2024 ഇന്ത്യൻ പ്രീമിയർ ലീഗ് ഇതിനോടകം അവസാനിച്ചിരിക്കുകയാണ്. വളരെ ആവേശകരമായ മത്സരങ്ങൾ നിറഞ്ഞുനിന്ന ലീഗിൽ ഒരുപാട് വ്യക്തിഗത പ്രകടനങ്ങളും ഉണ്ടായിട്ടുണ്ട്. മാത്രമല്ല വ്യക്തിഗത പ്രകടനങ്ങളിൽ ഉപരിയായി ടീമിനായി മികച്ച പ്രകടനം കാഴ്ചവച്ച ഒരുപാട് താരങ്ങളുമുണ്ട്. ലീഗിലെ 10 നായകന്മാരും തങ്ങൾക്കാവുന്ന വിധം കിരീടം സ്വന്തമാക്കാൻ ശ്രമിക്കുകയുണ്ടായി.
എന്നാൽ ഈ സീസണിലെ ഏറ്റവും മികച്ച നായകനാര് എന്ന ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഈ സീസണിലെ ഏറ്റവും മികച്ച നായകൻ സഞ്ജുവോ ശ്രേയസ് അയ്യരോ അല്ല എന്നാണ് ഇർഫാൻ പറയുന്നത്. ലീഗിൽ ഹൈദരാബാദിന്റെ നായകനായ കമ്മിൻസാണ് ഏറ്റവും മികച്ച ക്യാപ്റ്റൻ എന്ന് ഇർഫാൻ പത്താൻ പറയുകയുണ്ടായി.
20.5 കോടി രൂപയ്ക്കായിരുന്നു ഹൈദരാബാദ് കമ്മിൻസിനെ തങ്ങളുടെ ടീമിലെത്തിച്ചത്. താൻ നേതൃത്വം നൽകിയ ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കാൻ കമ്മീൻസിന് സാധിച്ചു. കമ്മീൻസിന് ടീമിനെ മുന്നിൽ നിന്നാണ് നയിച്ചതെന്നും, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഓടിയൊളിക്കാൻ അവൻ ശ്രമിച്ചിട്ടില്ലയെന്നും ഇർഫാൻ പത്താൻ പറയുന്നു.
മറ്റു നായകന്മാരും കമ്മിൻസിനെ മാതൃകയാക്കേണ്ടതുണ്ട് എന്നാണ് ഇർഫാൻ പത്താൻ പറയുന്നത്. “ഹൈദരാബാദിന്റെ ചില മത്സരങ്ങളിൽ കമ്മിൻസ് ആയിരുന്നു ടീമിലെ ഏറ്റവും മികച്ച ബോളർ. തന്റെ ഉത്തരവാദിത്വങ്ങളിൽ ഉറച്ചുനിൽക്കുന്ന വ്യക്തിത്വമാണ് കമ്മിൻസിന്റേത്. എനിക്ക് തോന്നിയത് യാതൊരു കാരണവശാലും ഓടിയൊളിക്കാതെ, യാതൊരു പേടിയുമില്ലാതെ ഇന്നിംഗ്സിന്റെ 19, 20 ഓവറുകളൊക്കെയും എറിയാൻ കമ്മിൻസിന് സാധിച്ചുവെന്നാണ്”- പത്താൻ പറയുന്നു.
“ഹൈദരാബാദ് ടീമിൽ എത്തിയതിനുശേഷം തന്റെ റോൾ ഏറ്റവുമധികം ആസ്വദിച്ചാണ് കമ്മിൻസ് ചെയ്തത്. തന്റെ സഹതാരകളെ മുന്നിൽ നിന്ന് നയിച്ചു കൊണ്ടുതന്നെ പ്രചോദിപ്പിക്കാൻ കമ്മിൻസിന് സാധിച്ചു. അത്തരത്തിൽ ഒരു നായകൻ പെരുമാറുമ്പോൾ അത് താരങ്ങൾക്ക് നല്ല മനോഭാവം വരാൻ കാരണമാവും. തന്റെ യുവതാരങ്ങളെയൊക്കെ കമ്മിൻസ് വിശ്വസിച്ചു. അവരെ കൃത്യമായി ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുകയും ചെയ്തു. ഇതിനൊക്കെയും കമ്മിൻസ് കയ്യടികൾ അർഹിക്കുന്നുണ്ട്. ഈ സീസണിലെ ഏറ്റവും മികച്ച നായകൻ കമ്മിൻസാണ്.”- പത്താൻ കൂട്ടിച്ചേർത്തു.
എന്നാൽ തന്റെ ടീമിനെ ഫൈനലിൽ രക്ഷിക്കാൻ കമ്മിൻസിന് സാധിച്ചില്ല. കൊൽക്കത്തയ്ക്കെതിരായ ഫൈനൽ മത്സരത്തിൽ ഹൈദരാബാദ് പൂർണ്ണമായും അടിയറവ് പറയുന്നതാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദിന് തുടക്കത്തിൽ തന്നെ പാളിയിരുന്നു. ബാറ്റിംഗിൽ പൂർണ്ണ പരാജയമായി മാറിയ ഹൈദരാബാദ് കേവലം 113 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തക്കായി വെങ്കിടേഷ് അയ്യർ അടിച്ചുതകർത്തപ്പോൾ 8 വിക്കറ്റുകളുടെ വിജയം ടീം സ്വന്തമാക്കുകയുണ്ടായി. കൊൽക്കത്തയുടെ മൂന്നാം കിരീടമാണ് 2024 സീസണിൽ ലഭിച്ചത്.