“സ്പിന്നർമാർക്കെതിരെ അവൻ കിടിലൻ. സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോ”. ശിവം ദുബെയെ പറ്റി പത്താൻ.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മികച്ച തുടക്കം തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് താരം ശിവം ദുബെയ്ക്ക് ലഭിച്ചിരിക്കുന്നത്. പല മത്സരങ്ങളിലും കുറച്ചുനേരമാണ് ദുബെ ക്രീസിൽ തുടരുന്നതെങ്കിലും നേരിടുന്ന ബോളുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിക്കുന്നുണ്ട്.

ചെന്നൈയുടെ ഹൈദരാബാദിനെതിരായ മത്സരത്തിലും ഒരു തകർപ്പൻ പ്രകടനവുമായി ദുബെ രംഗത്തെത്തിയിരുന്നു. മത്സരത്തിൽ ദുബെ 24 പന്തുകളിൽ 45 റൺസാണ് നേടിയത്. 5 റൺസിന് അർദ്ധസെഞ്ച്വറി നഷ്ടമായെങ്കിലും ദുബെയുടെ ഇന്നിംഗ്സ് വളരെ ശ്രദ്ധിക്കപ്പെട്ടു. ഹൈദരാബാദിന്റെ സ്പിന്നർമാർക്കെതിരെ പൂർണമായി ആക്രമണം അഴിച്ചുവിട്ടായിരുന്നു ദുബെയുടെ ഈ വെടിക്കെട്ട്.

മത്സരത്തിൽ ദുബെയുടെ വെടിക്കെട്ടിന് ശേഷം പ്രശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. നിലവിൽ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യൻ താരങ്ങളിൽ സ്പിന്നർമാർക്കെതിരെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം ദുബെയെണ് എന്ന് ഇർഫാൻ പത്താൻ പറയുകയുണ്ടായി. അതിനാൽ തന്നെ ഇന്ത്യയുടെ സെലക്ടർമാർ ട്വന്റി20 ലോകകപ്പിലേക്ക് വരുമ്പോൾ ഒരു കണ്ണ് എപ്പോഴും ദുബെയിലേക്ക് വയ്ക്കേണ്ടതുണ്ട് എന്നും ഇർഫാൻ പത്താൻ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കുറിച്ചു.

“നിലവിൽ ശിവം ദുബെ സ്പിന്നർമാർക്കെതിരെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ്. മറ്റ് ഇന്ത്യൻ താരങ്ങളെ എടുത്തു നോക്കിയാൽ സ്പിന്നർമാർക്കെതിരെ പൂർണ്ണമായും ആക്രമിക്കാനുള്ള കഴിവ് ദുബെയ്ക്കുണ്ട്. അതിനാൽ തന്നെ വരാനിരിക്കുന്ന ലോകകപ്പിനായി ഇന്ത്യൻ സെലക്ടർമാർ ദുബെയിലേക്ക് എല്ലായിപ്പോഴും ഒരു ദൃഷ്ടി പതിക്കേണ്ടതുണ്ട്.”- ഇർഫാൻ പത്താൻ കുറിച്ചു.

ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ സ്ക്വാഡ് അംഗമായിരുന്നു ശിവം ദുബെ. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലൂടെയാണ് ദുബെ ഒരു വമ്പൻ തിരിച്ചുവരവ് നടത്തിയത്. സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 418 റൺസായിരുന്നു ദുബെ നേടിയത്.

2023 ആഗസ്റ്റിൽ ഇന്ത്യൻ ട്വന്റി20 ടീമിലേക്ക് മടങ്ങിവരവ് നടത്തിയ ദുബൈ 9 ട്വന്റി20 മത്സരങ്ങൾ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന ട്വന്റി 20 പരമ്പരയിൽ ഇന്ത്യക്കായി രണ്ട് അർദ്ധ സെഞ്ചറികൾ സ്വന്തമാക്കാനും ദുബെയ്ക്ക് സാധിച്ചു. ഇങ്ങനെ എല്ലാത്തരത്തിലും മികച്ച ഫോമിലാണ് ദുബെ. ദുബയെ ഇത്ര മികച്ച ബാറ്ററാക്കി മാറ്റിയതിൽ മഹേന്ദ്ര സിംഗ് ധോണിക്കും ചെന്നൈ സൂപ്പർ കിംഗ്സിനും വലിയ പങ്കുണ്ട്. എന്തായാലും ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണ് ഈ യുവതാരം.

Previous articleചെന്നൈയെ മുട്ടുകുത്തിച്ച് ഹൈദരാബാദ്. സമ്പൂർണ ആധിപത്യവുമായി അത്യുഗ്രൻ വിജയം..
Next articleപവർപ്ലെയിൽ തന്നെ ബോളർമാർ മത്സരം തോൽപിച്ചു തന്നു, ഫിനിഷിങ്ങും പാളി. തുറന്ന് പറഞ്ഞ് ഋതുരാജ്.