സൂപ്പർ 8ൽ ബംഗ്ലാദേശിനെ തരിപ്പണമാക്കി ഓസീസ്. 28 റൺസിന്റെ വിജയം.

ബംഗ്ലാദേശിനെതിരായ സൂപ്പർ 8ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. മഴമൂലം പലപ്പോഴായി തടസപ്പെട്ട മത്സരത്തിൽ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം 28 റൺസിന്റെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കായി ഹാട്രിക് സ്വന്തമാക്കിയ കമ്മീൻസാണ് ബോളിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്തത്.

ബാറ്റിംഗിൽ ഡേവിഡ് വാർണറും ട്രാവസ് ഹെഡും വെടിക്കെട്ട് തീർത്തപ്പോൾ അനായാസം ഓസ്ട്രേലിയ വിജയം സ്വന്തമാക്കുകയായിരുന്നു. മറുവശത്ത് നിരാശാജനകമായ പ്രകടനമാണ് ബംഗ്ലാദേശിനായി താരങ്ങൾ കാഴ്ചവച്ചത്.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം തന്നെയാണ് മിച്ചൽ സ്റ്റാർക്ക് ബംഗ്ലാദേശിന് നൽകിയത്. തുടക്കത്തിൽ തന്നെ ഓപ്പൺ ഹസനെ(0) പുറത്താക്കി സ്റ്റാർക്ക് വീര്യം കാട്ടി. ശേഷം നായകൻ ഷാന്റോയാണ് ബംഗ്ലാദേശിനായി ക്രീസിൽ ഉറച്ചത്. 36 പന്തുകൾ നേരിട്ട ഷാന്റോ 41 റൺസാണ് നേടിയത്.

പക്ഷേ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചിരുന്നു. പിന്നീട് മധ്യനിരയിൽ ബംഗ്ലാദേശിനായി മികച്ച പ്രകടനം പുറത്തെടുത്തത് ഹൃദ്രോയി മാത്രമാണ്. തരക്കേടില്ലാത്ത രീതിയിൽ ഓസ്ട്രേലിയൻ ബോളിങ്‌ നിരക്കെതിരെ ക്രീസിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചു. 28 പന്തുകൾ നേരിട്ട ഹൃദോയി 2 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 40 റൺസാണ് നേടിയത്.

ഇതിനിടെ ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് ഒരു തകർപ്പൻ ഹാട്രിക്കും സ്വന്തമാക്കുകയുണ്ടായി. ഇങ്ങനെ ബംഗ്ലാദേശിന്റെ സ്കോർ കേവലം 140 റൺസിൽ ഒതുങ്ങുകയായിരുന്ന. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്കായി പതിവുപോലെ ഓപ്പണർമാർ അടിച്ചു തകർക്കുകയുണ്ടായി.

ഡേവിഡ് വാർണറും ട്രാവിസ് ഹെഡും ആദ്യ വിക്കറ്റിൽ തന്നെ വെടിക്കെട്ട് തീർത്തപ്പോൾ ഓസ്ട്രേലിയ പവർപ്ലേ ഓവറുകളിൽ മികവ് പുലർത്തി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 65 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. ഡേവിഡ് 35 പന്തുകളിൽ 5 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 53 റൺസ് നേടി പുറത്താവാതെ നിന്നു.

എന്നാൽ ഇതിനിടെ മഴ അതിഥിയായി എത്തിയത് മത്സരത്തെ ബാധിച്ചു. അല്പസമയം മത്സരം നിർത്തിവയ്ക്കേണ്ടി വന്നു. ശേഷം മത്സരം പുനരാരംഭിച്ചപ്പോൾ ഓസ്ട്രേലിയയ്ക്ക് ഹെഡിന്റെയും മാർഷിന്റെയും വിക്കറ്റുകൾ നഷ്ടമായി. എന്നിരുന്നാലും നാലാമനായി ഇറങ്ങിയ മാക്സ്വെൽ അടിച്ചു തകർത്തു.

ശേഷം പന്ത്രണ്ടാം ഓവറിൽ വീണ്ടും മഴയെത്തി. ഈ സമയത്ത് 2 വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് ആയിരുന്നു ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഇതോടെ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയ മത്സരത്തിൽ വിജയം സ്വന്തമാക്കുകയാണ് ഉണ്ടായത്. മികച്ച ബോളിങ് പ്രകടനം പുറത്തെടുത്ത പാറ്റ് കമ്മിൻസാണ് മത്സരത്തിലെ താരമായി മാറിയത്.

Previous article“ഞങ്ങൾ കൃത്യമായി പ്ലാൻ ചെയ്തിരുന്നു. ടീമംഗങ്ങൾ അവരുടെ ജോലി നന്നായി ചെയ്തു”. രോഹിത് ശർമ പറയുന്നു.
Next article“എനിക്കെതിരെ സ്വീപ് ഷോട്ട് കളിക്കുന്നത് നിർത്തൂ”. റാഷിദ് ഖാൻ മത്സരത്തിനിടെ സൂര്യയോട്.