സാക്ഷാൽ സച്ചിന്റെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ. ദുലീപ് ട്രോഫിയിൽ അഴിഞ്ഞാട്ടം.

2024 ദുലീപ് ട്രോഫി ടൂർണമെന്റിൽ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ യുവതാരം മുഷീർ ഖാൻ കാഴ്ചവെച്ചത്. ശുഭമാൻ ഗിൽ നായകനായ ഇന്ത്യ എയും അഭിമന്യു ഈശ്വരൻ നായകനായ ഇന്ത്യ ബിയും തമ്മിൽ ആവേശ്വോജ്ജ്വലമായ മത്സരമാണ് നടക്കുന്നത്.

ഇന്ത്യ എയുടെ ടീമിൽ ജയസ്വാൾ, റിഷഭ് പന്ത് എന്നീ വമ്പന്മാർ ഉണ്ടായിട്ടും മുഷീർ ഖാൻ എന്ന ടീനേജ് താരത്തിന് വെടിക്കെട്ട് ആയിരുന്നു കാണാൻ സാധിച്ചത്. വളരെക്കാലം മുൻപുള്ള സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് മത്സരത്തിലെ വമ്പൻ ബാറ്റിംഗ് പ്രകടനത്തിലൂടെ മുഷീർ മറികടന്നത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 373 പന്തുകൾ നേരിട്ട മുഷീർ 181 റൺസാണ് ഇന്ത്യ ബി ടീമിനായി നേടിയത്.

ദുലീപ് ട്രോഫിയിലെ ഒരു ടീനേജ് അരങ്ങേറ്റ താരത്തിന്റെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോറാണ് മത്സരത്തിലൂടെ മുഷീർ ഖാൻ നേടിയത്. സച്ചിൻ ടെണ്ടുൽക്കറെ മറികടന്നാണ് മൂന്നാം സ്ഥാനത്തേക്ക് മുഷീർ എത്തിയത്. 1991ൽ വെസ്റ്റ്‌ സോൺ ടീമിനായി ദുലീപ് ട്രോഫി കളിക്കുമ്പോഴാണ് സച്ചിൻ ഈ റെക്കോർഡ് തന്റെ പേരിൽ ചേർത്തത്. അന്ന് തന്റെ അരങ്ങേറ്റ മത്സരത്തിൽ 159 റൺസായിരുന്നു സച്ചിൻ സ്വന്തമാക്കിയത്. എന്നാൽ ഇന്ന് തകർപ്പൻ ഇന്നിംഗ്സോടെ മുഷീർ അത് മറികടന്നിരിക്കുകയാണ്. 16 ബൗണ്ടറികളും 5 സിക്സറുകളുമാണ് മുഷിറിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. സ്പിന്നർമാർക്കെതിരെ ആക്രമണ മനോഭാവത്തോടെ തന്നെയായിരുന്നു താരം മത്സരത്തിൽ കളിച്ചത്.

തങ്ങളുടെ രഞ്ജി ട്രോഫി അരങ്ങേറ്റ മത്സരത്തിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ ടീനേജ് താരങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബാബ അപരാജിതാണ്. 212 റൺസാണ് തന്റെ അരങ്ങേറ്റ മത്സരത്തിൽ അപരാജിത് സ്വന്തമാക്കിയത്. ഒപ്പം യുവതാരം യാഷ് ദുള്ളും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ദുലീപ് ട്രോഫിയിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ 193 റൺസ് സ്വന്തമാക്കാൻ യാഷ് ദുല്ലിന് സാധിച്ചു. മത്സരത്തിൽ ഒരു വമ്പൻ പ്രകടനം തന്നെയായിരുന്നു മുഷീർ കാഴ്ചവെച്ചത്. എട്ടാം വിക്കറ്റിൽ നവദീപ് സൈനിയും ഒപ്പം ചേർന്ന 205 റൺസിന്റെ കൂട്ടുകെട്ടാണ് മുഷീർ കെട്ടിപ്പടുത്തത്.

മത്സരത്തിലേക്ക് കടന്നുവന്നാൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബി ടീം പതറുന്നതാണ് കണ്ടത്. മുഷിർ ഖാൻ ഒഴികെയുള്ള മറ്റൊരു ബാറ്റർക്കും ഇന്ത്യ ബി ടീമിനായി മികവ് പുലർത്താൻ സാധിച്ചില്ല. മുഷീർ ഖാന്റെ സെഞ്ച്വറിയാണ് ഇന്ത്യ ബി ടീമിനെ മത്സരത്തിൽ രക്ഷിച്ചത്. ഒപ്പം 9ആമനായി ക്രീസിലെത്തിയ നവദീപ് സൈനിയുടെ അർത്ഥ സെഞ്ച്വറിയും ടീമിന് ഗുണം ചെയ്തു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ കേവലം 321 റൺസാണ് ഇന്ത്യ ബി നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ എയ്ക്ക് ആദ്യ ഇന്നിംഗ്സിൽ 231 റൺസ് മാത്രമായിരുന്നു നേടാൻ സാധിച്ചത്.

Previous articleഅബ്ദുൽ ബാസിതിന്റെ വെടിക്കെട്ട്. 22 പന്തിൽ 50 റൺസ് നേടി ഹീറോയിസം. കാലിക്കറ്റിനെ തകർത്ത് ട്രിവാൻഡ്രം.
Next articleകൊല്ലത്തിന്റെ വിജയറൺ അവസാനിപ്പിച്ച് കൊച്ചി ടൈഗേഴ്സ്. 18 റൺസിന്റെ ആവേശവിജയം.