ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20യ്ക്ക് മുൻപായി മലയാളി താരം സഞ്ജു സാംസണ് അങ്ങേയറ്റം പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യയുടെ അസിസ്റ്റന്റ് പരിശീലകൻ റയാൻ ടെൻ ഡോഷെ. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലും സഞ്ജു സാംസൺ കളിക്കുമെന്നത് ഡോഷെ ഉറപ്പിച്ചു പറയുന്നു. ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ മോശം പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ സഞ്ജുവിനെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കണമെന്ന വിമർശനങ്ങൾ എത്തിയിരുന്നു. ഇതിന് മറുപടിയാണ് ഡോഷെ നൽകിയിരിക്കുന്നത്. സഞ്ജു ആദ്യ മത്സരത്തിൽ കളിച്ചത്, ടീം ആവശ്യപ്പെട്ട രീതിയിലാണ് എന്ന് ഡോഷെ വെളിപ്പെടുത്തുന്നു
ആദ്യ മത്സരത്തിൽ സഞ്ജു സാംസണ് അനായാസമായി അർദ്ധ സെഞ്ച്വറി നേടാൻ സാധിക്കുമായിരുന്നു എന്നാണ് ഡോഷെ പറഞ്ഞത്. എന്നാൽ ടീം മാനേജ്മെന്റിന്റെ ആവശ്യപ്രകാരമാണ് സഞ്ജു ആദ്യ മത്സരത്തിൽ നിരന്തരം ബൗണ്ടറികൾ സ്വന്തമാക്കാൻ ശ്രമിച്ചത് എന്ന് ഡോഷെ വെളിപ്പെടുത്തുന്നു. ഇക്കാരണത്താൽ മൂന്നാം മത്സരത്തിലും സഞ്ജു ഉണ്ടാവും എന്നത് ഡോഷെ ഉറപ്പിച്ചു പറയുന്നു. പ്രധാനമായും ഇപ്പോൾ ഇന്ത്യ യുവതാരങ്ങൾക്ക് അവസരം നൽകാനാണ് ശ്രമിക്കുന്നത് എന്ന് കോച്ച് വെളിപ്പെടുത്തുകയുണ്ടായി. രാജ്യാന്തര മത്സരങ്ങളിൽ കൂടുതൽ താരങ്ങൾക്ക് അവസരം നൽകുന്നതിനൊപ്പം, പരമ്പരയിൽ അനായാസ വിജയങ്ങൾ സ്വന്തമാക്കുക എന്നതും തങ്ങളുടെ ലക്ഷ്യമാണ് എന്ന് ഡോഷെ പറഞ്ഞു.
“ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ സഞ്ജുവിന് അനായാസം അർധസെഞ്ച്വറി നേടാൻ സാധിക്കുമായിരുന്നു. പക്ഷേ അവൻ മത്സരത്തിൽ തുടർച്ചയായി ബൗണ്ടറികൾ സ്വന്തമാക്കാൻ ശ്രമിക്കുകയായിരുന്നു. ടീം മാനേജ്മെന്റ് അവനോട് ആവശ്യപ്പെട്ടത് പ്രകാരമാണ് അവൻ ബൗണ്ടറികൾ സ്വന്തമാക്കാൻ ശ്രമിച്ചത്. ഇപ്പോഴത്തെ മത്സരങ്ങളിൽ കൂടുതൽ താരങ്ങൾക്ക് അവസരം നൽകുക എന്നതാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതിനു വേണ്ടി ഞങ്ങൾ കഴിഞ്ഞ കുറച്ചു നാളുകളായി പരിശ്രമിക്കുകയാണ് സഞ്ജുവിന് ഇനിയും അവസരങ്ങൾ നൽകും. എന്നാൽ ടീമിൽ കുറച്ചു പകരക്കാരുണ്ട്. പരമ്പര വിജയിക്കുന്നതിനൊപ്പം കുറച്ചു പുതുമുഖങ്ങൾക്ക് അവസരം നൽകുക എന്നതും ടീമിന്റെ ലക്ഷ്യമാണ്.”- ഡോഷെ പറയുന്നു.
ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ 19 പന്തുകളിൽ 29 റൺസായിരുന്നു സഞ്ജു സാംസൺ നേടിയത്. മത്സരത്തിൽ ആദ്യ ബോൾ മുതൽ ബൗണ്ടറികൾ സ്വന്തമാക്കാൻ ആയിരുന്നു സഞ്ജു ശ്രമിച്ചത്. ഇതുവരെ ഇന്ത്യക്കായി 32 ട്വന്റി20 മത്സരങ്ങളാണ് സഞ്ജു സാംസൺ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 483 റൺസ് സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. പക്ഷേ അവസാന കുറച്ച് ഇന്നിംഗ്സുകളിലായി സഞ്ജുവിന് അർദ്ധ സെഞ്ച്വറി പോലും നേടാൻ സാധിച്ചിരുന്നില്ല. ഇതിന് ശേഷമാണ് വലിയ വിമർശനങ്ങൾ സഞ്ജുവിനെതിരെ ഉയർന്നത്. മൂന്നാം ട്വന്റി20യിൽ സഞ്ജു മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.