ഹൈദരാബാദിനെതിരായ മത്സരത്തിൽ ഒരു മികച്ച വിജയം തന്നെയാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എന്ന സ്കോറിൽ ഒതുക്കാൻ മുംബൈയ്ക്ക് സാധിച്ചിരുന്നു. എന്നാൽ മത്സരത്തിന്റെ ആദ്യ സമയത്ത് മുംബൈ ബാറ്റിംഗിൽ പതറുകയുണ്ടായി.
പക്ഷേ സൂര്യകുമാർ യാദവിന്റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ മുംബൈ തിരിച്ചുവരികയാണ് ഉണ്ടായത്. മത്സരത്തിൽ 51 പന്തുകൾ നേരിട്ട സൂര്യകുമാർ 102 റൺസാണ് നേടിയത്. 12 ബൗണ്ടറികളും 6 സിക്സറുകളും സൂര്യയുടെ ഇന്നിങ്സിൽ ഉൾപ്പെട്ടു. സൂര്യയുടെ മികവിൽ 7 വിക്കറ്റുകളുടെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. മത്സരത്തിലെ വിജയത്തിന് ശേഷം മുംബൈ നായകൻ ഹർദിക് പാണ്ഡ്യ സംസാരിക്കുകയുണ്ടായി.
മുംബൈയെ സംബന്ധിച്ച് വളരെ നിരാശപ്പെടുത്തുന്ന ഒരു ഐപിഎൽ സീസണാണ് അവസാനിക്കാൻ പോകുന്നത്. ഇതിനോടകം തന്നെ മുംബൈ നായകൻ ഹർദിക് പാണ്ഡ്യ അടക്കമുള്ളവർ വലിയ രീതിയിലുള്ള വിമർശനങ്ങളും ഏറ്റുവാങ്ങുകയുണ്ടായി.
ഇതുവരെ 12 മത്സരങ്ങൾ കളിച്ച മുംബൈയ്ക്ക് കേവലം 4 മത്സരങ്ങളിൽ മാത്രമാണ് വിജയം സ്വന്തമാക്കാൻ സാധിച്ചത്. എന്നാൽ മത്സരങ്ങളിലെ പിഴവുകൾ തങ്ങൾ തിരിച്ചറിയുന്നു എന്നാണ് ഹർദിക് പാണ്ഡ്യ പറഞ്ഞത്. ചില കാര്യങ്ങൾ അനുഭവിച്ചു തന്നെ പഠിക്കേണ്ടതുണ്ട് എന്ന് ഹർദിക് പറയുന്നു.
“ഉത്തരവാദിത്തങ്ങളെ പറ്റി പറയുകയാണെങ്കിൽ, ഞാൻ ഇത്തരത്തിൽ ഉത്തരവാദിത്തങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ഒരാളാണ്. കാരണം നമ്മുടേതായ കാര്യങ്ങൾ നമ്മുടെ സ്വന്തമാകുമ്പോൾ അത് കൂടുതൽ വ്യക്തിപരമായി മാറുന്നു. എന്നെ സംബന്ധിച്ച് എന്റെ ഭാഗത്തു നിന്നുള്ള മുഴുവൻ പിഴവുകളും ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. മാത്രമല്ല ഈ പിഴവുകൾക്കൊപ്പം തന്നെ മത്സരങ്ങളിലെ കൂടുതൽ സാധ്യതകൾ ഉപയോഗിക്കാനും ഞാൻ ശ്രമിക്കുന്നു.”
“ഒരുപക്ഷേ പല സമയത്തും പരാജയങ്ങൾ അറിഞ്ഞേക്കാം. ഇതിൽ നിന്ന് പഠനങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്. അത്തരം അനുഭവങ്ങൾ ആർക്കും തന്നെ നമ്മളെ പഠിപ്പിക്കാൻ സാധിക്കില്ല. നമ്മളോട് എത്ര അടുത്ത് നിൽക്കുന്ന താരത്തിനും, നമ്മളുടെ റോൾ മോഡലിനും ആർക്കും തന്നെ ആ അനുഭവസമ്പത്ത് നമുക്ക് പകർന്നു തരാൻ സാധിക്കില്ല. ഒരുപക്ഷേ മഹി ഭായി(ധോണി) അടുത്തുണ്ടെങ്കിൽ പോലും. അത്തരം കാര്യങ്ങൾ നമ്മൾ നേരിട്ട് അനുഭവിക്കേണ്ടതുണ്ട്”- ഹർദിക്ക് പറയുന്നു.
ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കെ ഹർദിക് പാണ്ഡ്യയുടെ ഈ മോശം പ്രകടനങ്ങൾ ഇതിനോടകം തന്നെ വലിയ രീതിയിൽ ചർച്ചാവിഷയം ആയിട്ടുണ്ട്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ മുംബൈക്കായി മികച്ച പ്രകടനം പുറത്തെടുക്കാൻ പാണ്ഡ്യയ്ക്ക് സാധിച്ചിട്ടില്ല. ഇതിനെപ്പറ്റിയും ഹർദിക്ക് പറയുകയുണ്ടായി.
“ചില പരാജയങ്ങൾ നമ്മൾ അനുഭവിക്കേണ്ടിവരും. ശേഷം അത് പഠിച്ചു തിരിച്ചു വരിക എന്നുള്ളതാണ്. ഇക്കാര്യം കൊണ്ട് തന്നെ എന്റെ റോളിനെ പറ്റിയും എന്തൊക്കെ റോളുകളിൽ ഞാൻ മികച്ചതാണ് എന്നതിനെപറ്റിയും എനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട്. എങ്ങനെ മെച്ചപ്പെട്ട് തിരിച്ചുവരണം എന്നത് ഞാൻ ശ്രമിക്കുകയാണ്.”- പാണ്ഡ്യ കൂട്ടിച്ചേർത്തു.