ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയതോടെ വലിയ റെക്കോർഡുകൾ സ്വന്തം പേരിൽ ചേർക്കാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിരുന്നു. ഇതിന് ശേഷം വളരെ വലിയ പ്രതീക്ഷയോടെയാണ് സഞ്ജു രണ്ടാം മത്സരത്തിൽ ക്രീസിലെത്തിയത്. എന്നാൽ മത്സരത്തിൽ പൂജ്യനായി സഞ്ജുവിന് പുറത്താവേണ്ടി വന്നു.
മാത്രമല്ല ഇന്ത്യ മത്സരത്തിൽ പരാജയം നേരിടുകയും ചെയ്തു. സഞ്ജുവിന്റെ ഈ മോശം പ്രകടനത്തിന് ശേഷം വലിയ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ക്രിസ് ശ്രീകാന്ത്. അമിതമായ ആവേശമാണ് സഞ്ജുവിനെ രണ്ടാം മത്സരത്തിൽ പിന്നോട്ടടിച്ചത് എന്ന് ശ്രീകാന്ത് പറയുകയുണ്ടായി.
രണ്ടാം മത്സരത്തിന്റെ ആദ്യ ഓവറിൽ മാർക്കോ യാൻസനായിരുന്നു സഞ്ജുവിനെ ക്ലീൻ ബോൾഡായി പുറത്താക്കിയത്. ഇതിന് ശേഷമാണ് ശ്രീകാന്ത് വിമർശനവുമായി രംഗത്തെത്തിയത്. അമിതമായ ആവേശമാണ് സഞ്ജുവിന്റെ മോശം ഷോട്ട് സെലക്ഷന് കാരണമായത് എന്ന് ശ്രീകാന്ത് പറയുന്നു. ട്വന്റി20 ക്രിക്കറ്റിൽ ഇത്തരത്തിൽ അശ്രദ്ധമായ ഷോട്ടുകൾ കളിച്ചാൽ അത് വിനയായി മാറും എന്നാണ് ശ്രീകാന്ത് സഞ്ജുവിനെ ഓർമിപ്പിക്കുന്നത്. കുറച്ചുകൂടി ക്ഷമയോടെ ക്രീസിൽ സഞ്ജു തുടരാൻ ശ്രമിക്കണമെന്ന് ശ്രീകാന്ത് പറയുന്നു. പല സമയങ്ങളിലും അമിതമായ ആത്മവിശ്വാസം ദോഷം ചെയ്യുമെന്നും സഞ്ജുവിനെ ഓർമിപ്പിക്കാൻ ശ്രീകാന്ത് മറന്നില്ല.
“ആദ്യ ട്വന്റി20 മത്സരത്തിൽ എത്ര മനോഹരമായാണ് മലയാളി താരം സഞ്ജു സാംസൺ ബാറ്റ് ചെയ്തത് എന്ന് നോക്കൂ. ഗംഭീരമായി മത്സരത്തിൽ പ്രകടനം കാഴ്ചവയ്ക്കാൻ അവന് സാധിച്ചു. പക്ഷേ രണ്ടാം മത്സരത്തിൽ അവൻ പുറത്തായ രീതി നോക്കുക. അമിതമായ ആത്മവിശ്വാസത്തോടെയുള്ള ഷോട്ടാണ് രണ്ടാം മത്സരത്തിൽ സഞ്ജു കളിച്ചത്. ട്വന്റി20 മത്സരത്തിൽ ഇത്തരത്തിൽ അശ്രദ്ധമായ ഷോട്ടുകൾ കളിക്കാൻ പാടില്ല. അവൻ കുറച്ചുകൂടി ക്ഷമ കാണിക്കണമായിരുന്നു. ചില സമയത്ത് ഇത്തരത്തിലുള്ള ആത്മവിശ്വാസം വലിയ ദോഷം ചെയ്യും. ഇപ്പോൾ വളരെ വ്യത്യസ്തമായ രീതിയിലാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്. സഞ്ജു പുറത്തായ ഷോട്ടിൽ നിന്ന് ഒന്ന് വ്യക്തമാണ്. അവന് അമിതമായ ആത്മവിശ്വാസം ഉണ്ടായിരുന്നു.”- ശ്രീകാന്ത് പറയുന്നു.
ആദ്യ മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയതോടെ വലിയ റെക്കോർഡുകളായിരുന്നു സഞ്ജു പേരിൽ ചേർത്തത്. ഇന്ത്യക്കായി ട്വന്റി20 ക്രിക്കറ്റിൽ തുടർച്ചയായി സെഞ്ച്വറികൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡ് തന്റെ പേരിൽ ചേർക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. മത്സരത്തിൽ 47 പന്തുകളിൽ നിന്നാണ് സഞ്ജു സാംസൺ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. അതിനാൽ തന്നെ വരും മത്സരങ്ങളിലും സഞ്ജു ഇന്ത്യയുടെ ഓപ്പണറായി ടീമിലുണ്ടാകും എന്നത് ഉറപ്പാണ്. പക്ഷേ രണ്ടാം മത്സരത്തിൽ പൂജ്യനായി മടങ്ങിയത് സഞ്ജുവിന്റെ ആരാധകരെയടക്കം വലിയ രീതിയിൽ നിരാശയിലാക്കിയിട്ടുണ്ട്.