“സഞ്ജു ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാവും”, അന്ന് ഗംഭീർ പറഞ്ഞു. പക്ഷേ ഇന്ന് സഞ്ജുവിനെ ഗംഭീർ ഒഴിവാക്കി.

പലരെയും അത്ഭുതപ്പെടുത്തുന്ന തരത്തിൽ ആയിരുന്നു ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചത്. പര്യടനത്തിലെ ട്വന്റി20 പരമ്പരയിൽ സൂര്യകുമാർ യാദവാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയായിരുന്നു മുൻപ് ഇന്ത്യയുടെ ട്വന്റി20 നായകൻ. എന്നാൽ പാണ്ഡ്യയ്ക്ക് പകരക്കാരനായാണ് സൂര്യ എത്തിയത്. ശേഷം ഏകദിന ടീമിലേക്ക് വിരാട് കോഹ്ലിയും രോഹിത് ശർമയും തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ശ്രീലങ്കൻ പര്യടനത്തിലുണ്ട്.

മുൻപ് ഇരുവരും പരമ്പരയിൽ നിന്ന് ഇടവേള എടുക്കുമെന്ന വാർത്ത പരന്നിരുന്നു. എന്നാൽ ഗംഭീറിന്റെ നിർദ്ദേശപ്രകാരം ഇരുവരെയും ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. ഒപ്പം മലയാളി താരം സഞ്ജു സാംസനെ ഏകദിന പരമ്പരയ്ക്കുള്ള സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴി വച്ചിട്ടുണ്ട്.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഏകദിന പരമ്പരയിൽ ടീം അംഗമായിരുന്നു സഞ്ജു. പരമ്പരയിലെ അവസാന ഏകദിന മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കി ഇന്ത്യയെ വിജയത്തിലെത്തിക്കാനും സഞ്ജുവിന് സാധിച്ചിരുന്നു. പക്ഷേ ഇത്ര മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇപ്പോൾ ഏകദിന ടീമിൽ നിന്ന് സഞ്ജുവിനെ ഇന്ത്യ ഒഴിവാക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണ്ണമെന്റിൽ ഇന്ത്യയുടെ പദ്ധതികളിൽ സഞ്ജു സാംസൺ ഉൾപ്പെടുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത് നൽകുന്നത്. സാമൂഹ്യ മാധ്യമത്തിൽ സഞ്ജു നേരിട്ട അവഗണന ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. ഇതിനിടെ ഗൗതം ഗംഭീർ മുൻപ് നടത്തിയ ഒരു പ്രസ്താവനയാണ് വലിയ വൈറൽ ആയിരിക്കുന്നത്.

അന്ന് സഞ്ജുവിനെ വളരെയധികം പ്രശംസിച്ചായിരുന്നു ഗംഭീർ സംസാരിച്ചത്. സഞ്ജു ഒരു ക്ലാസ് ബാറ്ററാണെന്നും അവൻ ഏകദിന ടീമിൽ കളിക്കാതിരിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ നഷ്ടമാണെന്നും അന്ന് ഗംഭീർ പറഞ്ഞിരുന്നു. വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും പോലെ തന്നെ ടീമിൽ പിന്തുണ അർഹിക്കുന്ന താരമാണ് സഞ്ജു സാംസൺ എന്നാണ് ഗംഭീർ അന്ന് കൂട്ടിച്ചേർത്തത്. മാത്രമല്ല ലോക ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്ററാവാൻ സഞ്ജു സാംസണ് സാധിക്കുമെന്നും ഗംഭീർ പറയുകയുണ്ടായി. എന്നാൽ ഇതിന് ശേഷം താൻ പരിശീലകനായുള്ള ആദ്യ പര്യടനത്തിൽ സഞ്ജുവിനെ ഗംഭീർ ഒഴിവാക്കുകയാണ് ഉണ്ടായത്.

Previous articleഏഷ്യകപ്പിൽ പാകിസ്ഥാനെ തുരത്തി ഇന്ത്യൻ വനിതകൾ. മന്ദന – ഷഫാലി ഷോയിൽ 7 വിക്കറ്റ് വിജയം.
Next articleരോഹിത് എന്നെ നെറ്റ്സിൽ നേരിടാറില്ല, കോഹ്ലിയുടെ വിക്കറ്റെടുത്താൽ കോഹ്ലി പ്രകോപിതനാവും – മുഹമ്മദ്‌ ഷാമി.