സഞ്ജുവും റിങ്കു സിങ്ങും ലോകകപ്പിൽ കളിക്കേണ്ട. വിചിത്രമായ ടീമിനെ തിരഞ്ഞെടുത്ത് മുഹമ്മദ്‌ കൈഫ്‌.

2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ജൂണിൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടൂർണമെന്റിനുള്ള ഇന്ത്യയുടെ ടീമിനെയാണ് കൈഫ് തിരഞ്ഞെടുത്തിരിക്കുന്നത്. ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത റിങ്കു സിംഗിനെയും സഞ്ജു സാംസനെയും കൈഫ് തന്റെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയാണ് കൈഫ്‌ ടീമിൽ തിരഞ്ഞെടുത്തിരിക്കുന്നത്. കൈഫിന്റെ ഈ തീരുമാനം പല മുൻ താരങ്ങളെയും അത്ഭുതപ്പെടുത്തുകയുണ്ടായി. ഇതുവരെ ഇന്ത്യക്കായി വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള താരമാണ് റിങ്കു സിംഗ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം തുടരുന്ന താരമാണ് സഞ്ജു സാംസൺ. ഇരുവരെയും കൈഫ് ഉൾപ്പെടുത്താതിരുന്നതിന്റെ കാരണം വ്യക്തമല്ല.

“ഞാനെന്തായാലും ശിവം ദുബെയെ എന്റെ ലോകകപ്പിനായുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്തും. നിലവിൽ മികച്ച ഫോമിലാണ് ദുബെ കളിക്കുന്നത്. മാത്രമല്ല സ്പിന്നിനെതിരെ എല്ലായിപ്പോഴും മികവു പുലർത്താനും അവന് സാധിക്കുന്നുണ്ട്. ആദ്യ 6 ഓവറുകൾക്ക് ശേഷം മത്സരത്തെ പൂർണമായും നിയന്ത്രിക്കാൻ ദുബെയ്ക്ക് സാധിക്കുന്നു. ഒപ്പം റിയാൻ പരാഗിന്റെ പേരും ഞാൻ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നുണ്ട്. ഈ സീസണിൽ ഇതുവരെ അവിസ്മരണീയ പ്രകടനമാണ് പരഗ് പുറത്തെടുത്തിട്ടുള്ളത്. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സ്ക്വാഡിൽ പരഗ് സ്ഥാനം അർഹിക്കുന്നുണ്ട്.”- കൈഫ് പറഞ്ഞു.

“രോഹിത് ശർമയ്ക്കൊപ്പം ഇന്ത്യക്കായി ജയസ്വാൾ ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ശേഷം മൂന്നാം നമ്പറിൽ ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോഹ്ലി എത്തണം. നാലാം നമ്പറിൽ സൂര്യകുമാർ യാദവാണ് കളിക്കേണ്ടത്. അഞ്ചാം നമ്പരിൽ ഹർദിക് പാണ്ട്യയും ആറാം നമ്പരിൽ ഋഷഭ് പന്തും എത്തണം. നമുക്ക് ബാറ്റിംഗിൽ ഡെപ്ത് ആവശ്യമായതിനാൽ തന്നെ ഒരുപാട് ഓൾറൗണ്ടർമാരെ ഞാൻ ടീമിനായി നിർദ്ദേശിക്കുകയാണ്.”

”ഏഴാം നമ്പറിൽ അക്ഷർ പട്ടേലും,എട്ടാം നമ്പറിൽ രവീന്ദ്ര ജഡേജയും ടീമിൽ കളിക്കണം. ശേഷം കുൽദീപ് ആയിരിക്കണം ക്രീസിൽ എത്തേണ്ടത്. ഒരുപാട് കഴിവുകളുള്ള ബോളറാണ് കുൽദീപ്. ഇവർക്കൊപ്പം പേസർമാരായി ജസ്പ്രീത് ബുമ്രയും അർഷദീപ് സിംഗും ടീമിൽ വേണം. അതാണ് എന്റെ പ്ലെയിൻ ഇലവൻ.”- കൈഫ് കൂട്ടിച്ചേർത്തു.

“സ്ക്വാഡിലേക്ക് എത്തുമ്പോൾ ഞാൻ ഒരു സ്പിന്നറെ അധികമായി ഉൾപ്പെടുത്താനാണ് നിർദ്ദേശിക്കുന്നത്. എന്തായാലും ചാഹലിനെ നമ്മൾ ടീമിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. കാരണം അവൻ ഒരു ലെഗ് സ്പിന്നറാണ്. കഴിഞ്ഞ തവണ അശ്വിനായിരുന്നു ടീമിനൊപ്പം ഉണ്ടായിരുന്നത്. പക്ഷേ ഈ ഐപിഎല്ലിൽ അശ്വിന് അത്രമാത്രം വിക്കറ്റുകൾ സ്വന്തമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആ സാഹചര്യങ്ങളിൽ ചാഹലാണ് മികച്ച ബോളർ എന്ന് ഞാൻ വിശ്വസിക്കുന്നു. അവിടെ പന്ത് നന്നായി ടേൺ ചെയ്യും.”- കൈഫ് പറഞ്ഞു വയ്ക്കുന്നു.

Previous article“റൺചേസിനിടെ കുറച്ച് ടെൻഷനടിച്ചു. മത്സരത്തിലെ വിജയത്തിൽ സന്തോഷം.” – സഞ്ജു സാംസൺ പറയുന്നു.
Next articleസഞ്ജുവും പന്തുമല്ല, അവനാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ ചോയ്സ് കീപ്പർ. മുൻ ന്യൂസിലന്‍റ് താരം പറയുന്നു.