പഞ്ചാബിനെതിരായ മത്സരത്തിൽ 3 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കാൻ സാധിച്ചെങ്കിലും രാജസ്ഥാൻ റോയൽസ് ടീമിനും സഞ്ജു സാംസനുമെതിരെ വലിയ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. മത്സരത്തിൽ രാജസ്ഥാൻ പ്രയോഗിച്ച ചില തന്ത്രങ്ങളിലെ മണ്ടത്തരങ്ങൾ ചൂണ്ടിക്കാട്ടിയാണ് റോബിൻ ഉത്തപ്പ രംഗത്ത് വന്നിരിക്കുന്നത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 147 റൺസ് സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിൽ ബട്ലർക്ക് പകരം അരങ്ങേറ്റ മത്സരം കളിക്കുന്ന തനുഷ് കൊട്ടിയനെയാണ് രാജസ്ഥാൻ ഓപ്പണറായി പരീക്ഷിച്ചത്. എന്നാൽ കൊട്ടിയൻ ബാറ്റിംഗിൽ പൂർണമായും പരാജയപ്പെടുകയുണ്ടായി. രാജസ്ഥാന്റെ ഈ തന്ത്രത്തെ വിമർശിച്ചാണ് ഉത്തപ്പ രംഗത്ത് എത്തിയത്.
അരങ്ങേറ്റ മത്സരം കളിക്കുന്ന ഒരു താരത്തെ ഓപ്പണിങ് ഇറക്കുക എന്നത് വലിയ മണ്ടത്തരമാണ് എന്ന് ഉത്തപ്പ പറയുന്നു. രാജസ്ഥാൻ എല്ലാ സീസണിലും വളരെ വലിയ കരുത്തുള്ള ടീമാണെന്നും, എന്തെങ്കിലും മണ്ടത്തരങ്ങൾ കാട്ടി പുറത്താവാറാണ് പതിവുള്ളതെന്നും ഉത്തപ്പ പറഞ്ഞു.
ഇത്തരം തെറ്റുകളിൽ നിന്നെങ്കിലും രാജസ്ഥാൻ കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനും തയ്യാറാവണം എന്നാണ് ഉത്തപ്പ പറയുന്നത്. ഒരുകാരണവശാലും ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ ആദ്യ മത്സരം കളിക്കുന്ന താരത്തെ ഓപ്പറായി ഇങ്ങനെ ഇറക്കരുത് എന്ന് ഉത്തപ്പ നിർദ്ദേശിക്കുന്നു.
“എല്ലാ ആളുകളെയും അമ്പരപ്പിക്കാനാണ് രാജസ്ഥാൻ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്നാണ് ഞാൻ കരുതുന്നത്. ജയസ്വാളിനൊപ്പം തനുഷ് കൊട്ടിയൻ ഓപ്പൺ ചെയ്യാൻ വരുന്നത് കണ്ട് ഞാൻ ആദ്യം തന്നെ കമന്ററി ബോക്സിൽ ഇരുന്ന് അമ്പരന്നു പോയി. എന്ത് യുക്തിയാണ് ഇക്കാര്യത്തിന്റെ പിന്നിലുള്ളത് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല. അവർ അവരുടേതായ രീതിയിൽ കളിച്ചാൽ പോലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കും.”
“പക്ഷേ ഇത്തരത്തിലുള്ള വലിയ മണ്ടത്തരങ്ങൾ ചെയ്യാതിരിക്കാൻ രാജസ്ഥാൻ ശ്രമിക്കണം. എല്ലാ സീസണുകളിലും ഇത്തരം ആന മണ്ടത്തരങ്ങളാണ് അവരെ പരാജയത്തിലേക്ക് നയിക്കുന്നത്. തന്റെ ആദ്യ മത്സരം കളിക്കുന്ന ഒരു യുവതാരത്തെ ഒരിക്കലും ഓപ്പണിംഗിനായി പറഞ്ഞയക്കരുത്. ഇത് ഞാൻ മുൻപ് കണ്ടിട്ടുള്ള കാര്യമല്ല.”- ഉത്തപ്പ പറയുന്നു.
ഓപ്പണർ ജോസ് ബട്ലർക്ക് പരിക്കു പറ്റിയത് മൂലമായിരുന്നു രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈക്കായി വമ്പൻ പ്രകടനം പുറത്തെടുത്ത തനുഷ് കൊട്ടിയനെ രാജസ്ഥാൻ ഓപ്പണിങ് ഇറക്കിയത്. എന്നിരുന്നാലും മുംബൈക്കായി രഞ്ജിയിൽ പത്താം നമ്പറിലാണ് കൊട്ടിയൻ ഇറങ്ങിയിരുന്നത് പക്ഷേ കഴിഞ്ഞ സീസണിൽ പത്താം നമ്പരിൽ മുംബൈയ്ക്കായി സെഞ്ചുറി സ്വന്തമാക്കി റെക്കോർഡ് സൃഷ്ടിച്ച പാരമ്പര്യമാണ് കൊട്ടിയനുള്ളത്.
എന്നിരുന്നാലും മത്സരത്തിൽ 31 പന്തുകൾ നേരിട്ട കൊട്ടിയൻ കേവലം 24 റൺസ് മാത്രമാണ് നേടിയത്. വരും മത്സരങ്ങളിൽ രാജസ്ഥാൻ ഇത്തരം പരീക്ഷണങ്ങൾക്ക് മുതിരില്ല എന്ന പ്രതീക്ഷയിലാണ് ആരാധകർ.