കാലാകാലങ്ങളിൽ ഇന്ത്യയ്ക്ക് അനായാസം സിക്സർ പറത്തുന്ന ഒരുപാട് ബാറ്റർമാരെ ലഭിച്ചിട്ടുണ്ട്. വീരേന്ദർ സേവാഗും യുവരാജ് സിങ്ങുമൊക്കെ ഇവരിൽ പ്രധാനികളാണ്. ഇംഗ്ലണ്ടിനെതിരെ ഓരോവറിലെ 6 പന്തും സിക്സർ അടിക്കാന്‍ യുവരാജിന് കഴിഞ്ഞട്ടുണ്ട്.
ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയും സിക്സറുകളുടെ കാര്യത്തിൽ രാജാവായിരുന്നു. അതിനാൽ തന്നെ ഇന്ത്യൻ ടീമിലെ സിക്സർ വീരനെ കണ്ടെത്തുക എന്നത് അല്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ ഇന്ത്യയുടെ ഏറ്റവും മികച്ച സിക്സറടിക്കാരൻ ആരാണെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ കോച്ചായ രാഹുൽ ദ്രാവിഡ്.
നിലവിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് ഏറ്റവും മികച്ച സിക്സർ അടിക്കാരൻ എന്ന് ദ്രാവിഡ് പറയുകയുണ്ടായി. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം സംസാരിക്കുകയായിരുന്നു ദ്രാവിഡ്.
“ഇത് അവിശ്വസനീയം തന്നെയാണ്. മത്സരത്തിന്റെ മറ്റൊരു തലം എന്നു മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കൂ. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സിക്സർ അടിക്കാരനായ രോഹിത് ശർമ നമ്മുടെ ടീമിലുണ്ട്. സിക്സർ നേടാൻ അപാര കഴിവുള്ള വ്യക്തിയാണ് രോഹിത്. അതിനുള്ള രോഹിത്തിന്റെ ശേഷി അസാധാരണം തന്നെയാണ്. പലപ്പോഴും രോഹിത് വമ്പൻ ഷോട്ടുകൾ കളിക്കുമ്പോൾ പന്ത് പുറത്തേക്ക് പോകാറാണുള്ളത്. അത് എന്നെ അതിശയിപ്പിക്കുന്നു.”- ദ്രാവിഡ് പറഞ്ഞു.
ഇതോടൊപ്പം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ വിജയത്തെ പറ്റിയും ദ്രാവിഡ് വാചാലനാവുകയുണ്ടായി. “ഇത്തരം സീരീസുകൾ സ്വന്തമാക്കുക എന്നത് അല്പം പ്രയാസകരമായ കാര്യമാണ്. ടെസ്റ്റ് ക്രിക്കറ്റ് പല സമയങ്ങളിലും വളരെ കഠിനമാണ്. നമ്മുടെ കഴിവുകൾ വച്ച് അത് പലപ്പോഴും കഠിനമായി തന്നെ തുടരുന്നു. ശാരീരികപരമായും മാനസികപരമായും അത് കാഠിന്യമേറിയത് തന്നെയാണ്.”
”എന്നാൽ മത്സരത്തിന്റെ അവസാനം വലിയ രീതിയിലുള്ള സംതൃപ്തി ലഭിക്കും. ഇത്തരമൊരു പരമ്പര വിജയിക്കുമ്പോൾ വലിയ സംതൃപ്തി തന്നെയാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് ആദ്യ മത്സരത്തിൽ പരാജയം അറഞ്ഞതിന് ശേഷം. 4 മത്സരങ്ങളിൽ വിജയം നേടുക എന്നത് പ്രധാന കാര്യമാണ്. ഇത് വലിയൊരു വിജയമായാണ് ഞാൻ കാണുന്നത്.”- ദ്രാവിഡ് കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്ന രോഹിത് കാഴ്ചവച്ചത്. പരമ്പരാഗത ടെസ്റ്റ് ശൈലിയിൽ നിന്നും മാറി ആക്രമിച്ചു കളിക്കാനാണ് പരമ്പരയിൽ രോഹിത് ശ്രമിച്ചത്. 2 സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയും പരമ്പരയിൽ സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചു. അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 44 റൺസ് ശരാശരിയിൽ 400 റൺസ് രോഹിത് പരമ്പരയിൽ സ്വന്തമാക്കുകയുണ്ടായി. ഇന്ത്യയുടെ വിജയത്തിൽ ഒരു പ്രധാന പങ്കുവഹിക്കാനും രോഹിത് ശർമയ്ക്ക് സാധിച്ചു.