്കിന് കൊൽക്കത്ത നൽകിയത്. ഇത്രയും തുക അർഹിക്കുന്ന ഒരു ക്രിക്കറ്ററുണ്ടെന്ന് ഞാൻ ഇപ്പോഴും കരുതുന്നില്ല.”
“കൊൽക്കത്തക്കായി 14 മത്സരങ്ങളിൽ 4 മത്സരങ്ങളെങ്കിലും സ്റ്റാർക്ക് സ്വയമേ വിജയിപ്പിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ മാത്രമേ ഈ തുക മുതലായി എന്ന് പറയാൻ സാധിക്കൂ. അതേപോലെ മറ്റു മത്സരങ്ങളിലും വലിയ സംഭാവനകൾ തന്നെ സ്റ്റാർക്ക് നൽകേണ്ടിവരും.”- ഗവാസ്കർ പറഞ്ഞു.
“14 ലീഗ് മത്സരങ്ങളിൽ നാലെണ്ണത്തിൽ എങ്കിലും മത്സരം വിജയിപ്പിക്കുന്ന തരത്തിലുള്ള സ്പെല്ലുകൾ സ്റ്റാർക്കിന് എറിഞ്ഞേ പറ്റൂ. മാത്രമല്ല മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ് ബാംഗ്ലൂർ, റോയൽ ചലഞ്ചേഴ്സ് എന്നീ ടീമുകൾക്കെതിരെയും സ്റ്റാർക്കിന്റെ പ്രകടനം വളരെ നിർണായകമാണ്.”
“കാരണം ഈ മൂന്ന് ടീമുകൾക്കാണ് ഏറ്റവും മികച്ച ബാറ്റിംഗ് ലൈനപ്പുകൾ ഉള്ളത്. ഈ മത്സരങ്ങളിൽ മികവ് പുലർത്തിയാൽ സ്റ്റാർക്കിന് മെച്ചമുണ്ടാക്കാം.”- ഗവാസ്ക്കർ കൂട്ടിച്ചേർക്കുന്നു. 2023 ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയൻ ടീമിനായി തകർപ്പൻ ബോളിങ് പ്രകടനമായിരുന്നു സ്റ്റാർക്ക് കാഴ്ചവെച്ചത്. 10 മത്സരങ്ങളിൽ 16 വിക്കറ്റുകൾ ഓസ്ട്രേലിയക്കായി സ്വന്തമാക്കാൻ ഈ താരത്തിന് സാധിച്ചിരുന്നു.
ഇതാദ്യമായല്ല സ്റ്റാർക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ അണിനിരക്കുന്നത്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനായി 2014 ഐപിഎല്ലിലും 2015 ഐപിഎല്ലില്ലും മികച്ച പ്രകടനം നടത്താൻ സ്റ്റാർക്കിന് സാധിച്ചിരുന്നു. ശേഷമാണ് സ്റ്റാർക്ക് ഒരു വമ്പൻ തിരിച്ചുവരവ് ഇത്തവണ നടത്തിയിരിക്കുന്നത്.
2024ൽ ട്വന്റി20 ലോകകപ്പ് കൂടി നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സ്റ്റാർക്ക് വീണ്ടും ചർച്ചാവിഷയം ആയിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനേഴാം എഡിഷൻ മാർച്ച് 22ന് ആരംഭിക്കും എന്നാണ് കരുതുന്നത്.