സിക്സ് ഹിറ്റിങ്ങിൽ കോഹ്ലിയെ മലർത്തിയടിച്ച് അഭിഷേക് ശർമ. 2024 സീസണിൽ നേടിയത് 41 സിക്സറുകൾ.

എല്ലാ ഐപിഎൽ സീസണുകളിലും ചില താരങ്ങൾ വലിയ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. വലിയ രീതിയിൽ അറിയപ്പെടാത്ത ഇന്ത്യയുടെ യുവതാരങ്ങൾ ലോക ക്രിക്കറ്റിനെ തന്നെ ഞെട്ടിച്ച സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഈ ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് പലരെയും ഞെട്ടിച്ച താരമാണ് ഹൈദരാബാദിന്റെ ഓപ്പണർ അഭിഷേക് ശർമ.

ഒട്ടും പ്രതീക്ഷയില്ലാതെ പലരും നോക്കികണ്ട അഭിഷേക് ശർമയുടെ പൂർണ്ണമായ വെടിക്കെട്ടിനാണ് ഈ ഐപിഎൽ സാക്ഷ്യം വഹിച്ചത്. പ്രധാനമായും പവർപ്ലേ ഓവറുകളിൽ സിക്സറുകൾ സ്വന്തമാക്കിയാണ് അഭിഷേക് ശർമ കളംനിറഞ്ഞത്. ഇങ്ങനെ ഐപിഎല്ലിന്റെ ചരിത്രം മാറ്റി കുറിക്കാനും ഇപ്പോൾ അഭിഷേക് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്.

ഒരു ഐപിഎൽ സീസണിൽ ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കിയ ഇന്ത്യൻ താരം എന്ന റെക്കോർഡാണ് അഭിഷേക് ശർമ സ്വന്തമാക്കിയത്. സൂപ്പർതാരം വിരാട് കോഹ്ലിയെ മറികടന്നായിരുന്നു അഭിഷേക് ഈ റെക്കോർഡ് തന്റെ പേരിൽ ചേർത്തത്.

ഹൈദരാബാദിന്റെ പഞ്ചാബിനെതിരായ മത്സരത്തിനിടയാണ് ഈ വെടിക്കെട്ട് റെക്കോർഡ് അഭിഷേക് ശർമ സ്വന്തമാക്കിയത്. 2016 ഐപിഎൽ സീസണിൽ 38 സിക്സറുകളായിരുന്നു വിരാട് കോഹ്ലി സ്വന്തമാക്കിയത്. ഈ റെക്കോർഡാണ് അഭിഷേക് ഇപ്പോൾ തകർത്തെറിഞ്ഞിരിക്കുന്നത്.

ഇതുവരെ 2024 ഐപിഎല്ലിൽ 41 സിക്സറുകൾ സ്വന്തമാക്കാൻ അഭിഷേക് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്. 2018 ഐപിഎല്ലിൽ 37 സിക്സറുകൾ സ്വന്തമാക്കിയ ഡൽഹി നായകൻ പന്താണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ 37 സിക്സറുകൾ സ്വന്തമാക്കിയ വിരാട് കോഹ്ലി ലിസ്റ്റിൽ നാലാമതായും ഇടം പിടിച്ചിരിക്കുന്നു.

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ വളരെ മികച്ച പ്രകടനമായിരുന്നു അഭിഷേക് ശർമ കാഴ്ചവച്ചത്. മത്സരത്തിൽ ഓപ്പണിങ് ഇറങ്ങിയ അഭിഷേക് 28 പന്തുകളിൽ 66 റൺസാണ് നേടിയത്. 5 ബൗണ്ടറികളും 6 പടുകൂറ്റൻ സിക്സറുകളും അഭിഷേകിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. 235.7 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് അഭിഷേക് വെടിക്കെട്ട് തീർത്തത്. തന്റെ സഹ ഓപ്പണർ ട്രാവിസ് ഹെഡിനെ ആദ്യ പന്തിൽ തന്നെ നഷ്ടമായിട്ടും അഭിഷേക് പൂർണ്ണമായും പഞ്ചാബിന് മേൽ നിറഞ്ഞാടുകയായിരുന്നു.

മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ പ്രഭ്സിമ്രാന്‍റെ അർത്ഥ സെഞ്ച്വറിയുടെ ബലത്തിലാണ് പഞ്ചാബ് മികച്ച സ്കോറിൽ എത്തിയത്. 45 പന്തുകൾ മത്സരത്തിൽ നേരിട്ട പ്രഭസിമ്രാൻ 71 റൺസ് ആണ് നേടിയത്. 7 ബൗണ്ടറികളും 4 സിക്സറുകളും താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

ഇങ്ങനെ പഞ്ചാബ് നിശ്ചിത 20 ഓവറുകളിൽ 214 റൺസ് സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിൽ അഭിഷേക് ശർമ അടക്കമുള്ള ഹൈദരാബാദ് ബാറ്റർമാർ വെടിക്കെട്ട് തീർത്തപ്പോൾ ഹൈദരാബാദ് അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. 4 വിക്കറ്റുകളുടെ വിജയമാണ് ഹൈദരാബാദ് മത്സരത്തിൽ സ്വന്തമാക്കിയത്.

Previous articleഇനിയും ധോണിയെ ചെന്നൈ നിലനിർത്തരുത്, അത് അപകടമാണ് : ഇർഫാൻ പത്താൻ.
Next article“അഭിഷേക് ശർമയ്ക്കെതിരെ പന്തെറിയാൻ ഞാൻ ഭയക്കുന്നു”- പാറ്റ് കമ്മിൻസ് തുറന്ന് പറയുന്നു.