2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യപാദത്തിൽ രാജസ്ഥാനെ മികച്ച രീതിയിൽ നയിക്കാൻ സഞ്ജു സാംസണിന് സാധിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ സഞ്ജുവിന്റെ മോശം ക്യാപ്റ്റൻസിയാണ് കാണാൻ സാധിച്ചത്. ടീമിനെ പ്ലേയോഫിൽ എത്തിക്കാൻ സാധിച്ചെങ്കിലും, രണ്ടാം ക്വാളിഫയറിൽ സഞ്ജുവിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
ഹൈദരാബാദിനെതിരായ മത്സരത്തിൽ 36 റൺസിനായിരുന്നു രാജസ്ഥാൻ പരാജയം അറിഞ്ഞത്. മത്സരത്തിൽ വളരെ മോശം പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. 11 പന്തുകൾ നേരിട്ട സഞ്ജു മത്സരത്തിൽ 10 റൺസ് മാത്രമാണ് നേടിയത്. ഇതിന് ശേഷം വളരെ നിരാശാജനകമായ പ്രതികരണങ്ങളാണ് സഞ്ജു സാംസൺ നടത്തിയിരിക്കുന്നത്. മാത്രമല്ല സഞ്ജുവിനെ വിമർശിച്ചുകൊണ്ട് ഒരുപാട് മുൻ ക്രിക്കറ്റർമാരും രംഗത്ത് വരികയുണ്ടായി.
മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കറാണ് സഞ്ജു സാംസണെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉന്നയിച്ചത്. സഞ്ജു മത്സരത്തിൽ കളിച്ച മോശം ഷോട്ടിനെ വിമർശിച്ചാണ് ഗവാസ്കർ സംസാരിച്ചത്. ഇത്തരം ഷോട്ടുകൾ കളിക്കുന്നത് കൊണ്ടാണ് സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥിരമായി സ്ഥാനം കണ്ടെത്താത്തത് എന്നും ഗവാസ്കർ പറഞ്ഞു.
പക്ഷേ ഇപ്പോൾ സഞ്ജു സാംസണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ തരം അമ്പാട്ടി റായുഡു. യാതൊരു കാരണവശാലും സഞ്ജു സാംസൻ വിഷമിക്കേണ്ട കാര്യമില്ല എന്നാണ് റായിഡു പറയുന്നത്. ഇത്തവണ ഐപിഎല്ലിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളിൽ ഒരാൾ തന്നെയാണ് സഞ്ജു എന്ന് റായുഡു പറയുന്നു.
“സഞ്ജു സാംസൺ യാതൊരു കാരണവശാലും വിഷമിക്കേണ്ടതില്ല. ഒരു ദിവസം നിങ്ങൾ ഏറ്റവും മികച്ച നായകനായി മാറും. ഇപ്പോൾ നിങ്ങൾ നിങ്ങളുടെ പ്രകടനത്തിൽ അഭിമാനം കൊള്ളേണ്ട സമയമാണ്. ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ മികച്ച രീതിയിൽ നിങ്ങളുടെ ടീമിനെ നയിക്കാൻ നിങ്ങൾക്ക് സാധിച്ചു. മുന്നിൽ നിന്ന് തന്നെ നിങ്ങൾ ടീമിനെ നയിക്കുകയുണ്ടായി. അതാണ് ഒരു ക്യാപ്റ്റനിൽ നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ പരമാവധി തന്നെ ഈ സീസണിൽ നൽകാൻ നിങ്ങൾക്ക് സാധിച്ചു. എന്നിരുന്നാലും പ്ലേയോഫ് എന്നത് എല്ലായിപ്പോഴും കുറച്ച് ട്രിക്കി ആണ്.”- റായുഡു പറയുന്നു.
“നിങ്ങൾ ഇപ്പോഴും നിങ്ങളുടെ കാര്യങ്ങൾ പൂർത്തീകരിച്ചിട്ടില്ല. വലിയൊരു തിരിച്ചുവരവിലൂടെ എല്ലാം പൂർത്തീകരിക്കാൻ നിങ്ങൾക്ക് സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. 2024 ട്വന്റി20 ലോകകപ്പിലും മികച്ച പ്രകടനം നിങ്ങൾക്ക് നടത്താൻ സാധിക്കും എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു.”- റായുഡു കൂട്ടിച്ചേർത്തു. സഞ്ജുവിനെ സംബന്ധിച്ച് ബാറ്റിംഗിൽ വളരെ മികച്ച ഒരു ഐപിഎൽ സീസൺ ആണ് അവസാനിച്ചിരിക്കുന്നത്. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ ബലത്തിലായിരുന്നു സഞ്ജുവിനെ ഇന്ത്യ തങ്ങളുടെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയത്.