2024 ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചിരിക്കുകയാണ്. ഇനി ക്രിക്കറ്റ് ലോകം പൂർണമായും ശ്രദ്ധ വയ്ക്കുന്നത് 2024ലെ ട്വന്റി20 ലോകകപ്പിലേക്കാണ്. 2023 ഏകദിന ലോകകപ്പ് കപ്പിനും ചുണ്ടിനും ഇടയിലാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
അതിനാൽ തന്നെ ഏതുവിധേനയും 2024 ലോകകപ്പിൽ കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യം മാത്രമാണ് നിലവിൽ ഇന്ത്യയ്ക്ക് ഉള്ളത്. ഇതിനായി യുവതാരങ്ങളും പരിചയസമ്പന്നരും അടങ്ങുന്ന 15 അംഗ സ്ക്വാഡിനെ ഇന്ത്യ തിരഞ്ഞെടുത്തിട്ടുണ്ട്. സ്ക്വാഡിൽ വിക്കറ്റ് കീപ്പറായി അണിനിരക്കുന്നത് ഋഷഭ് പന്തും സഞ്ജു സാംസനുമാണ്.
ഇവരിൽ ആര് ഇന്ത്യയുടെ ലോകകപ്പിലെ ഇലവനിലേക്ക് സ്ഥാനം കണ്ടെത്തും എന്ന ചർച്ച പുരോഗമിക്കുകയാണ്. ഇതിനുള്ള ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ ഇപ്പോൾ.
സഞ്ജു സാംസൺ നിലവിൽ മികച്ച ഫോമിലാണ് കളിക്കുന്നതെങ്കിലും ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നത് റിഷഭ് പന്തിനെ ആയിരിക്കുമെന്നാണ് പാർഥിവ് പട്ടേലിന്റെ അഭിപ്രായം. ഇതിന് പ്രധാന കാരണമായി പട്ടേൽ ചൂണ്ടിക്കാട്ടുന്നത്, പന്ത് ഒരു ഇടംകയ്യനാണ് എന്നതാണ്.
ഇന്ത്യയുടെ ലൈനപ്പിൽ വൈവിധ്യം കൊണ്ടുവരാൻ പന്തിന് സാധിക്കുമെന്ന് പാർഥിവ് പറയുന്നു. ഇന്ത്യയ്ക്ക് മധ്യനിരയിൽ ഒരു ഇടംകയ്യൻ ബാറ്ററുടെ ആവശ്യമുണ്ടെന്നും, പന്ത് അതിനു യോജിച്ച വ്യക്തിയാണെന്നും പാർത്ഥിവ് കൂട്ടിച്ചേർത്തു. എന്നിരുന്നാലും യാതൊരു കാരണവശാലും സഞ്ജു സാംസനെയും തള്ളിക്കളയാൻ സാധിക്കില്ല എന്നാണ് പാർഥിവ് പറയുന്നത്.
“ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസൺ വളരെ മികച്ച രീതിയിൽ രാജസ്ഥാനെ നയിക്കുകയുണ്ടായി. മാത്രമല്ല സീസണിൽ കൃത്യമായി റൺസ് കണ്ടെത്താനും സഞ്ജുവിന് സാധിച്ചു. ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ല. പക്ഷേ റിഷഭ് പന്ത് വരുന്നത് ഒരുപാട് വ്യത്യസ്തതകളുമായാണ്. ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിൽ നമുക്ക് മധ്യനിരയിൽ ഒരു ഇടംകയ്യൻ ബാറ്ററെ ആവശ്യമാണ്. അങ്ങനെ ചിന്തിക്കുമ്പോൾ ഇന്ത്യ പന്തിനെ തന്നെ ടീമിൽ ഉൾപ്പെടുത്താനാണ് സാധ്യത. എന്നിരുന്നാലും രണ്ടു താരങ്ങളും വളരെ മികച്ച പ്രതിഭകളാണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല.”- പട്ടേൽ പറയുന്നു.
ഈ ഐപിഎൽ സീസണിൽ പന്തിനെക്കാൾ മികച്ച പ്രകടനങ്ങളാണ് സഞ്ജു സാംസൺ കാഴ്ച വെച്ചിട്ടുള്ളത്. സീസണിൽ 500ലധികം റൺസ് സ്വന്തമാക്കാൻ രാജസ്ഥാൻ നായകന് സാധിച്ചിരുന്നു. ഇതാദ്യമായാണ് സഞ്ജു സാംസൺ ഒരു ഐപിഎൽ സീസണിൽ 500ലധികം റൺസ് സ്വന്തമാക്കുന്നത്.
ടൂർണമെന്റിന്റെ അവസാന മത്സരങ്ങളിൽ മികവ് പുലർത്താൻ സാധിച്ചില്ലെങ്കിലും സഞ്ജുവിന് തന്റെ പ്രതിഭ തെളിയിക്കാൻ സാധിച്ച ഒരു സീസൺ തന്നെയാണ് 2024 ഐപിഎൽ. ഈ സാഹചര്യത്തിൽ ഇന്ത്യ സഞ്ജുവിനെയും ലോകകപ്പ് ടീമിൽ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.