സിംബാബ്വെയ്ക്കെതിരായ അവസാന ട്വന്റി20 മത്സരത്തിലും വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 42 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ അർത്ഥ സെഞ്ച്വറി സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണായിരുന്നു ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങിയത്.
ബോളിങ്ങിൽ മുകേഷ് കുമാറും ശിവം ദുബയും അടക്കമുള്ളവർ മികവ് പുലർത്തിയപ്പോൾ ഇന്ത്യ അനായാസ വിജയം കൈയടക്കുകയായിരുന്നു. ഈ വിജയത്തോടെ 4-1 എന്ന നിലയിൽ പരമ്പര അവസാനിപ്പിക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടുണ്ട്. സഞ്ജു സാംസനെ സംബന്ധിച്ചും ഒരുപാട് ആത്മവിശ്വാസം നൽകുന്ന പ്രകടനമാണ് മത്സരത്തിൽ ഉണ്ടായത്.
മത്സരത്തിൽ ടോസ് നേടിയ സിംബാബ്വെ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അത്ര മികച്ച തുടക്കമായിരുന്നില്ല ഇന്ത്യയ്ക്ക് ലഭിച്ചത്. ജയസ്വാളിന്റെയും(12) ഗില്ലിന്റെയും(13) അഭിഷേക് ശർമയുടെയും(14) വിക്കറ്റുകൾ തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ മലയാളി താരം സഞ്ജു സാംസൺ ക്രീസിലുറച്ച് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. റിയാൻ പരഗുമൊപ്പം ചേർന്ന് ഒരു തരക്കേടില്ലാത്ത കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ സഞ്ജുവിന് സാധിച്ചു. ഇന്നിംഗ്സിന്റെ ആദ്യപകുതിയിൽ മെല്ലെ പോയ സഞ്ജു പിന്നീട് തന്റെ റേഞ്ചിലേക്ക് എത്തുന്നതാണ് കാണാൻ സാധിച്ചത്.
മത്സരത്തിൽ 45 പന്തുകൾ നേരിട്ട സഞ്ജു ഒരു ബൗണ്ടറിയും 4 സിക്സറുകളും അടക്കം 58 റൺസാണ് നേടിയത്. പരഗ് പുറത്തായ ശേഷം ക്രീസിലെത്തിയ ശിവം ദുബയും വെടിക്കെട്ട് തീർത്തപ്പോൾ ഇന്ത്യയുടെ സ്കോർ 167ൽ എത്തി. 12 പന്തുകളിൽ 2 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 26 റൺസാണ് ദുബെ നേടിയത്. ഇങ്ങനെ ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 167 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച സിംബാബ്വെയ്ക്ക് മദവേരെയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. ശേഷം മറുമാണി ക്രീസിലുറച്ചു. പിന്നീട് മയേഴ്സും ചേർന്നതോടെ സിംബാബ്വെ വിജയലക്ഷ്യത്തിലേക്ക് പതിയെ നീങ്ങി.
ആദ്യ 10 ഓവറുകളിൽ കൃത്യമായി ഇന്നിംഗ്സ് മുൻപോട്ട് കൊണ്ടുപോകാൻ ഇരുവർക്കും സാധിച്ചു. മയേഴ്‌സ് 32 പന്തുകളിൽ 34 റൺസാണ് മത്സരത്തിൽ നേടിയത്. എന്നാൽ മധ്യ ഓവറുകളിൽ ശിവം ദുബെയും അഭിഷേക് ശർമയും കൃത്യമായ ബോളിംഗ് പ്രകടനം കാഴ്ചവച്ചത് ഇന്ത്യയ്ക്ക് സഹായകരമായി മാറി.
വളരെ പക്വതയോടെയാണ് ദുബെ മത്സരത്തിൽ പന്തറിഞ്ഞത്. മധ്യ ഓവറുകളിൽ നിർണായകമായ മയേഴ്സിന്റെയും ക്യാമ്പലിന്റെയും വിക്കറ്റ് സ്വന്തമാക്കാൻ ദുബെയ്ക്ക് സാധിച്ചു. ഒപ്പം നായകൻ റാസയെ ദുബെ റൺഔട്ട് ആക്കുകയും ചെയ്തു. ഇതോടെ മത്സരത്തിലേക്ക് ഇന്ത്യ പൂർണ്ണമായും തിരിച്ചുവരികയായിരുന്നു. പിന്നീട് മുകേഷ് കുമാർ(4 വിക്കറ്റ്) അടക്കമുള്ള ബോളർമാർ മികവ് പുലർത്തിയപ്പോൾ ഇന്ത്യ മത്സരത്തിൽ വിജയം സ്വന്തമാക്കി.