ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും രാജസ്ഥാനെതിരെ കള്ളക്കളിയുമായി അമ്പയർമാർ. രാജസ്ഥാൻ റോയൽസിന്റെ ഹൈദരാബാദിനെതിരായ മത്സരത്തിനിടയാണ് ഒരു വ്യക്തമായ റൺഔട്ട് അമ്പയർമാർ നോട്ടൗട്ടാക്കി മാറ്റിയത്.
മത്സരത്തിൽ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ നേടിയെടുത്ത തകർപ്പൻ റണ്ണൗട്ടാണ് തേർഡ് അമ്പയർ യാതൊരു വിലയും കൽപ്പിക്കാതെ നോട്ടൗട്ട് വിളിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഉണ്ടായിട്ടുള്ളത്. മാത്രമല്ല മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ അടക്കമുള്ളവർ അമ്പയർമാരുടെ ഈ മോശം തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
മത്സരത്തിൽ ഹൈദരാബാദ് ഇന്നിങ്സിലെ പതിനഞ്ചാം ഓവറിലാണ് സംഭവം അരങ്ങേറിയത്. ആവേഷ് ഖാൻ എറിഞ്ഞ പന്ത് അടിച്ചകറ്റാൻ ഹെഡ് ശ്രമിച്ചെങ്കിലും, കൃത്യമായ രീതിയിൽ കണക്ട് ചെയ്യാൻ സാധിച്ചില്ല. ഈ സാഹചര്യത്തിൽ പന്ത് വിക്കറ്റ് കീപ്പർ സഞ്ജുവിന്റെ കൈകളിൽ എത്തി.
കൃത്യമായി ഒരു അണ്ടർ ആം ത്രോയിലൂടെ സഞ്ജു കുറ്റിപിഴുതു. ഈ സമയത്ത് ഹെഡിന്റെ ബാറ്റ് ക്രീസിൽ കുത്തിയിരുന്നില്ല. അത് വായുവിൽ നിൽക്കുകയാണ് എന്നത് വ്യക്തമായിരുന്നു. ഇതോടെ ഫീൽഡ് അമ്പയർ തേർഡ് അമ്പയർക്ക് തീരുമാനം കൈമാറി. ഇതിന് ശേഷമാണ് അത്ഭുതകരമായ കാര്യം സംഭവിച്ചത്.
ബെയ്ൽസ് മിന്നുന്ന സമയത്ത് ഹെഡിന്റെ ബാറ്റ് വായുവിലായിരുന്നു എന്ന കാര്യം വ്യക്തമായിരുന്നു. എന്നാൽ തേർഡ് അമ്പയർ അത് നോട്ടൗട്ട് നൽകുകയാണ് ചെയ്തത്. മൈതാനത്തെ സ്ക്രീനിൽ നോട്ടൗട്ട് എന്ന് എഴുതി കാണിച്ചപ്പോൾ തന്നെ രാജസ്ഥാൻ കോച്ച് സംഗക്കാര അടക്കമുള്ളവർ തങ്ങളുടെ വിയോജിപ്പ് അറിയിക്കുകയുണ്ടായി.
ശേഷം സംഗക്കാര നാലാം അമ്പയറുമായി വാക്കുകൾ കൈമാറുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിച്ചു. ഈ ഐപിഎല്ലിൽ ഇതിനോടകം തന്നെ ഒരുപാട് മോശം തീരുമാനങ്ങളുടെ പേരിൽ അമ്പയർമാർ രൂക്ഷ വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്. ഇതിന് ശേഷം ഈ വിവാദ തീരുമാനത്തിനെതിരെ ഇന്ത്യയുടെ മുൻ താരം ഇർഫാൻ പത്താനും രംഗത്ത് വന്നിരുന്നു.
അമ്പയർമാർ രണ്ട് ഫ്രെയിം കൂടി കൃത്യമായി പരിശോധിച്ചിരുന്നുവെങ്കിൽ അത് ഔട്ടാണ് എന്ന് ബോധ്യപ്പെട്ടേനെ എന്നാണ് പത്താൻ പറഞ്ഞത്. “വീണ്ടും അമ്പയർമാരിൽ നിന്നും അവിശ്വസനീയമായ ഒരു തീരുമാനമാണ് ഉണ്ടായിരിക്കുന്നത്? ആ ദൃശ്യത്തിന്റെ രണ്ടു ഫ്രെയിമുകൾ കൂടി കാണാനുണ്ടായിരുന്നു. ഹെഡിന്റെ ബാറ്റ് ഉറപ്പായും വായുവിൽ തന്നെയായിരുന്നു.”- പത്താൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. എന്തായാലും ഈ വിഷയത്തിൽ ഇനിയും വിവാദങ്ങൾ പൊട്ടിപ്പുറപ്പെടും എന്ന കാര്യം ഉറപ്പാണ്. രാജസ്ഥാനെ സംബന്ധിച്ച് നിർണായകമായ ഒരു വിക്കറ്റാണ് നഷ്ടമായത്.