ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ 3 ട്വന്റി20 മത്സരങ്ങൾ അടങ്ങിയ പരമ്പരയിലൂടെ ആയിരുന്നു സഞ്ജു സാംസൺ ഇന്ത്യൻ ഓപ്പണറായി എത്തിയത്. പരിശീലകനായ ഗൗതം ഗംഭീറിന്‍റെയും നായകനായ സൂര്യകുമാർ യാദവിന്റെയും ഈ തന്ത്രം വിജയം കാണുകയുണ്ടായി. ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി തന്നെ സഞ്ജു നേടി. പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലും സഞ്ജു സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. മത്സരത്തിലെ പ്രകടനത്തിന് ശേഷം പരിശീലകനായ ഗംഭീറിനും നായകനായ സൂര്യകുമാർ യാദവിനും ക്രെഡിറ്റ് നൽകിയാണ് സഞ്ജു സാംസൺ സംസാരിച്ചത്. എന്നാൽ സഞ്ജുവിന്റെ പ്രകടനത്തിൽ താൻ ക്രെഡിറ്റ് അർഹിക്കുന്നില്ല എന്നാണ് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
സഞ്ജുവിന്റെ സമീപകാലത്തെ പ്രകടനത്തിൽ താൻ വലിയ ക്രെഡിറ്റ് അർഹിക്കുന്നില്ല എന്ന് ഗംഭീർ തുറന്നു പറഞ്ഞിരിക്കുകയാണ്. ഗംഭീറിനെ സംബന്ധിച്ച് സഞ്ജുവിന്റെ കഴിവും പ്രതിഭയുമാണ് ഈ മികച്ച പ്രകടനങ്ങൾക്ക് കാരണമായത്. അതിന് പിന്തുണ കൊടുക്കുക മാത്രമാണ് തങ്ങൾ ചെയ്തത് എന്ന് ഗംഭീർ പറയുന്നു. അവന് കൃത്യമായി അനുയോജ്യമായ ഒരു ബാറ്റിംഗ് പൊസിഷൻ നൽകാൻ തങ്ങൾക്ക് സാധിച്ചു എന്നാണ് ഗംഭീർ വിശ്വസിക്കുന്നത്. സഞ്ജുവിന്റെ കഠിനപ്രയത്നം മാത്രമാണ് ഇത്തരത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ കാരണമായി മാറിയത് എന്ന് ഗംഭീർ തുറന്നു പറയുന്നു.
“അവന്റെ പ്രകടനത്തിൽ മറ്റാരും ക്രെഡിറ്റ് അർഹിക്കുന്നില്ല. ഞാനതിൽ വലിയ കാര്യങ്ങൾ ഒന്നും ചെയ്തിട്ടില്ല. അത് അവന്റെ കഴിവാണ് എന്ന് ഞാൻ ചിന്തിക്കുന്നു. അവന് കൃത്യമായ ബാറ്റിംഗ് പൊസിഷൻ നൽകുകയും കൃത്യമായ പിന്തുണ നൽകുകയുമാണ് ഞങ്ങൾ ചെയ്തത്. അതായിരുന്നു ആവശ്യമെന്ന് എനിക്ക് തോന്നുന്നു. പൂർണ്ണമായും അവന്റെ കഠിനപ്രയത്നം തന്നെയാണ് ഇത്തരത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ കാരണമായി മാറിയത്. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ സഞ്ജുവിന്റെ തുടക്കം മാത്രമാണ് കാണാൻ സാധിക്കുന്നത്. ഒരിക്കലും അത് അവസാനമല്ല. ഇത്തരത്തിൽ മികച്ച ഫോമൊടെ അവന് മുൻപോട്ടു പോകാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്.”- ഗംഭീർ പറഞ്ഞു.
യുവതാരങ്ങൾ മുൻപിലത്തുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്യുമ്പോൾ തനിക്ക് വലിയ സന്തോഷമാണുള്ളത് എന്നും ഗൗതം ഗംഭീർ പറയുകയുണ്ടായി. “ഇത്തരത്തിൽ യുവതാരങ്ങളും മുൻപിലേക്ക് വരുന്നത് നല്ല ലക്ഷണങ്ങളാണ് ഇന്ത്യൻ ടീമിന്. ആരോഗ്യപരമായ ഒരു മത്സരം ഇന്ത്യൻ ക്രിക്കറ്റിനുള്ളിൽ തന്നെ ഉണ്ടാവാൻ ഇത് സഹായകരമായി മാറും.”- ഗംഭീർ പറഞ്ഞു. നീലവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ വിവിഎസ് ലക്ഷ്ണാണ് ഇന്ത്യയുടെ പരിശീലകനായി കൂടെയുള്ളത്. ഗൗതം ഗംഭീർ ഇന്ത്യയുടെ ബോർഡർ-ഗവാസ്കർ ട്രോഫിക്കായി ഓസ്ട്രേലിയയിലേക്ക് തിരിക്കുകയാണ്.