ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ശക്തമായ ഒരു ബാറ്റിംഗ് പ്രകടനമാണ് സൂര്യകുമാർ യാദവ് കാഴ്ചവെച്ചത്. മത്സരത്തിൽ ഇന്ത്യക്കായി നിർണായ സമയത്ത് ക്രീസിലെത്തിയ സൂര്യ ദക്ഷിണാഫ്രിക്കൻ ബോളർമാരെ അടിച്ചു തകർക്കുകയുണ്ടായി. മത്സരത്തിൽ 55 പന്തുകളിൽ നിന്നാണ് സൂര്യ തന്റെ സെഞ്ചുറി സ്വന്തമാക്കിയത്.
സൂര്യയുടെ ട്വന്റി20 കരിയറിലെ നാലാം സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നത്. ഇതോടെ ഒരുപാട് റെക്കോർഡുകളും സ്വന്തമാക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചിരുന്നു. സൂര്യകുമാറിന്റെ മത്സരത്തിലെ പ്രകടനത്തെ പ്രശംസിച്ചു കൊണ്ടാണ് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ രംഗത്ത് വന്നത്. സൂര്യ മികച്ച ഫോമിലുള്ള സമയത്ത് ബോളർമാരെ സംബന്ധിച്ച്, അയാളെ പിടിച്ചു കെട്ടുക എന്നത് വളരെ പ്രയാസകരമാണ് എന്ന് സഹീർ ഖാൻ പറയുന്നു.
സൂര്യകുമാറിന്റെ കഴിവുകളെ പ്രശംസിച്ചു കൊണ്ടാണ് സഹീർ ഖാൻ സംസാരിച്ചത്. “സൂര്യകുമാർ സ്വന്തമായി ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കുകയാണ്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും മികച്ച ഷോട്ടുകൾ കളിക്കാൻ സൂര്യകുമാറിന് സാധിക്കും. അതിനാൽ തന്നെ അയാൾക്കെതിരെ പന്തറിയുക എന്നത് ബോളർമാരെ സംബന്ധിച്ച് അല്പം പ്രയാസകരമാണ്. ബാറ്റർ മൈതാനത്തിന്റെ ഒരു വശത്തേക്ക് മാത്രം കളിക്കുന്ന ആളാണെങ്കിൽ ബോളർമാർക്ക് കൃത്യമായ രീതിയിൽ ഫീൽഡ് സെറ്റ് ചെയ്ത് അയാളെ പുറത്താക്കാൻ സാധിക്കും.”- സഹീർ ഖാൻ പറയുന്നു.
“എന്നാൽ സൂര്യകുമാറിന്റെ കാര്യത്തിൽ അങ്ങനെയല്ല സംഭവിക്കുന്നത്. അയാൾക്ക് ലോങ് ഓണിലൂടെയും മിഡ്വിക്കറ്റിലൂടെയും കവറിന് മുകളിലൂടെയുമൊക്കെ സിക്സറുകൾ സ്വന്തമാക്കാൻ സാധിക്കും. മാത്രമല്ല ബോളറുടെ പേസ് കൃത്യമായി ഉപയോഗിച്ച്, ബാറ്റിന്റെ ഫെയ്സിലൂടെ സിക്സറുകൾ പറത്താൻ സാധിക്കും. ഇതൊക്കെയും ബോളർമാരെ സംബന്ധിച്ച് വലിയ പ്രയാസമുണ്ടാക്കുന്നു.
ഫീൽഡർമാർ ഏതൊക്കെ പൊസിഷനിലാണുള്ളത് എന്നും, താൻ ഏത് പൊസിഷനിൽ കളിക്കണമെന്നും കൃത്യമായ ധാരണ സൂര്യയ്ക്കുണ്ട്. അയാൾ തന്റെ കൃത്യമായ സോണിലേക്ക് ഉയരുകയാണെങ്കിൽ ബോളർമാർക്ക് തങ്ങളുടെ പ്ലാനുകൾ പ്രാവർത്തികമാക്കുക എന്നത് വലിയ ബുദ്ധിമുട്ടായി മാറും.”- സഹീർ ഖാൻ കൂട്ടിച്ചേർക്കുന്നു.
സൂര്യകുമാറിന്റെ ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ഏക വഴി അയാളെ പുറത്താക്കുക എന്നത് മാത്രമാണ് എന്നും സഹീർ പറയുകയുണ്ടായി. “സൂര്യകുമാറിനെതിരെ മികച്ച പന്തുകൾ എറിയാൻ ശ്രമിക്കുക. എങ്ങനെയെങ്കിലും അയാളെ പുറത്താക്കുക. അത് മാത്രമാണ് അയാളുടെ ആക്രമണത്തെ ചെറുക്കാനുള്ള ഏക വഴി. മറ്റൊരു വഴിയും സൂര്യയെ പിടിച്ചു നിർത്താൻ സാധിക്കില്ല.”- സഹീർ ഖാൻ പറഞ്ഞു വെക്കുന്നു. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ തന്നെയാണ് സൂര്യകുമാർ യാദവ് പുറത്തെടുത്തിട്ടുള്ളത്. ഏകദിന ക്രിക്കറ്റിൽ നിരന്തരം പരാജയപ്പെടുമ്പോഴും തന്റെ ട്വന്റി20യിലെ ഫോം സൂര്യകുമാർ ആവർത്തിക്കുകയാണ്.