ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരക്കുള്ള സ്ക്വാഡിൽ നിന്ന് മലയാളി താരം സഞ്ജു സാംസനെ പുറത്താക്കിയതിന് പിന്നാലെ ബിസിസിഐക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റർ ഡോഡ ഗണേഷ്.
സഞ്ജുവിനെ ഏകദിനങ്ങളിൽ നിന്ന് ഒഴിവാക്കിയത് ഒരു വിഡ്ഢിത്തപരമായ തീരുമാനമാണ് എന്ന ഗണേഷ് പറയുകയുണ്ടായി. മാത്രമല്ല ഇന്ത്യയെ സംബന്ധിച്ച് വളരെ മോശം തീരുമാനമാണ് ഇതെന്നും ഗണേഷ് പറഞ്ഞു. ശ്രീലങ്കൻ പര്യടനത്തിൽ സഞ്ജു സാംസൺ ഇന്ത്യയുടെ ഏകദിന ട്വന്റി20 ടീമുകളിൽ ഇടംപിടിക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ സഞ്ജുവിനെ ട്വന്റി20 സ്ക്വാഡിൽ മാത്രമായി ഒതുക്കുകയായിരുന്നു ബിസിസിഐ. ഇതിന് പിന്നാലെയാണ് വിമർശനവുമായി ഗണേഷ് രംഗത്ത് എത്തിയത്.
തന്റെ അവസാന മത്സരത്തിൽ കിടിലൻ സെഞ്ച്വറി സ്വന്തമാക്കിയിട്ടും സഞ്ജുവിനെ ഇത്തരത്തിൽ മാറ്റിനിർത്തുന്നത് തികച്ചും നിർഭാഗ്യകരമാണ് എന്ന് ഗണേഷ് പറയുകയുണ്ടായി. മാത്രമല്ല ഏകദിനങ്ങളിൽ സഞ്ജുവിന്റെ സ്ഥാനത്ത് ശിവം ദുബെയെ കളിപ്പിക്കാനുള്ള തീരുമാനം വളരെ ബാലിശമാണെന്നും താരം കൂട്ടിച്ചേർത്തു. എല്ലായിപ്പോഴും സഞ്ജുവിനെതിരെ ഇത്തരത്തിലുള്ള അനീതികൾ ഉണ്ടാവുന്നുണ്ട് എന്ന് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ ഗണേഷ് തുറന്നു പറയുകയുണ്ടായി. സഞ്ജുവിനെ ഏകദിന ടീമിൽ നിന്നും മാറ്റിനിർത്തിയത് വലിയ രീതിയിൽ ഹൃദയഭേദകമായി തനിക്ക് അനുഭവപ്പെട്ടു എന്നും ഗണേഷ് പറഞ്ഞു.
“ഏകദിനങ്ങളിൽ സഞ്ജു സാംസന്റെ സ്ഥാനത്ത് ശിവം ദുബയെ കളിപ്പിക്കാനുള്ള തീരുമാനം വലിയ വിഡ്ഢിത്തമാണ്. തന്റെ അവസാന പരമ്പരയിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഒരു കിടിലൻ സെഞ്ച്വറി സ്വന്തമാക്കാൻ സഞ്ജു സാംസന് സാധിച്ചിരുന്നു. വീണ്ടും എന്തിനാണ് എല്ലായിപ്പോഴും അവനെ ഒഴിവാക്കുന്നത്? ഞാനിപ്പോഴും സഞ്ജു സാംസണൊപ്പമാണ്. ഈ ഒഴിവാക്കൽ എനിക്ക് ഹൃദയഭേദകമായി അനുഭവപ്പെട്ടു.”- ഗണേഷ് പറയുന്നു. ഇതിനോടകം തന്നെ ഈ ഒഴിവാക്കൽ വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്.
ഇതുവരെ ഏകദിന ക്രിക്കറ്റിൽ തരക്കേടില്ലാത്ത പ്രകടനം തന്നെയാണ് സഞ്ജു സാംസൺ ഇന്ത്യയ്ക്കായി കാഴ്ച വച്ചിട്ടുള്ളത്. ഇതുവരെ ഇന്ത്യക്കായി 16 ഏകദിന മത്സരങ്ങളാണ് സഞ്ജു കളിച്ചത്. ഇതിൽ നിന്ന് 510 റൺസ് സ്വന്തമാക്കാനും സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. 56.6 എന്ന ഉയർന്ന ശരാശരിയാണ് ഏകദിനങ്ങളിൽ സഞ്ജു സാംസനുള്ളത്.
99.60 എന്ന മികച്ച സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ഇതുവരെ ഏകദിന കരിയറിൽ ഒരു സെഞ്ചുറിയും 3 അർത്ഥ സെഞ്ചുറികളുമാണ് സഞ്ജു സാംസൺ നേടിയിട്ടുള്ളത്. എന്നിരുന്നാലും സഞ്ജുവിനെ നിരന്തരം ഒഴിവാക്കാനാണ് ഇന്ത്യൻ ടീം ശ്രമിക്കുന്നത്. ഇതിനെതിരെ വമ്പൻ താരങ്ങൾ ഒക്കെയും രംഗത്ത് എത്തുകയുണ്ടായി