ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസവും ശക്തമായ പോരാട്ട വീര്യവുമായി ഇന്ത്യൻ പെൺപട. മത്സരത്തിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് സ്കോറിന്മേൽ കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ രണ്ടാം ദിവസം ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ തങ്ങളുടെ ആദ്യ ഇന്നിങ്സിൽ 219 റൺസായിരുന്നു നേടിയത്.
എന്നാൽ രണ്ടാം ദിവസം മത്സരം അവസാനിപ്പിക്കുമ്പോൾ ഇന്ത്യൻ വനിതകൾ ഈ സ്കോർ മറികടന്ന് 376 റൺസിൽ എത്തിയിട്ടുണ്ട്. നിലവിൽ ഓസ്ട്രേലിയയേക്കാൾ 157 റൺസിന്റെ ലീഡ് ഇന്ത്യക്ക് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. 3 വിക്കറ്റുകൾ അവശേഷിക്കുന്ന സാഹചര്യത്തിൽ 450ന് മുകളിൽ ഒരു സ്കോർ കണ്ടെത്തി മൂന്നാം ദിവസം പൂർണമായും ഓസ്ട്രേലിയയെ വീഴ്ത്താനാണ് ഇന്ത്യയുടെ ശ്രമം.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ആദ്യം ലഭിച്ചത്. മത്സരത്തിന്റെ ആദ്യ ദിവസം തന്നെ ഓസ്ട്രേലിയ ഓൾഔട്ട് ആവുകയുണ്ടായി. ആദ്യ ഇന്നിങ്സിൽ 219 റൺസ് മാത്രമായിരുന്നു ഓസ്ട്രേലിയ കെട്ടിപ്പടുത്തത്. 50 റൺസെടുത്ത മഗ്രാത്താണ് ഓസ്ട്രേലിയൻ നിരയിൽ ടോപ്പ് സ്കോറർ. ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ദിവസം തന്നെ ശക്തമായ നിലയിലായിരുന്നു. രണ്ടാം ദിവസവും ഇന്ത്യ ആധിപത്യം ആവർത്തിക്കുന്നതാണ് കണ്ടത്. സ്മൃതി മന്ദന രണ്ടാം ദിവസത്തിലെ ആദ്യ സെഷനിലും മികവ് പുലർത്തി. മത്സരത്തിൽ 74 റൺസാണ് സ്മൃതി നേടിയത്.
പിന്നാലെ റിച്ച ഘോഷും ജമീമ റോഡ്രിഗസും ക്രീസിലുറച്ചതോടെ ഇന്ത്യയുടെ സ്കോർ കുതിക്കുകയായിരുന്നു. റിച്ചാ ഘോഷ് മത്സരത്തിൽ 104 പന്തുകൾ നേരിട്ട് 52 റൺസ് സ്വന്തമാക്കി. ജമീമ മത്സരത്തിൽ 121 പന്തുകൾ നേരിട്ട് 73 റൺസാണ് സ്വന്തമാക്കിയത്. എന്നാൽ നായിക ഹർമൻപ്രീറ്റ് കോർ അക്കൗണ്ട് തുറക്കാതെ മടങ്ങിയത് ഇന്ത്യയെ ബാധിച്ചു. പക്ഷേ ഇതിനോടകം തന്നെ മികച്ച ഒരു ലീഡ് കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. പിന്നാലെ എട്ടാം വിക്കറ്റിൽ ഇന്ത്യക്കായി ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ദീപ്തി ശർമയ്ക്കും പൂജ വസ്ത്രക്കറിനും സാധിച്ചു. ഇന്ത്യയുടെ ലീഡ് വലിയ രീതിയിൽ വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത് ഇരുവരുമായിരുന്നു.
രണ്ടാം ദിവസം മത്സരം അവസാനിക്കുമ്പോൾ ഇരുവരും ക്രീസിലുണ്ട്. എട്ടാം വിക്കറ്റിൽ ഇതുവരെ 102 റൺസിന്റെ കൂട്ടുകെട്ടാണ് ദീപ്തിയും പൂജയും ചേർന്ന് കെട്ടിപ്പടുത്തത്. ദീപ്തി 70 റൺസും പൂജ 33 റൺസും നേടി പുറത്താവാതെ നിൽക്കുന്നു. ഇങ്ങനെ ഇന്ത്യ രണ്ടാം ദിവസം മത്സരം അവസാനിക്കുമ്പോൾ 376ന് 7 എന്ന നിലയിലാണ് ഇന്ത്യ. 157 റൺസ് എന്ന വലിയ ലീഡ് തന്നെ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ലീഡ് 300 റൺസിലെത്തിച്ച് ഓസ്ട്രേലിയയെ ചുരുട്ടി കെട്ടാനുള്ള ശ്രമത്തിലാണ് ഇന്ത്യ ഇപ്പോൾ.