ഇന്ത്യയുടെ 2024 ട്വന്റി20 ലോകകപ്പിലേക്കുള്ള സ്ക്വാഡ് തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം നിർണായകമാകുന്ന ഒന്നാണ് നിലവിൽ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന പരമ്പര. ഇതിനോടകം തന്നെ പല യുവതാരങ്ങളും അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുണ്ട്.
ഇതിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയും ഉൾപ്പെടുന്നു. പരമ്പരയിലെ ആദ്യ മത്സരത്തിൽ 20 പന്തുകളിൽ 31 റൺസ് നേടിയാണ് ജിതേഷ് ശർമ മികവ് പുലർത്തിയത്. ഇതുവരെ ഇന്ത്യക്കായി 7 ട്വന്റി20 ഇന്നിംഗ്സുകൾ കളിച്ച ജിതേഷ് 147 സ്ട്രൈക്ക് റേറ്റിൽ 100 റൺസാണ് നേടിയിട്ടുള്ളത്. അതിനാൽ തന്നെ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിൽ ജിതേഷ് ശർമ ഇതിനോടകം തന്നെ ഇടം പിടിച്ചിട്ടുണ്ടാവും എന്നാണ് ഇന്ത്യൻ താരം പാർഥിവ് പട്ടേൽ പറയുന്നത്.
ഇന്ത്യയ്ക്ക് ടോപ് ഓർഡറിൽ ഒരുപാട് ബാറ്റർമാരുണ്ടെന്നും എന്നാൽ മധ്യനിരയിൽ വെടിക്കെട്ട് തീർക്കുന്ന ബാറ്റർമാരാണ് കുറവെന്നും പാർഥിവ് പട്ടേൽ വിശകലനം ചെയ്യുന്നു. “തീർച്ചയായും ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലേക്ക് ജിതേഷ് ശർമയെത്തും. കാരണം ഇന്ത്യയ്ക്ക് ടോപ് ഓർഡറിൽ ഒരുപാട് ബാറ്റർമാരുണ്ട്. അതിനാൽ തന്നെ ആ നിലയിൽ ഒരു ട്രാഫിക് ജാമാണ് മുൻനിരയിലുള്ളത്. കാരണം രോഹിത് ശർമ, ജയസ്വാൾ, ഋതുരാജ് ഗൈക്വാഡ്, ശുഭ്മാൻ ഗിൽ തുടങ്ങിയവരൊക്കെയും ഇന്ത്യയുടെ മുൻനിരയിൽ കളിക്കുന്ന താരങ്ങളാണ്.”- പാർഥിവ് പട്ടേൽ പറയുന്നു.
“അതുകൊണ്ടു തന്നെ ഇന്ത്യയ്ക്ക് ആവശ്യം മധ്യനിരയിൽ വെടിക്കെട്ട് തീർക്കാൻ സാധിക്കുന്ന ഒരു വിക്കറ്റ് കീപ്പർ ബാറ്ററെയാണ്. നമ്മൾ മധ്യനിരയിലാണ് കളിക്കുന്നതെങ്കിൽ അവിടെ ഒരു വെടിക്കെട്ട് ബാറ്റർ തന്നെയാണ് കളിപ്പിക്കേണ്ടത്. ജിതേഷ് ശർമ കളിക്കുന്ന രീതി വളരെ മികച്ചതാണ്. ഇന്ത്യയെ സംബന്ധിച്ച് അയാൾ മികച്ച ഒരു ഓപ്ഷനാണ്. ജിതേഷിന്റെ ലോകകപ്പിലേക്കുള്ള ടിക്കറ്റ് പ്രിന്റ് ചെയ്യാൻ ആരംഭിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.”- പാർഥിവ് പട്ടേൽ കൂട്ടിച്ചേർക്കുന്നു. ആദ്യ മത്സരത്തിലെ ജിതേഷിന്റെ ബാറ്റിംഗ് പ്രകടനത്തെ കൂടി കണക്കിലെടുത്താണ് പാർഥിവിന്റെ വിലയിരുത്തൽ.
“ആദ്യ ട്വന്റി20യിൽ ജിതേഷ് ബാറ്റിംഗിന് എത്തിയത് 10 ഓവറുകൾക്ക് മുൻപായിരുന്നു. അയാൾ കൃത്യമായി സാഹചര്യം മനസ്സിലാക്കുകയും അതിനനുസരിച്ച് തന്നെ മത്സരത്തിൽ മാറ്റം വരുത്തുകയും ചെയ്തു എന്നാണ് ഞാൻ കരുതുന്നത്. സാധാരണ അയാൾ കളിക്കുന്ന രീതിയിലായിരുന്നില്ല അന്ന് ബാറ്റ് ചെയ്തിരുന്നത്.
ക്രീസിലെത്തിയ ശേഷം കുറച്ചു സമയം സെറ്റിൽ ചെയ്യുകയും, ശേഷം തന്റെ ഷോട്ടുകൾ കളിക്കുകയുമാണ് ചെയ്തത്. മറ്റൊരു തരത്തിൽ കളിക്കാൻ സാധിക്കുന്ന ബാറ്ററാണ് താൻ എന്ന് ജിതേഷ് കാട്ടിത്തരുകയായിരുന്നു. ഒരു ഇന്നിംഗ്സ് ഈ രീതിയിൽ കെട്ടിപ്പൊക്കാനും ജിതേഷിന് സാധിക്കും.”- പാർഥിവ് പറഞ്ഞു വയ്ക്കുന്നു.