2024 ട്വന്റി20 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതിനാൽ തന്നെ ഇന്ത്യൻ സ്ക്വാഡിൽ ഇടം കണ്ടെത്താനുള്ള യുവതാരങ്ങളുടെ പ്രയത്നങ്ങൾ തുടരുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന താരങ്ങൾക്ക് മാത്രമേ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ ഇടം പിടിക്കാൻ സാധിക്കൂ.
അതിനാൽ തന്നെ ഐപിഎല്ലിൽ കയ്യും മെയ്യും മറന്നു പോരാടുകയാണ് താരങ്ങൾ. നിലവിൽ ട്വന്റി20 ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ തസ്തികയിലേക്ക് മത്സരിക്കുന്ന കുറച്ചധികം താരങ്ങളുണ്ട്. കെഎൽ രാഹുൽ, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ തുടങ്ങിയവരൊക്കെയും ലോകകപ്പിൽ ഒരു അവസരം ലഭിക്കാനായി കാത്തിരിക്കുകയാണ്. ഇവരിൽ ഇന്ത്യ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി ലോകകപ്പിലേക്ക് പരിഗണിക്കാൻ പോകുന്നത് രാഹുലിനെയാവും എന്നാണ് ന്യൂസിലാൻഡ് പേസർ സൈമൺ ഡൂൽ പറയുന്നത്.
ഇപ്പോഴും ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ രാഹുൽ തന്നെയാണ് എന്ന് സൈമൺ ഡൂൽ പറയുന്നു. രാഹുലിന്റെ അനുഭവസമ്പത്തും വലിയ മത്സരങ്ങളിൽ സാഹചര്യം മനസ്സിലാക്കി കളിക്കാനുള്ള കഴിവുമാണ് ഡൂൽ ചൂണ്ടിക്കാട്ടിയത്. “എന്നെ സംബന്ധിച്ച് രാഹുൽ തന്നെയാണ് ഇപ്പോഴും ആദ്യ വിക്കറ്റ് കീപ്പർ ഓപ്ഷൻ. വലിയ മത്സര സാഹചര്യങ്ങളിൽ അവന് മികവ് പുലർത്താൻ സാധിക്കും. അവൻ തന്നെയാണ് മുൻപിൽ.”- ഡൂൽ പറഞ്ഞു. രണ്ടാം ചോയ്സ് വിക്കറ്റ് കീപ്പറായി താൻ മുൻപ് പറഞ്ഞിരുന്നത് ജിതേഷ് ശർമയെ ആയിരുന്നുവെന്നും എന്നാൽ ഈ ഐപിഎല്ലിൽ ജിതേഷിനും മികവ് പുലർത്താൻ സാധിച്ചിട്ടില്ലയെന്നും ഡൂൽ പറഞ്ഞു.
“ഇത്തവണത്തെ ഐപിഎൽ തുടങ്ങുന്നതിനു മുൻപ് ഞാൻ രണ്ടാം ചോയ്സ് വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയെയായിരുന്നു തിരഞ്ഞെടുത്തിരുന്നത്. എന്നാൽ ടൂർണമെന്റ് ആരംഭിച്ചതിന് ശേഷം മികവ് പുലർത്തി ഇംപ്രഷൻ ഉണ്ടാക്കിയെടുക്കാൻ ജിതേഷിന് സാധിച്ചിട്ടില്ല. അതിനാൽ തന്നെ ലോകകപ്പിനുള്ള ബോർഡിങ് പാസ് ജിതേഷിന് നൽകാൻ സാധിക്കില്ല. അതേപോലെ തന്നെ റിഷഭ് പന്തിൽ നിന്നും ഇത്തരത്തിൽ ലോകകപ്പ് സ്ക്വാഡിലെത്താൻ പാകത്തിനുള്ള മികച്ച പ്രകടനം കാണാൻ സാധിച്ചിട്ടില്ല. അതിനാൽ അവനും ബോർഡിങ് പാസ് നൽകാറായിട്ടില്ല എന്നാണ് ഞാൻ കണക്കാക്കുന്നത്.”- ഡൂൾ കൂട്ടിച്ചേർത്തു.
അതേസമയം റിഷാഭ് പന്തും സഞ്ജു സാംസണും ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ ഉണ്ടാവണം എന്നാണ് മുൻ ഓസ്ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റ് പറഞ്ഞത്.”പന്ത് എന്തായാലും ലോകകപ്പിനുള്ള സ്ക്വാഡിൽ വേണം. ഒപ്പം സഞ്ജു സാംസനെയും ഉൾപ്പെടുത്തേണ്ടതുണ്ട്. കിഷാൻ നന്നായി കളിക്കുന്നുണ്ട്. അക്കാര്യത്തിൽ സംശയമില്ല. പക്ഷേ പന്തിനെയാണ് ഇന്ത്യയ്ക്ക് ഏറ്റവും ആവശ്യം. അവനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ ഇപ്പോൾ തന്നെ ഉൾപ്പെടുത്താൻ ശ്രമിക്കണം.”- ഗിൽക്രിസ്റ്റ് പറഞ്ഞു വെക്കുന്നു.