2024 ട്വന്റി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്. 2007ലെ പ്രാഥമിക ലോകകപ്പിന് ശേഷം ഒരു ട്വന്റി20 കിരീടം ഉയർത്താൻ ഇന്ത്യയ്ക്ക് അവസരം ലഭിച്ചിട്ടില്ല. ഇത്തവണ വളരെ മികച്ച ഒരു സ്ക്വാഡുമായാണ് ഇന്ത്യ വെസ്റ്റിൻഡീസ്ലേക്കും അമേരിക്കയിലേക്കും പുറപ്പെട്ടിരിക്കുന്നത്.
ടൂർണമെന്റിന് തൊട്ടുമുൻപായി ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന് കൃത്യമായ സന്ദേശം നൽകിയിരിക്കുകയാണ് മുൻ വിൻഡിസ് സ്ഥാനം ബ്രയാൻ ലാറ. ടൂർണമെന്റിന്റെ ഫൈനൽ സ്റ്റേജുകളിൽ ഇന്ത്യയ്ക്ക് കൃത്യമായ തന്ത്രങ്ങൾ ഉണ്ടായിരിക്കണം എന്നാണ് ലാറ പറയുന്നത്. കൃത്യമായ പ്ലാനിങ് ഇല്ലാതെ ഇത്തരം ടൂർണമെന്റുകളിൽ മുൻപോട്ടു പോകാൻ സാധിക്കില്ല എന്ന് ലാറ ഓർമ്മിപ്പിക്കുന്നു.
ഇന്ത്യൻ നിരയിൽ വലിയ താരങ്ങളുണ്ട് എന്നത് സത്യമാണ്. എന്നാൽ ലോകകപ്പ് വിജയിക്കാനായി കൃത്യമായ ഒരു തന്ത്രം ആവശ്യമാണ് എന്ന് ലാറ കൂട്ടിച്ചേർക്കുന്നു. ഇത്തരം തന്ത്രങ്ങളുടെ കുറവുകൊണ്ടാണ് ഇന്ത്യയ്ക്ക് കഴിഞ്ഞ ട്വന്റി20 ഏകദിന ലോകകപ്പുകൾ ലഭിക്കാതിരുന്നത് എന്നും ലാറ പറയുകയുണ്ടായി. കൃത്യമായി താരങ്ങളെ നിയന്ത്രിച്ച് ഒത്തൊരുമ ഉണ്ടാക്കിയെടുക്കേണ്ടത് രാഹുൽ ദ്രാവിഡിന്റെ ജോലിയാണ് എന്ന് ലാറ കരുതുന്നു. അങ്ങനെയെങ്കിൽ മാത്രമേ ഇന്ത്യയ്ക്ക് ലോകകപ്പ് സ്വന്തമാക്കാൻ സാധിക്കൂ എന്നാണ് ലാറ പറയുന്നത്. അതുപോലെ, ഇന്ത്യ കൃത്യമായി തങ്ങളുടെ ഇന്നിംഗ്സ് ഘടന ഉണ്ടാക്കിയെടുക്കുകയും ആക്രമിക്കാൻ തയ്യാറാവുകയും ചെയ്യണമെന്നും ലാറ കൂട്ടിച്ചേർത്തു.
“കഴിഞ്ഞ ട്വന്റി20, 50 ഓവർ ലോകകപ്പുകളിൽ ഇന്ത്യൻ ടീം അവസാന ഘട്ടങ്ങളിൽ യാതൊരു പ്ലാനും ഇല്ലാതെ കളിക്കുന്ന ഇന്ത്യൻ ടീമിനെയാണ് കാണാൻ കഴിഞ്ഞത്. നമ്മുടെ ടീമിൽ എത്ര സൂപ്പർതാരങ്ങളുണ്ട് എന്നതല്ല ഇവിടെ പ്രശ്നം. ഏതുതരത്തിൽ നമ്മൾ ലോകകപ്പ് വിജയിക്കാനായി പ്ലാൻ ചെയ്യുന്നു എന്നതാണ്. എങ്ങനെ നമ്മൾ നമ്മുടെ ഇന്നിംഗ്സ് ഘടന മെച്ചപ്പെടുത്തുന്നു എന്നതും ആക്രമിക്കുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്. രാഹുൽ ദ്രാവിഡിന് ഈ താരങ്ങളെ എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പ് സ്വന്തമാക്കാനും സാധിക്കും.”- ലാറ പറയുന്നു.
ഇന്ത്യൻ കോച്ച് എന്ന നിലയിൽ ദ്രാവിഡിന്റെ രണ്ടാം ട്വന്റി20 ലോകകപ്പാണ് നടക്കാൻ പോകുന്നത്. 2022 ലോകകപ്പിൽ മികച്ച രീതിയിൽ ഇന്ത്യയെ നയിക്കാൻ രാഹുൽ ദ്രാവിഡിന് കഴിഞ്ഞിരുന്നു. എന്നാൽ സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഒരു കനത്ത പരാജയമാണ് ഇന്ത്യ നേരിട്ടത്. ഇത്തവണ ജൂൺ അഞ്ചിന് അയർലണ്ടിനെതിരെയാണ് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നത്. ശേഷം ജൂൺ 9ന് ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ മത്സരം നടക്കും. ഈ ടീമുകളെ കൂടാതെ അമേരിക്കയും കാനഡയും ഇന്ത്യയുടെ ഗ്രൂപ്പിൽ അണിനിരക്കുന്നുണ്ട്.