സഞ്ജുവിന് എല്ലാ മത്സരവും ജീവൻ മരണ പോരാട്ടങ്ങൾ. ഇന്ത്യ കൂടുതൽ അവസരം നൽകണമെന്ന് ടിനു യോഹന്നാൻ.

എത്ര മികച്ച പ്രകടനങ്ങൾ ഇന്ത്യൻ ടീമിൽ കാഴ്ചവച്ചാലും ടീമില്‍ സ്ഥിരമായി അവസരം ലഭിക്കാത്ത താരമാണ് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. കഴിഞ്ഞ സമയങ്ങളിലൊക്കെയും ഇന്ത്യക്കായി മികവ് പുലർത്തിയിരുന്ന സഞ്ജുവിനെ പലപ്പോഴായി ഇന്ത്യൻ ടീം ഒഴിവാക്കുന്നതാണ് കാണാൻ സാധിക്കുന്നത്.

ഈ സാഹചര്യത്തിൽ സഞ്ജുവിന് എന്തുകൊണ്ടാണ് ഇന്ത്യ തുടർച്ചയായി മത്സരങ്ങൾ നൽക്കാത്തത് എന്ന ചോദ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളി താരമായ ടിനു യോഹന്നാൻ. ഓരോ മത്സരവും സഞ്ജുവിനെ സംബന്ധിച്ച് ജീവൻ മരണ മത്സരങ്ങളാണ് എന്ന് ടിനു യോഹന്നാൻ ചൂണ്ടിക്കാട്ടുന്നു. സഞ്ജുവിന്റെ ഇതുവരെയുള്ള കരിയർ പരിശോധിച്ച ശേഷമാണ് ടിനു യോഹന്നാൻ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

2015ലാണ് സഞ്ജു സാംസൺ ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്. ശേഷം 9 വർഷത്തെ കരിയറുണ്ടെങ്കിലും കേവലം 29 ട്വന്റി20 മത്സരങ്ങളും 16 ഏകദിന മത്സരങ്ങളും മാത്രമാണ് സഞ്ജു സാംസൺ കളിച്ചിട്ടുള്ളത്. 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ സ്ക്വാഡിൽ ഇടം പിടിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു.

പക്ഷേ ഒരു മത്സരത്തിൽ പോലും ഇന്ത്യ സഞ്ജുവിന് അവസരം നൽകിയില്ല. ശേഷം സിംബാബ്വേക്കെതിരായ പരമ്പരയിലെ 3 മത്സരങ്ങളിൽ സഞ്ജു കളിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. ശേഷം ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ അവസരം ലഭിച്ചെങ്കിലും മത്സരത്തിൽ ഗോൾഡൻ ഡക്കായി സഞ്ജു പുറത്താവുകയായിരുന്നു. ഇതിന് ശേഷം സഞ്ജുവിന് ഇനിയും അവസരം ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് ടിനു യോഹന്നാൻ അഭിപ്രായം പ്രകടിപ്പിച്ച് രംഗത്ത് എത്തിയത്.

“10 വർഷങ്ങൾക്കു മുൻപ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ താരമാണ് സഞ്ജു സാംസൺ. പക്ഷേ ഇപ്പോഴും സഞ്ജു സാംസൺ ടീമിന്റെ അകത്തും പുറത്തുമായി തുടരുന്ന അവസ്ഥയാണുള്ളത്. സഞ്ജുവിന് തുടർച്ചയായി ഇന്ത്യൻ ടീം ഇതുവരെയും അവസരങ്ങൾ നൽകിയിട്ടില്ല എന്നത് വ്യക്തമാണ്. സഞ്ജുവിനെ സംബന്ധിച്ച് എല്ലാ മത്സരവും ഒരു ജീവൻ മരണ പോരാട്ടം പോലെയാണ്. മാത്രമല്ല ഇന്ത്യ വലിയ സമ്മർദ്ദത്തിൽ നിൽക്കുന്ന സാഹചര്യത്തിലാണ് എല്ലായിപ്പോഴും സഞ്ജു ബാറ്റിംഗിന് ഇറങ്ങാറുള്ളത്. ഇന്ത്യ എന്തായാലും അവന് തുടർച്ചയായി അവസരങ്ങൾ നൽകിയെ മതിയാവൂ. സഞ്ജുവിന് വലിയ പിന്തുണ ആവശ്യമാണ്.”- ടിനു യോഹന്നാൻ പറയുന്നു.

“ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ ടീമിലെ തന്റെ റോളിനെ പറ്റി സഞ്ജുവിന് പൂർണമായ ബോധ്യമുണ്ട്. അവിടെ താൻ പരാജയപ്പെടുകയാണെങ്കിൽ അത് തന്നെ ബാധിക്കില്ല എന്നും സഞ്ജുവിന് അറിയാം. എന്നാൽ ഇന്ത്യൻ ടീമിൽ തുടർച്ചയായി സഞ്ജുവിന് അവസരം ലഭിക്കണം. അത് ബുദ്ധിമുട്ടേറിയ കാര്യമാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. പ്രത്യേകിച്ച് ഋഷഭ് പന്ത് ഇപ്പോൾ തിരികെയെത്തിയതോടെ സഞ്ജുവിന് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടായിട്ടുണ്ട്. എന്നിരുന്നാലും ഏതെങ്കിലും ഒരു സമയത്ത് സഞ്ജുവിന് ഇന്ത്യ തുടർച്ചയായി മത്സരങ്ങൾ നൽകണം.”- ടിനു യോഹന്നാൻ കൂട്ടിച്ചേർക്കുന്നു.

Previous articleസൂര്യകുമാർ ബോളർമാരുടെ നായകൻ. മറ്റാർക്കുമില്ലാത്ത സവിശേഷത അവനുണ്ട്. അക്ഷർ പട്ടേൽ പറയുന്നു.
Next articleവീണ്ടും ഡക്കായി സഞ്ജു. മൂന്നാം മത്സരത്തിലും പൂജ്യനായി മടക്കം.