കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സഞ്ജു സാംസന്റെ പിതാവ് സാംസൺ വിശ്വനാഥ്. ഇതിന് മുൻപ് സഞ്ജുവിന്റെ കരിയർ നശിപ്പിക്കാനായി കേരള ക്രിക്കറ്റ് അസോസിയേഷൻ ശ്രമിച്ചിട്ടുണ്ട് എന്ന് സാംസൺ തുറന്നു പറയുന്നു. പലപ്പോഴായി സഞ്ജുവിന്റെ കരിയർ നശിപ്പിക്കാനാണ് അവർ തയ്യാറെടുത്തത് എന്നാണ് സാംസൺ വിശ്വനാഥിന്റെ വിമർശനം. പിന്നീട് ഇന്ത്യയുടെ മുൻ നായകനും പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ ഇടപെടലിലൂടെയാണ് സഞ്ജുവിന്റെ കരിയർ രക്ഷപ്പെട്ടത് എന്ന് സാംസൺ വിശ്വനാഥൻ ഒരു പ്രമുഖ വാർത്താമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.
ദ്രാവിഡുമായി ബന്ധപ്പെട്ട ഒരു സംഭവം വിശദീകരിച്ചാണ് സഞ്ജുവിന്റെ പിതാവ് സംസാരിച്ചത്. “രാഹുൽ ദ്രാവിഡിനെ പറ്റി ഒരു സംഭവം ഞാൻ നിങ്ങളോട് പറയാം. കേരള ക്രിക്കറ്റ് അസോസിയേഷൻ സഞ്ജുവിന്റെ കരിയർ നശിപ്പിക്കാൻ പൂർണമായും ശ്രമിച്ചിരുന്നു. ഈ സമയത്ത് ദ്രാവിഡ് നന്നായി തന്നെ ഇടപെട്ടു. സഞ്ജുവിന് 11 വയസ്സുള്ളപ്പോഴായിരുന്നു ആദ്യമായി ഇത്തരമൊരു സംഭവം ഉണ്ടായത്. ഇന്നത്തെ നിലയിലേക്ക് സഞ്ജു എത്തിപ്പെട്ടതിൽ വലിയൊരു ക്രെഡിറ്റ് അർഹിക്കുന്നത് രാഹുൽ ദ്രാവിഡ് തന്നെയാണ്. അത് ഒരിക്കലും മറക്കാൻ സാധിക്കില്ല. മാത്രമല്ല അത്തരം ഒരു സഹായം അവിശ്വസനീയം തന്നെയായിരുന്നു.”- സാംസൺ പറഞ്ഞു.
“അന്ന് സഞ്ജുവിനെതിരെ നടപടിയെടുത്ത സമയത്ത് ഞങ്ങൾ എല്ലാവരും വലിയ വിഷമത്തിലായിരുന്നു. ഞങ്ങൾ സങ്കടപ്പെട്ട് വീട്ടിൽ ഇരിക്കുകയായിരുന്നു. ഈ സമയത്താണ് രാഹുൽ ദ്രാവിഡ് സാറിന്റെ ഒരു ഫോൺകോൾ സഞ്ജുവിന് വന്നത്. അത് സഞ്ജുവിനെ വലിയ രീതിയിൽ സന്തോഷിപ്പിച്ചു. കരഞ്ഞു കൊണ്ടായിരുന്നു സഞ്ജു സാംസൺ ഫോൺ എടുത്തത്.”- സാംസങ് വിശ്വനാഥ് പറയുകയുണ്ടായി. നിലവിൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ കളിക്കുകയാണ് സഞ്ജു സാംസൺ. സഞ്ജുവിന് കഴിഞ്ഞ മത്സരങ്ങളിൽ വലിയ പിന്തുണ നൽകിയതിൽ ഹെഡ് കോച്ചായ ഗൗതം ഗംഭീറിനും ട്വന്റി20 നായകനായ സൂര്യകുമാർ യാദവിനും നന്ദി പറയാനും സാംസൺ വിശ്വനാഥൻ മറന്നില്ല.
ഗൗതം ഗംഭീറിലും സൂര്യകുമാർ യാദവിലും തനിക്ക് പൂർണമായ ആത്മവിശ്വാസമുണ്ട് എന്നും വിശ്വനാഥ് സാംസൺ പറയുകയുണ്ടായി. മുൻപും കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ഇത്തരത്തിൽ ഗുരുതര ആരോപണങ്ങളുമായി സഞ്ജുവിന്റെ പിതാവ് രംഗത്ത് എത്തിയിരുന്നു. സഞ്ജുവിനെതിരെ ഒരുപാട് പേർ നിലവിൽ കെസിഎയിലുണ്ട് എന്നാണ് സാംസൺ പറഞ്ഞത്. വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ സഞ്ജുവിനെ തിരഞ്ഞെടുക്കാതിരുന്നതിന്റെ കാരണമായി കെസിഎ പറഞ്ഞത് പരിശീലന സെഷനിൽ പങ്കെടുത്തിരുന്നില്ല എന്നതാണ്. പക്ഷേ വയനാട്ടിൽ നടന്ന പരിശീലന സെഷനിൽ പങ്കെടുക്കാത്ത കുറച്ചധികം താരങ്ങൾ നിലവിൽ സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട് എന്നും സാംസൺ കൂട്ടിച്ചേർത്തിരുന്നു.