ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗംഭീര തുടക്കമായിരുന്നു രാജസ്ഥാൻ റോയൽസിന് ലഭിച്ചത്. തങ്ങളുടെ സീസണിലെ ആദ്യ 9 മത്സരങ്ങളിൽ 8 മത്സരങ്ങളിലും വിജയം സ്വന്തമാക്കി പ്ലേയോഫ് ഉറപ്പിക്കാൻ സഞ്ജുവിന്റെ ടീമിന് സാധിച്ചു. എന്നാൽ അവസാന 4 മത്സരങ്ങളിലും തുടർച്ചയായി പരാജയപ്പെട്ട രാജസ്ഥാൻ ആരാധകരെ അടക്കം നിരാശയിൽ ആക്കിയിരിക്കുകയാണ്.
കഴിഞ്ഞ മത്സരങ്ങളിലൊന്നും തന്നെ സഞ്ജുവിന്റെ ടീമിൽ പോരാടാൻ പോലും ആരും തയ്യാറായില്ല. രാജസ്ഥാന്റെ ഇത്തരത്തിലുള്ള പിന്നോട്ട് പോക്കിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൺ. 2024 ഐപിഎല്ലിന്റെ പ്ലേയോഫ് ഉറപ്പിച്ചെങ്കിലും മോശം പ്രകടനം നടത്തേണ്ട സമയം ഇതല്ല എന്ന് വാട്സൺ സഞ്ജു സാംസണെയും രാജസ്ഥാൻ റോയൽസിനെയും ഓർമ്മിപ്പിക്കുന്നു.
“2024 ഐപിഎല്ലിൽ തുടർ വിജയങ്ങളോടെയായിരുന്നു രാജസ്ഥാൻ തുടങ്ങിയത്. എന്നാൽ ഇപ്പോൾ അതിന്റെ ആവേശം രാജസ്ഥാന് നഷ്ടമായിരിക്കുന്നു. ഇന്നലെ പഞ്ചാബിനെതിരെ നടന്ന മത്സരത്തിലും രാജസ്ഥാനായി ആരും തന്നെ പോരാടാൻ പോലും തയ്യാറായില്ല. നായകനായ സഞ്ജു ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ല.”
”റിയാൻ പരാഗും ആവേഷ് ഖാനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ബാക്കിയെല്ലാവരും മോശം പ്രകടനമാണ് നടത്തിയത്. ഇത്തരത്തിൽ മോശം പ്രകടനം പുറത്തെടുക്കേണ്ട സമയമല്ല ഇത്. പ്ലേയോഫ് മത്സരത്തിനായി ഇറങ്ങുന്നതിന് മുൻപ് കുറച്ച് ആത്മവിശ്വാസം സ്വയമേ തിരിച്ചുപിടിക്കേണ്ട സമയമാണിത്. പക്ഷേ ഇപ്പോൾ രാജസ്ഥാൻ സഞ്ചരിക്കുന്നത് നേരെ വിപരീത ദിശയിലാണ്.”- ഷെയിൻ വാട്സൺ പറയുന്നു.
“ഇത്തവണത്തെ ഐപിഎല്ലിന്റെ തുടക്കത്തിൽ എന്നെ എല്ലാത്തരത്തിലും ഞെട്ടിച്ച ടീമായിരുന്നു രാജസ്ഥാന്റേത്. ആദ്യ സമയങ്ങളിൽ രാജസ്ഥാന് യാതൊരുതര ബലഹീനതകളും ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നില്ല. പക്ഷേ കാര്യങ്ങൾ ഇപ്പോൾ ആ രീതിയിലല്ല നടക്കുന്നത്. രാജസ്ഥാൻ റോയൽസ് ടീമിൽ നിന്ന് ഈ രീതിയിലുള്ള പ്രകടനങ്ങളല്ല ആരാധകർ പ്രതീക്ഷിക്കുന്നത്.”- ഷെയിൻ വാട്സൺ ജിയോ സിനിമയിൽ പറയുകയുണ്ടായി. പഞ്ചാബിനെതിരായ മത്സരത്തിൽ തങ്ങളുടെ തുടർച്ചയായ നാലാം പരാജയമാണ് രാജസ്ഥാൻ നേരിട്ടത്. ഈ പരാജയത്തോടെ ആദ്യ ക്വാളിഫയറിൽ കളിക്കാനുള്ള അവസരം രാജസ്ഥാനിൽ നിന്ന് അകന്നു പോയിട്ടുണ്ട്.
ഇപ്പോൾ 16 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് രാജസ്ഥാൻ നിൽക്കുന്നത്. ടൂർണമെന്റിന്റെ ആദ്യ പകുതിയിൽ മികച്ച പോയിന്റുകളുമായി ഒന്നാം സ്ഥാനം രാജസ്ഥാൻ കയ്യടക്കിയിരുന്നു. ഇനി രാജസ്ഥാന് ലീഗ് സ്റ്റേജിൽ അവശേഷിക്കുന്നത് ഒരു മത്സരം മാത്രമാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് രാജസ്ഥാന്റെ ലീഗ് സ്റ്റേജിലെ അവസാന മത്സരം നടക്കുന്നത്. ഈ മത്സരത്തിൽ വിജയം നേടിയാൽ മാത്രമേ രാജസ്ഥാന് ആദ്യ ക്വാളിഫയറിൽ കളിക്കാൻ സാധിക്കൂ.