2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മികച്ച തുടക്കമാണ് രാജസ്ഥാന് ലഭിച്ചിരിക്കുന്നത്. ലക്‌നൗ സൂപ്പർ ജയന്റ്സിനെതിരായ ആദ്യ മത്സരത്തിൽ 20 റൺസിന്റെ വിജയമായിരുന്നു രാജസ്ഥാൻ സ്വന്തമാക്കിയത്. ശേഷം രണ്ടാം മത്സരത്തിൽ ഡൽഹിയ്ക്കെതിരെ 12 റൺസിന്റെ വിജയവും രാജസ്ഥാൻ സ്വന്തമാക്കി.
ഇങ്ങനെ വളരെ പ്രതീക്ഷയോടെ തന്നെയാണ് രാജസ്ഥാൻ തങ്ങളുടെ 2024 ഐപിഎൽ സീസൺ ആരംഭിച്ചിരിക്കുന്നത്. ഇത്തവണത്തെ രാജസ്ഥാൻ ടീമിന്റെ സന്തുലിതാവസ്ഥ വ്യക്തമാക്കിക്കൊണ്ട് ഇപ്പോൾ രംഗത്തെത്തിയരിക്കുകയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റർ സ്റ്റീവ് സ്മിത്ത്. 2024 ഐപിഎല്ലിൽ രാജസ്ഥാനെ പരാജയപ്പെടുത്തുക എന്നത് അല്പം ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്നാണ് സ്റ്റീവ് സ്മിത്ത് പറയുന്നത്.
ടൂർണമെന്റിൽ ഏറ്റവും സന്തുലിതമായ ടീമുകളിൽ ഒന്നാണ് രാജസ്ഥാൻ എന്ന് സ്മിത്ത് വിലയിരുത്തുന്നു. രാജസ്ഥാന്റെ ലൈനപ്പിനെ ചൂണ്ടിക്കാട്ടിയാണ് സ്മിത്ത് സംസാരിച്ചത്. “നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹോം ടീമുകളാണ് മത്സരങ്ങളിൽ വിജയിക്കുന്നത്. ആ ഒരു ട്രെൻഡ് ഇല്ലാതാക്കാൻ ഞാൻ ഒരിക്കലും തയ്യാറാവുന്നില്ല. എന്നിരുന്നാലും രാജസ്ഥാൻ ഇത്തവണ ഒരു സമ്പൂർണ്ണമായ ടീം തന്നെയാണ്.”
”എല്ലാ ഏരിയകളും കൃത്യമായി കവർ ചെയ്യാൻ അവർക്ക് സാധിച്ചിട്ടുണ്ട്. മികച്ച സ്പിന്നർമാർ അവരുടെ ടീമിലുണ്ട്. അവരുടെ പ്രകടനം കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലായിപ്പോഴും അവിശ്വസനീയ താരങ്ങളാണ് ഇവർ. മുൻ നിരയിലുള്ള രണ്ടു ബാറ്റർമാരും ഐപിഎല്ലിലെ തന്നെ ഏറ്റവും അപകടകാരികളാണ്. ഇവരൊക്കെയും വളരെ മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണെങ്കിൽ രാജസ്ഥാനെ സംബന്ധിച്ച് ഒരു അവിശ്വസനീയ സീസൺ തന്നെയാവും ഇത്. അവരെ പരാജയപ്പെടുത്തുക എന്നത് അല്പം ബുദ്ധിമുട്ടേറിയ കാര്യമാണ്.”- സ്മിത്ത് പറയുന്നു.
ഒപ്പം ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലെ സഞ്ജു സാംസന്റെ ഇന്നിംഗ്സിനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കാനും സ്മിത്ത് മറന്നില്ല. “സഞ്ജു സാംസൺ ആദ്യ മത്സരത്തിൽ അതിമനോഹരമായാണ് കളിച്ചത്. ടീമിനെ വിജയത്തിലെത്തിക്കാൻ സഞ്ജുവിന് സാധിച്ചു. നിലവിൽ അവൻ നന്നായി കളിക്കുന്നുണ്ട്. വളരെ മികച്ച സ്ഥാനത്താണ് അവൻ ബാറ്റിംഗിന് ഇറങ്ങുന്നത്. അവിടെ അവൻ തൃപ്തനാണ്. ബോളിനെ നന്നായി ആക്രമിക്കാനും സഞ്ജുവിന് സാധിക്കുന്നു. നിലവിൽ സഞ്ജുവിന്റെ നായകത്വം അവിശ്വസനീയം തന്നെയാണ്. ഈ ഫോമിൽ തന്നെ സഞ്ജു മുൻപോട്ട് പോകേണ്ടതുണ്ട്.”- സ്മിത്ത് കൂട്ടിച്ചേർക്കുന്നു.
ലക്നൗവിനെതിരായ ആദ്യ മത്സരത്തിൽ 52 പന്തുകളിൽ 83 റൺസാണ് സഞ്ജു സാംസൺ സ്വന്തമാക്കിയത്. ഇന്നിംഗ്സിൽ 3 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടിരുന്നു. എന്നാൽ ഡൽഹിയ്ക്കെതിരായ രണ്ടാം മത്സരത്തിൽ വിചാരിച്ച രീതിയിൽ റൺസ് കണ്ടെത്താൻ സഞ്ജുവിന് സാധിച്ചില്ല. കേവലം 15 റൺസ് മാത്രമായിരുന്നു സഞ്ജു സ്വന്തമാക്കിയത്. പക്ഷേ വരും മത്സരങ്ങളിൽ സഞ്ജുവിൽ നിന്ന് വളരെ മികച്ച പ്രകടനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.