2024 ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മലയാളി താരം സഞ്ജു സാംസണിനെ സംബന്ധിച്ചും വളരെ വലിയൊരു ഇന്ത്യൻ പ്രീമിയർ ലീഗ് എഡിഷനാണ് എത്താൻ പോകുന്നത്. ടൂർണമെന്റിന് ശേഷം ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കുന്നതിനാൽ തന്നെ സഞ്ജു അടക്കമുള്ള താരങ്ങൾക്ക് ഈ ഐപിഎല്ലിൽ മികവ് പുലർത്തേണ്ടതുണ്ട്.
ഈ സാഹചര്യത്തിൽ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിലെത്താൻ സഞ്ജുവിന് വലിയൊരു അവസരം തന്നെയാണ് വന്നിരിക്കുന്നത് എന്ന് സൂചിപ്പിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഈ ഐപിഎല്ലിൽ മികവ് പുലർത്തിയാൽ സഞ്ജുവിന് അനായാസം ഇന്ത്യയുടെ ടീമിൽ ഇടം പിടിക്കാൻ സാധിക്കും എന്ന് ചോപ്ര വിശ്വസിക്കുന്നു.
ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ മധ്യനിര വിക്കറ്റ് കീപ്പർ ബാറ്ററെ സംബന്ധിച്ച് ഒരുപാട് ആശങ്കകൾ നിലനിൽക്കുകയാണ്. നിലവിൽ സഞ്ജു സാംസൺ, രാഹുൽ, റിഷഭ് പന്ത്, ജിതേഷ് ശർമ, ദ്രുവ് ജൂറൽ എന്നിവരിൽ ഒരാൾക്കാവും വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സെലക്ഷൻ ലഭിക്കുക. ഈ സാഹചര്യത്തിലാണ് ആകാശ് ചോപ്രയുടെ പരാമർശം.
“ഈ ഐപിഎല്ലിൽ ഒരുപാട് അവസരങ്ങൾ എല്ലാവരെയും കാത്തിരിക്കുകയാണ്. ഓറഞ്ച് ക്യാപ് സ്വന്തമാക്കാനുള്ള അവസരമാണ് ജയസ്വാളിനെ കാത്തിരിക്കുന്നത്. ലീഗിൽ കൃത്യമായി ആധിപത്യം സ്ഥാപിക്കാനുള്ള അവസരം ജോസ് ബട്ലറിനെ കാത്തിരിപ്പുണ്ട്. ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഇടം പിടിക്കാൻ സഞ്ജുവിന് അവസരമുണ്ട്. അതേപോലെ തന്നെയാണ് ധ്രുവ് ജൂറലിന്റെയും കാര്യം.”- ചോപ്ര പറയുന്നു.
“രാജസ്ഥാന്റെ ടീമിൽ തന്നെ ട്വന്റി20 ലോകകപ്പിൽ സ്ഥാനം കണ്ടെത്താൻ കളിക്കാർ തമ്മിൽ വലിയൊരു മത്സരം നടക്കുന്നുണ്ട്. ഒരു സ്ഥാനത്തിനായി രണ്ടു താരങ്ങളാണ് ഇപ്പോൾ അണിനിരക്കുന്നത്. ഇന്ത്യയ്ക്ക് ഇഷാൻ കിഷൻ എന്ന ഓപ്പണിങ് വിക്കറ്റ് കീപ്പറുണ്ട്. പക്ഷേ അവന് അവസരം ലഭിക്കാൻ സാധ്യതയില്ല. പന്ത് ഇപ്പോൾ പരിക്കിൽ നിന്ന് തിരികെ എത്തിയിട്ടുണ്ട്. എന്നിരുന്നാലും നേരിട്ട് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് പന്തിനെ തിരഞ്ഞെടുക്കുമെന്ന് കരുതാൻ സാധിക്കില്ല.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.
ഇവർക്കൊപ്പം സ്പിന്നർ ചാഹലിനും തിരികെ ഇന്ത്യൻ ടീമിലേക്ക് എത്താനുള്ള അവസരമാണ് ഐപിഎല്ലിലൂടെ ഒരുങ്ങുന്നത് എന്ന് ആകാശ് ചോപ്ര വിലയിരുത്തുന്നു. “ചഹലിനെ സംബന്ധിച്ച് ഇതൊരു വലിയ അവസരമാണ്. കഴിഞ്ഞ സമയങ്ങളിൽ റഡാറിൽ നിന്ന് ചഹൽ പുറത്തു വന്നിട്ടുണ്ട്. അതിനാൽ തന്നെ തനിക്ക് ലഭിക്കുന്ന അവസരം ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാനാണ് ചാഹൽ ശ്രമിക്കുന്നത്. ‘ഈ ഐപിഎൽ എന്റെ സ്വന്തമായി ഞാൻ മാറ്റുകയാണെങ്കിൽ ആർക്ക് എന്നെ ഒഴിവാക്കാൻ സാധിക്കും’ എന്ന ചോദ്യമാവും ചാഹൽ ചോദിക്കുന്നത്.”- ചോപ്ര പറഞ്ഞു വയ്ക്കുന്നു.