സഞ്ജുവല്ല, പന്ത് തന്നെയാണ് ഇന്ത്യൻ ടീമിൽ കളിക്കേണ്ടത്. സഞ്ജുവിനെ കൈവിട്ട് ഗവാസ്കറും ഗാംഗുലിയും.

ബംഗ്ലാദേശിനെതിരായ പരിശീലന മത്സരത്തിൽ വളരെ മികച്ച ഒരു അവസരമായിരുന്നു സഞ്ജു സാംസണ് മുമ്പിലേക്ക് എത്തിയത്. മത്സരത്തിൽ സഞ്ജുവിനെ ഇന്ത്യ ഓപ്പണായി പരിഗണിക്കുകയും ചെയ്തു. എന്നാൽ മത്സരത്തിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ബാറ്റിംഗിന് ദുഷ്കരമായ സാഹചര്യത്തിൽ ക്രീസിലെത്തിയ സഞ്ജു 6 പന്തുകളിൽ ഒരു റൺ മാത്രമാണ് നേടിയത്.

മറുവശത്ത് മറ്റൊരു വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് 32 പന്തുകൾ നേരിട്ട് 53 റൺസ് സ്വന്തമാക്കുകയുണ്ടായി. ഇതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ പന്ത് കീപ്പറായി എത്തുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഇപ്പോൾ പന്തിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.

വിക്കറ്റ് കീപ്പർ എന്ന നിലയിൽ സഞ്ജുവിനെക്കാൾ മികച്ച താരം റിഷഭ് പന്താണ് എന്ന് സുനിൽ ഗവാസ്കർ പറയുകയുണ്ടായി. “വിക്കറ്റ് കീപ്പിംഗ് കഴിവുകൾ എടുത്തു പരിശോധിച്ചാൽ സഞ്ജുവിനെക്കാൾ മികച്ച താരം പന്താണ് എന്ന് ഞാൻ പറയും. ഞാൻ സംസാരിച്ചത് ബാറ്റിംഗിനെ കുറിച്ചല്ല. കീപ്പിങ്ങിനെ കുറിച്ചാണ്.”

“ഇനി ബാറ്റിംഗിലേക്ക് വന്നാലും കഴിഞ്ഞ കുറച്ച് ഐപിഎൽ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പന്തിന് സാധിച്ചിരുന്നു മറുവശത്ത് സഞ്ജു സാംസണിന് 2024 ഐപിഎല്ലിൽ മികച്ച തുടക്കം തന്നെ ലഭിച്ചു. കൂടുതൽ റൺസ് സീസണിൽ നേടാൻ സഞ്ജുവിന് സാധിച്ചു. മൈതാനത്തിന്റെ എല്ലാ കോണിലേക്കും പന്തുകൾ പായിക്കാനും അവന് സാധിച്ചിരുന്നു.”- ഗവാസ്കർ പറയുന്നു.

എന്നിരുന്നാലും ഐപിഎല്ലിലെ അവസാന 2-3 മത്സരങ്ങളിൽ വേണ്ട രീതിയിലുള്ള പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചില്ല. “അവൻ വേണ്ട രീതിയിൽ റൺസ് കണ്ടെത്തിയില്ല. അതുകൊണ്ടു തന്നെ ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരം സഞ്ജുവിനെ വലിയൊരു അവസരം തന്നെയായിരുന്നു. മത്സരത്തിൽ ഒരു 50-60 റൺസ് സ്വന്തമാക്കിയിരുന്നുവെങ്കിൽ സഞ്ജുവിന് ഒരുപക്ഷേ വിക്കറ്റ് കീപ്പറായി തന്നെ ടീമിലെത്താൻ സാധിച്ചേനെ. എന്നാൽ ഈ മത്സരത്തിന് ശേഷം പന്തിനെ സെലക്ഷൻ കമ്മിറ്റി കീപ്പറായി പരിഗണിക്കും എന്നാണ് എനിക്ക് തോന്നുന്നത്.”- സുനിൽ ഗവാസ്കർ കൂട്ടിച്ചേർത്തു.

നേരത്തെ ഇന്ത്യൻ മുൻ നായകൻ സൗരവ് ഗാംഗുലിയും പന്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. പന്തിനെയാണ് ഇന്ത്യ വിക്കറ്റ് കീപ്പറായി കളിപ്പിക്കേണ്ടത് എന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. പന്ത് ഒരു സ്പെഷ്യൽ ടാലന്റ് ആണെന്നും, അവന്റെ ബാറ്റിംഗ് ടീമിന് ഗുണം ചെയ്യുമെന്നും അന്ന് ഗാംഗുലി പറഞ്ഞിരുന്നു.

ഇപ്പോൾ അത് ശരി വയ്ക്കുന്ന പ്രകടനമാണ് പന്ത് മത്സരത്തിൽ കാഴ്ച വച്ചിരിക്കുന്നത്. എന്നിരുന്നാലും ഇന്ത്യ ഒരു മത്സരത്തിൽ കൂടി സഞ്ജുവിന് അവസരം നൽകുമെന്ന പ്രതീക്ഷയിലാണ് സഞ്ജു ആരാധകർ.

Previous articleഅവൻ മികവ് പുലർത്തിയാലേ ഇന്ത്യയ്ക്ക് ലോകകപ്പ് ലഭിക്കൂ. ഇന്ത്യൻ ഓൾറൗണ്ടറെ പറ്റി നയൻ മോംഗിയ..
Next article“ന്യൂയോർക്കിലെ പിച്ച് ചതിക്കും.. വലിയ മത്സരങ്ങളിൽ പണിയാകും” – ആശങ്ക തുറന്ന് പറഞ്ഞ് രാഹുൽ ദ്രാവിഡ്‌