ലോകകപ്പിന്റെ സെമിഫൈനലിലെ തകർപ്പൻ പ്രകടനത്തിന് ശേഷം മുഹമ്മദ് ഷാമിക്ക് പ്രശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങളും മറ്റ് സെലിബ്രിറ്റികളും. മത്സരത്തിൽ 7 വിക്കറ്റുകൾ സ്വന്തമാക്കിയ മുഹമ്മദ് ഷാമിയുടെ പ്രകടനത്തെ അവിസ്മരണീയം എന്ന് വിശേഷിപ്പിച്ചാണ് ഇന്ത്യൻ താരം ഗൗതം ഗംഭീർ രംഗത്ത് എത്തിയത്. സ്റ്റാർ സ്പോർട്സിൽ ഒരു ഷോയിൽ സംസാരിക്കവെയാണ് ഗംഭീർ ഷാമിയെ ഇത്രത്തോളം പ്രശംസിച്ചത്.
ലോകകപ്പിലെ സെമിഫൈനൽ പോലെയൊരു വലിയ മത്സരത്തിൽ 7 വിക്കറ്റുകൾ സ്വന്തമാക്കുക എന്നത് എല്ലായിപ്പോഴും അവിശ്വസനീയമാണ് എന്ന് ഗൗതം ഗംഭീർ പറയുന്നു. ഇപ്പോൾ ഷാമി കാണിക്കുന്നത് വലിയ അത്ഭുതങ്ങളാണെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവനിൽ ഷാമി എത്തിയത് മുതൽ കാര്യങ്ങളൊക്കെയും മാറിമറിഞ്ഞിരിക്കുകയാണ് എന്ന് ഗംഭീർ പറയുന്നു. ടൂർണമെന്റിൽ എറിഞ്ഞ ആദ്യ പന്ത് മുതൽ മുഹമ്മദ് ഷാമി തന്റെ സ്ഥാനം ടീമിൽ ഉറപ്പിച്ചു കഴിഞ്ഞു. ഈ ഇന്ത്യൻ ടീമിന്റെ ഫൈനൽ വരെയുള്ള പ്രയാണത്തിൽ മുഹമ്മദ് ഷാമിയുടെ സ്വാധീനം വളരെ വലുതാണ് എന്ന് ഗംഭീർ പറയുന്നു. സെമിഫൈനൽ മത്സരത്തിന്റെ തുടക്കത്തിൽ ബൂമ്ര താളം കണ്ടെത്താൻ നന്നായി വിഷമിച്ചിരുന്നുവെന്നും, ഈ സമയത്ത് രോഹിത് ശർമയുടെ രക്ഷകനായി ഷാമി അവതരിക്കുകയായിരുന്നു എന്നുമാണ് ഗംഭീർ പറയുന്നത്. ഷാമിയടക്കം 3 ലോകനിലവാരമുള്ള ബോളർമാർ ടീമിലുള്ളത് രോഹിത് ശർമയെ സംബന്ധിച്ച് വലിയൊരു ലക്ഷ്വറിയാണ് എന്നും ഗംഭീർ പ്രമുഖ ഷോയിൽ പറഞ്ഞു.
ഗംഭീർ മാത്രമല്ല, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ഷാമിക്ക് പ്രശംസകളുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഷാമിയെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചത്. “ഇന്ത്യൻ ടീമിന് ഞാൻ അഭിനന്ദനങ്ങൾ നേരുകയാണ്. മികച്ച പ്രകടനങ്ങളോടെ ഫൈനലിലേക്ക് എത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. മികച്ച ബാറ്റിംഗും മികച്ച ബോളിങ്ങുമാണ് മത്സരത്തിൽ നമ്മുടെ ടീമിനെ വിജയിപ്പിച്ചത്.
ഫൈനലിലും ടീമിന് ആശംസകൾ നേരുന്നു. വ്യക്തിഗതമായ മികച്ച പ്രകടനങ്ങൾ കൊണ്ട് വളരെ സ്പെഷ്യലായ ഒരു സെമിഫൈനലാണ് നടന്നത്. മുഹമ്മദ് ഷാമിയുടെ ഈ മത്സരത്തിലെ ബോളിംഗ് പ്രകടനവും, ലോകകപ്പിലുടനീളം നടത്തിയ പ്രകടനവും വരാനിരിക്കുന്ന തലമുറയിലെ ക്രിക്കറ്റ് ആരാധകർക്ക് പോലും പ്രചോദനമാണ്. ഷാമി വളരെ നന്നായി കളിച്ചു.”- മോദി തന്റെ ട്വിറ്ററിൽ കുറിച്ചു.
കോൺഗ്രസ് ലീഡർ രാഹുൽ ഗാന്ധിയും ഇന്ത്യയുടെ വിജയത്തിൽ തന്റെ അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തിയിരുന്നു. “ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. മത്സരത്തിലൂടനീളം ടീം വർക്കിലൂടെയും കഴിവുകൾ പ്രകടിപ്പിച്ചുമാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. വലിയ അംഗീകാരം മത്സരത്തിലൂടെ നേടിയെടുത്ത വിരാട് കോഹ്ലിക്കും ഞാൻ അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇന്ത്യ കിരീടമുയർത്തും എന്ന് വിശ്വസിക്കുന്നു.”- രാഹുൽ ഗാന്ധി കുറിച്ചു.