വിക്കറ്റ് കീപ്പർമാരാൽ സംതൃപ്തമാണ് എന്നെന്നും ഇന്ത്യൻ ടീം. കാലാകാലങ്ങളിൽ ഒരുപാട് വിക്കറ്റ് കീപ്പർമാർ ഇന്ത്യക്കായി ദേശീയ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. റിഷഭ് പന്ത്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, കെ എസ് ഭരത്, ധ്രുവ് ജുറൽ ഇങ്ങനെ ഒരുപാട് യുവ വിക്കറ്റ് കീപ്പർമാരും ഇന്ത്യൻ ടീമിൽ അവസരത്തിനായി കാത്തുനിൽക്കുന്നു.
എന്നിരുന്നാലും ഇവരിൽ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ കണ്ടെത്തുക എന്നത് അല്പം പ്രയാസമേറിയ കാര്യം തന്നെയാണ്. കാരണം അത്രമാത്രം മികച്ച വിക്കറ്റ് കീപ്പർമാരാണ് എല്ലാവരും. പക്ഷേ ഇന്ത്യ കണ്ട ഏറ്റവും മികച്ച 2 വിക്കറ്റ് കീപ്പർമാരെ തിരഞ്ഞെടുത്ത് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്.
നിലവിലെ സാഹചര്യം പരിശോധിച്ചാലും മഹേന്ദ്ര സിംഗ് ധോണി തന്നെയാണ് ഇന്ത്യ കണ്ട ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ എന്ന് ശ്രീകാന്ത് പറയുകയുണ്ടായി. ഒപ്പം രണ്ടാം സ്ഥാനത്ത് ശ്രീകാന്ത് തിരഞ്ഞെടുത്തിരിക്കുന്നത് വൃദ്ധിമാൻ സാഹയെയാണ്. “വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യമെടുത്താൽ ധോണി തന്നെയാണ് എല്ലായിപ്പോഴും മികച്ച വിക്കറ്റ് കീപ്പർ. ഇപ്പോഴും ഡൈവ് ചെയ്ത് ക്യാച്ചുകൾ സ്വന്തമാക്കാനും മിന്നൽ സ്റ്റമ്പിങ്ങുകൾ നടത്താനും ധോണിക്ക് സാധിക്കുന്നുണ്ട്. രണ്ടാം സ്ഥാനത്ത് ഞാൻ തിരഞ്ഞെടുക്കുന്നത് സാഹയെയാണ്. അവർ രണ്ടുപേരും മികച്ച താരങ്ങളാണ്. 42ആം വയസ്സിലും തനിക്ക് ചുറ്റുമുള്ള എല്ലാം വളരെ അനായാസമായാണ് ധോണി കൈകാര്യം ചെയ്യുന്നത്. ബാറ്റിങ്ങിലും കീപ്പിങ്ങിലും ധോണി മികവ് കാട്ടുന്നു. വിക്കറ്റിന് ഇടയിലെ ഓട്ടത്തിലും ധോണി മികച്ച താരമാണ്. അവൻ 2026 ഐപിഎൽ വരെ കളിക്കും എന്നാണ് ഞാൻ കരുതുന്നത്.”- ശ്രീകാന്ത് പറഞ്ഞു.
വിശാഖപട്ടണത്തെ ധോണിയുടെ ബാറ്റിംഗ് വെടിക്കെട്ടിനെ പറ്റിയും ശ്രീകാന്ത് സംസാരിക്കുകയുണ്ടായി. “എങ്ങനെയാണ് എന്റെ വികാരങ്ങൾ പുറത്തു കാട്ടേണ്ടത് എന്നതിനെപ്പറ്റി എനിക്കറിയില്ല. ധോണിയുടെ കാര്യത്തിൽ ഞാൻ വളരെ സന്തോഷവാനാണ്. തന്റെ 42ആം വയസ്സിലും ഒരു യുവതാരത്തെ പോലെയാണ് ധോണി ബൗണ്ടറികൾ നേടുന്നത്. 2005ൽ നമ്മൾ കണ്ട ധോണിയുടെ അതേ ഭാവമാണ് വിശാഖപട്ടണത്ത് കാണാൻ സാധിച്ചത്. അന്ന് പാക്കിസ്ഥാനെതിരെ വിശാഖപട്ടണത്ത് ധോണി ഒരു സെഞ്ചുറി നേടിയിരുന്നു.”- ശ്രീകാന്ത് കൂട്ടിച്ചേർക്കുന്നു.
“മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും സിക്സറുകൾ സ്വന്തമാക്കാൻ ധോണിക്ക് സാധിക്കുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാൻ തുടങ്ങുന്ന സമയത്ത് ധോണിയുടെ കാര്യം ഇത്തരത്തിൽ ആയിരുന്നില്ല. എല്ലായിപ്പോഴും അന്ന് പോയിന്റ് സ്ഥലങ്ങളിലേക്കും സ്ട്രൈറ്റ് ബൗണ്ടറികളിലേക്കുമാണ് ധോണി സിക്സറുകളും ബൗണ്ടറികളും നേടിയിരുന്നത്. എന്നാൽ ഇപ്പോൾ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ആക്രമണം അഴിച്ചുവിടാൻ ധോണിക്ക് സാധിക്കുന്നു.”- ശ്രീകാന്ത് പറഞ്ഞു വയ്ക്കുന്നു.