2024 ട്വന്റി20 ലോകകപ്പിന് മുൻപായി ഒരു ശക്തമായ ട്വന്റി20 ടീം കെട്ടിപ്പടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. അതിന്റെ ഭാഗമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കെതിരെയും ഓസ്ട്രേലിയക്കെതിരെയും നടക്കുന്ന ട്വന്റി20 പരമ്പരകളിൽ യുവതാരങ്ങളെ അണിനിരത്തി പരീക്ഷണങ്ങൾക്ക് തയ്യാറായിരിക്കുന്നത്. ഇന്ത്യൻ ടീമിൽ പ്രധാനമായും ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നം സ്ഥിരതയുള്ള ഒരു വിക്കറ്റ് കീപ്പറില്ല എന്നുള്ളതാണ്.
ഇന്ത്യ ട്വന്റി20കളിൽ ചില മത്സരങ്ങളിൽ ഇഷാൻ കിഷനെയും സഞ്ജു സാംസനെയും പരിഗണിച്ചിരുന്നുവെങ്കിലും, ഇരുവരിൽ നിന്നും അത്ര മികച്ച പ്രകടനങ്ങളല്ല ഉണ്ടായിട്ടുള്ളത്. 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യ വിക്കറ്റ് കീപ്പറായി സഞ്ജുവിനെയും ഇഷാൻ കിഷനെയും സ്‌ക്വാഡിൽ ഉൾപ്പെടുത്തേണ്ടതില്ല എന്നാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. പകരം ജിതേഷ് ശർമയെ ഇന്ത്യ ട്വന്റി20 ലോകകപ്പിൽ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തണമെന്നും പത്താൻ പറഞ്ഞു.
ഇഷാൻ കിഷനെ ഇന്ത്യ ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയാലും, പ്ലെയിങ് ഇലവനിൽ ടോപ്പ് ഓർഡറിൽ കളിപ്പിക്കാൻ പ്രയാസകരമാണ് എന്ന് ഇർഫാൻ പത്താൻ പറയുന്നു. ഈ സാഹചര്യത്തിൽ ജിതേഷ് ശർമയാണ് ഇന്ത്യയ്ക്ക് പറ്റിയ ഓപ്ഷൻ എന്നാണ് പത്താൻ കരുതുന്നത്. “ഞാനാണെങ്കിൽ ജിതേഷ് ശർമയേയാവും ടീമിൽ കളിപ്പിക്കുക. നമ്മൾ ഇഷാൻ കിഷനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയാൽ ഏകദിനമായാലും ട്വന്റി20യായാലും നമുക്ക് അയാളെ ടോപ്പ് ഓർഡറിൽ കളിപ്പിക്കേണ്ടിവരും. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് ടോപ്പ് ഓർഡറിൽ ഒരുപാട് താരങ്ങൾ ഇപ്പോൾ തന്നെയുണ്ട്.”- സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പത്താൻ പറഞ്ഞു.
“ഇക്കാരണം കൊണ്ടുതന്നെ ഇഷാൻ കിഷന് ടീമിൽ സ്ഥലം കണ്ടെത്തുക എന്നത് അല്പം പ്രയാസമേറിയ കാര്യമാവും. ഇതാണ് എന്റെ കരുതൽ. എന്നാൽ എന്താണ് ടീം മാനേജ്മെന്റ് ഈ സമയത്ത് ചിന്തിക്കുന്നത് എന്നതിനെപ്പറ്റി അറിയില്ല. എന്നിരുന്നാലും ജിതേഷ് ശർമയുടെ കഴിവുകൾ വർഷങ്ങളായി ഞാൻ കാണുന്നതാണ്. അയാൾക്ക് അവസരം ലഭിക്കണമെന്നാണ് ഞാൻ കരുതുന്നത്. ന്യൂബോളിലും സ്പിന്നർമാർക്കെതിരെയും ഒക്കെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സമീപകാലത്ത് ജിതേഷ് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്.”- ഇർഫാൻ പത്താൻ കൂട്ടിച്ചേർക്കുന്നു.
“ഒരു ബാറ്റർ മധ്യനിരയിൽ ബാറ്റ് ചെയ്യുന്ന സമയത്ത് സ്പിന്നർമാർക്കെതിരെ വലിയ പോരാട്ടം തന്നെ നയിക്കേണ്ടിവരും. അവിടെയാണ് ഇഷാന് കാര്യങ്ങൾ കുറച്ച് പ്രയാസകരമായി മാറുന്നത്. എന്നാൽ ജിതേഷ് ശർമ മധ്യ ഓവറുകളിൽ കുറച്ചുകൂടി മികവ് പുലർത്താൻ സാധിക്കുന്ന താരമാണ്. സൂര്യകുമാർ യാദവിനെ പോലെ ഒരു കളിക്കാരനാണ് ജിതേഷ് ശർമയും. അയാൾ ലാപ് ഷോട്ടുകളും മറ്റു വ്യത്യസ്ത ആധുനിക ഷോട്ടുകളും കളിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.”- ഇർഫാൻ പത്താൻ പറഞ്ഞു വയ്ക്കുന്നു.