പഞ്ചാബ് കിങ്സിനെതീരായ മത്സരത്തിലും അവസരം മുതലെടുക്കാതെ മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ 15 പന്തുകൾ നേരിട്ട സഞ്ജു 18 റൺസ് മാത്രമാണ് നേടിയത്. മാത്രമല്ല അനാവശ്യമായ ഒരു ഷോട്ടിന് ശ്രമിക്കുന്ന സമയത്താണ് സഞ്ജു സാംസൺ കൂടാരം കയറിയത്.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള സഞ്ജുവിന്റെ, തുടർച്ചയായ മോശം പ്രകടനങ്ങളാണ് ഇപ്പോൾ കാണുന്നത്. ടൂർണമെന്റ് പ്ലെയോഫിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ സഞ്ജുവിന്റെ തുടർച്ചയായ ഈ മോശം പ്രകടനങ്ങൾ തങ്ങളുടെ ടീമിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് രാജസ്ഥാൻ.
മത്സരത്തിൽ രാജസ്ഥാൻ ഇന്നിങ്സിന്റെ നാലാം പന്തിൽ തന്നെ ഓപ്പണർ ജയസ്വാൾ(4) പുറത്തായിരുന്നു. പിന്നാലെയാണ് സഞ്ജു സാംസൺ ക്രീസിലെത്തിയത്. രണ്ടാം ഓവറിലെ അവസാന പന്തിൽ അർഷദീപ് സിംഗിനെതിരെ ഒരു ബൗണ്ടറി നേടിയാണ് സഞ്ജു ആരംഭിച്ചത്. പിന്നീട് നാലാം ഓവറിൽ അർഷദീപിനെതിരെ 2 ബൗണ്ടറികൾ സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. ക്ലാസിക് ഷോട്ടുകൾ കൊണ്ട് സഞ്ജു മൈതാനം നിറയുകയായിരുന്നു. ഇതോടുകൂടി സഞ്ജു മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയും ഉയർന്നു. എന്നാൽ പ്രതീക്ഷകളൊക്കെയും അസ്തമിപ്പിച്ചുകൊണ്ട് ഒരു അനാവശ്യ ഷോട്ട് സഞ്ജു കളിക്കുകയുണ്ടായി. എന്തായാലും മത്സരത്തിൽ ലഭിച്ച മികച്ച ഒരു അവസരമാണ് സഞ്ജു നശിപ്പിച്ചത്.
മത്സരത്തിന്റെ ഏഴാം ഓവറിലെ നാലാം പന്തിലായിരുന്നു സഞ്ജു സാംസൺ പുറത്തായത്. നതാൻ എല്ലിസ് എറിഞ്ഞ ഒരു സ്ലോ ബോളിന്റെ ഗതി നിർണയിക്കാൻ സഞ്ജുവിന് സാധിക്കാതെ വരികയായിരുന്നു. സ്ലോ ബൗൺസറായി വന്ന പന്ത് ഓഫ് സൈഡിലേക്ക് കട്ട് ചെയ്യാനാണ് സഞ്ജു സാംസൺ ശ്രമിച്ചത്. പക്ഷേ പന്തിന് വേഗതയില്ലാതെ ഇരുന്നതിനാൽ തന്നെ കൃത്യമായ രീതിയിൽ കട്ട് ചെയ്യാൻ സഞ്ജുവിന് സാധിച്ചില്ല. ബാക്വാർഡ് പോയിന്റിൽ നിന്ന രാഹുൽ ചഹർ ക്യാച്ച് സ്വന്തമാക്കുകയായിരുന്നു. ഇതോടെ 15 പന്തുകളിൽ 18 റൺസ് നേടിയ സഞ്ജു പുറത്താവുകയുണ്ടായി. 3 ബൗണ്ടറികളാണ് സഞ്ജു തന്റെ ഇന്നിംഗ്സിൽ നേടിയത്.
മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു പതിവുപോലെ വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് ജയസ്വാൾ കാഴ്ചവെച്ചത്. ഒരു വശത്ത് ബട്ലർക്ക് പകരക്കാരനായെത്തിയ കോഹ്ലർ കാഡ്മോർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. മറുവശത്ത് സഞ്ജു സാംസൺ മികച്ച തുടക്കം ലഭിച്ചിട്ടും അത് ഉപയോഗിക്കാതെ മടങ്ങി. 23 പന്തുകൾ നേരിട്ട കാഡ്മോർ കേവലം 18 റൺസ് മാത്രമാണ് നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രാജസ്ഥാൻ പതറുന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്.