2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മധ്യസമയത്തായിരുന്നു ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള ടീം തെരഞ്ഞെടുത്തത്. ഐപിഎല്ലിന്റെ ആദ്യപാദത്തിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത പല താരങ്ങളെയും ഇന്ത്യ തങ്ങളുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ സഞ്ജു സാംസണും ശിവം ദുബയും അടക്കമുള്ള താരങ്ങൾ അണിനിരക്കുന്നു. കെഎൽ രാഹുൽ അടക്കമുള്ള പല സീനിയർ താരങ്ങളെയും ഒഴിവാക്കിയാണ് യുവതാരങ്ങളായ ഋഷഭ് പന്ത്, സഞ്ജു സാംസൺ തുടങ്ങിയവരെയാണ് ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ 2024 ലോകകപ്പിനുള്ള നിലവിലെ ഇന്ത്യൻ ടീമിനെ പറ്റിയാണ് ഇന്ത്യൻ താരം ശിഖർ ധവാൻ പറയുന്നത്.
സഞ്ജു സാംസനെ പോലെയുള്ള താരങ്ങൾക്ക് അവർ അർഹിച്ച സ്ഥാനം ലോകകപ്പിൽ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്ന ധവാൻ പറയുകയുണ്ടായി. മാത്രമല്ല ടൂർണമെന്റിലുടനീളം രോഹിത് ശർമയുടെ പരിചയസമ്പന്നതയും ഇന്ത്യയ്ക്ക് ഗുണം ചെയ്യും എന്നാണ് ശിഖർ ധവാൻ കരുതുന്നത്.
കഴിഞ്ഞ വർഷം ഇന്ത്യയെ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ എത്തിക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചിരുന്നു. രോഹിത്തിനൊപ്പം ചെയ്സ് മാസ്റ്റർ കോഹ്ലിയും, പ്രീമിയം പേസർ ജസ്പ്രീറ്റ് ബുമ്രയും ചേരുമ്പോൾ ഇന്ത്യൻ ടീം വളരെ ശക്തമാകും എന്നാണ് ധവാൻ കരുതുന്നത്. ഒപ്പം ചഹൽ, സഞ്ജു സാംസൺ, ദുബെ എന്നിവരുടെ ടീമിലേക്കുള്ള കടന്നുവരവിനെ സ്വാഗതം ചെയ്യാനും ധവാൻ മറന്നില്ല.
“ശിവം ദുബെ, യുസ്വേന്ദ്ര ചഹൽ, സഞ്ജു സാംസൺ തുടങ്ങിയ താരങ്ങൾക്ക് അവർ അർഹിച്ച സ്ഥാനം ഐസിസി ടൂർണമെന്റുകളിൽ ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇവരെയൊക്കെയും ഉൾപ്പെടുത്തിയതിനാൽ തന്നെ നമുക്ക് നിലവിലുള്ളത് വളരെ സന്തുലിതാവസ്ഥയിലുള്ള ഒരു ടീം തന്നെയാണ്. എന്നിരുന്നാലും ടൂർണമെന്റിൽ ഉടനീളം നമ്മൾ മികച്ച രീതിയിൽ തന്നെ കളിക്കേണ്ടതുണ്ട്. ഇന്ത്യൻ ടീമിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. എല്ലാ ഭാഗ്യങ്ങളോടും കൂടി കിരീടമുയർത്താൻ ഇന്ത്യയ്ക്ക് സാധിക്കട്ടെ.”- ധവാൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
2024 ഐപിഎല്ലിൽ ഇതുവരെ മികച്ച പ്രകടനങ്ങളാണ് സഞ്ജു സാംസൺ കാഴ്ചവെച്ചിട്ടുള്ളത്. നായകൻ എന്ന നിലയ്ക്ക് മികച്ച രീതിയിൽ രാജസ്ഥാനെ നയിക്കാനും സഞ്ജുവിന് സാധിച്ചിട്ടുണ്ട്. നിലവിൽ സഞ്ജുവിന്റെ നേതൃത്വത്തിൽ 2024 ഐപിഎല്ലിന്റെ പ്ലേയോഫിലെത്താൻ രാജസ്ഥാൻ റോയൽസ് ടീമിന് സാധിച്ചു കഴിഞ്ഞു.
ഇതുവരെ സഞ്ജു ഈ ഐപിഎല്ലിൽ 14 മത്സരങ്ങളിൽ നിന്ന് 504 റൺസ് ആണ് നേടിയിട്ടുള്ളത്. മറുവശത്ത് ചാഹലും റെക്കോർഡുകൾ പിന്നിട്ട് മുന്നേറുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 200 വിക്കറ്റുകൾ പൂർത്തീകരിക്കുന്ന ആദ്യ ബോളർ എന്ന റെക്കോർഡ് ഈ ഐപിഎല്ലിൽ ചാഹൽ സ്വന്തമാക്കിയിരുന്നു.