നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ട്വന്റി20 ലോകകപ്പിന് ശേഷം വലിയൊരു മാറ്റം തന്നെ ഇന്ത്യൻ ക്രിക്കറ്റിലുണ്ടാവും എന്നത് ഉറപ്പാണ്. മാത്രമല്ല രാഹുൽ ദ്രാവിഡിന് ശേഷം ഗൗതം ഗംഭീർ ഇന്ത്യയുടെ കോച്ചായി വരുന്നതോടുകൂടി ഇന്ത്യൻ ക്രിക്കറ്റിൽ വലിയൊരു വിപ്ലവമാണ് ഉണ്ടാവാൻ പോകുന്നത്.
നിലവിൽ ഇന്ത്യയുടെ ട്വന്റി20 ടീമിൽ നിന്ന് രോഹിത് ശർമ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവർ വിരമിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ ടീമിൽ വലിയൊരു മാറ്റം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. ഗംഭീർ പരിശീലകനായി എത്തുന്നതോടെ ഏറ്റവും വലിയ മാറ്റമുണ്ടാവാൻ പോകുന്നത് വിക്കറ്റ് കീപ്പർ തസ്തികയിലാണ് എന്ന കാര്യവും ഉറപ്പാണ്.
ട്വന്റി20 ലോകകപ്പിൽ ഋഷഭ് പന്തായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിച്ചിരുന്നത്. പക്ഷേ ടൂർണമെന്റിലൂടനീളം മികവ് പുലർത്താൻ പന്തിന് സാധിച്ചില്ല. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തിട്ടും ഒരു അർധസെഞ്ച്വറി പോലും ലോകകപ്പിൽ പന്ത് നേടിയിരുന്നില്ല. ഈ സാഹചര്യത്തിൽ പന്തിന് പകരം സഞ്ജു സാംസണെ ഇന്ത്യ തങ്ങളുടെ ട്വന്റി20 ഫോർമാറ്റിലെ വിക്കറ്റ് കീപ്പറാക്കി മാറ്റാൻ സാധ്യതകൾ ഏറെയാണ്. ഗൗതം ഗംഭീർ വരുന്നതോടെ സഞ്ജുവിനെ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നതിന്റെ സൂചനകൾ ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. പലപ്പോഴും സഞ്ജുവിനായി രംഗത്ത് എത്തിയിട്ടുള്ള ഒരു താരം കൂടിയാണ് ഗൗതം ഗംഭീർ.
4 വർഷങ്ങൾക്കു മുൻപ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഗൗതം ഗംഭീർ കുറിച്ചത് ഇങ്ങനെയായിരുന്നു. “സഞ്ജു സാംസൺ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ മാത്രമല്ല.. ഇന്ത്യയിലെ ഏറ്റവും മികച്ച യുവ ബാറ്ററും കൂടിയാണ് അവൻ. ആരെങ്കിലും ഇക്കാര്യത്തിൽ ചർച്ചയ്ക്ക് ഉണ്ടോ?”- ഇത് 2022 സെപ്റ്റംബർ 22ന് ഗൗതം ഗംഭീർ കുറിച്ച പോസ്റ്റാണ്. സഞ്ജു സാംസൺ എന്ന കളിക്കാരനിൽ ഗംഭീറിനുള്ള ആത്മവിശ്വാസമാണ് ഈ പോസ്റ്റിൽ നിന്ന് വ്യക്തമാവുന്നത്. ഇതിന് ശേഷം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ നിന്ന് തുടർച്ചയായി തഴയപ്പെട്ടപ്പോഴും ഒരു വ്യത്യസ്ത പോസ്റ്റുമായി ഗൗതം ഗംഭീർ രംഗത്ത് വരികയുണ്ടായി.
“ഇന്ത്യൻ ടീമിനായി സഞ്ജു സാംസൺ കളിക്കുന്നില്ലെങ്കിൽ അത് സഞ്ജുവിന്റെ മാത്രം നഷ്ടമല്ല, മറിച്ച് ഇന്ത്യയുടെ നഷ്ടമാണ്.”- ഇതായിരുന്നു ഗൗതം ഗംഭീർ അന്ന് ട്വിറ്ററിൽ കുറിച്ചത്. ഇതൊക്കെയും കൂട്ടി വായിക്കുമ്പോൾ ഗംഭീർ കോച്ചായി എത്തുന്നതോടെ സഞ്ജു സാംസന് വലിയ അവസരങ്ങൾ ഉണ്ടാകും എന്ന കാര്യം ഉറപ്പാണ്. മാത്രമല്ല ട്വന്റി20 മത്സരങ്ങളിലെ റീഷഭ് പന്തിന്റെ മോശം പ്രകടനങ്ങളും ഇതിനൊരു കാരണമാകും. ഇതുവരെ ഇന്ത്യക്കായി 74 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള പന്തിന്റെ ശരാശരി കേവലം 22.70 ആണ്. ഇത് സഞ്ജുവിന് ഗുണം ചെയ്യാനും സാധ്യതയുണ്ട്.