ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരക്ക് മുൻപ് മുഹമ്മദ് ഷാമിയെ അങ്ങേയറ്റം പ്രശംസിച്ച് ഇന്ത്യൻ കോച്ച് പരസ് മാമ്പ്രെ. മുഹമ്മദ് ഷാമി മൈതാനത്ത് കാഴ്ചവയ്ക്കുന്ന മികച്ച പ്രകടനങ്ങളെ പുകഴ്ത്തിയാണ് മാമ്പ്രെ സംസാരിച്ചത്. ഒരു കോച്ചിനും മുഹമ്മദ് ഷാമിയെ പോലെ ഒരു കലാകാരനെ സൃഷ്ടിച്ചെടുക്കാൻ സാധിക്കില്ലയെന്നും അയാൾ പ്രദർശിപ്പിക്കുന്ന മുഴുവൻ കഴിവുകളും അയാളുടെ കഠിനപ്രയത്നത്തിന്റെ ഫലമാണെന്നും മാമ്പ്രെ പറയുകയുണ്ടായി.
2023 ഏകദിന ലോകകപ്പിൽ മിന്നുന്ന ബോളിംഗ് പ്രകടനമായിരുന്നു മുഹമ്മദ് ഷാമി കാഴ്ചവച്ചത്. ടൂർണമെന്റിൽ 24 വിക്കറ്റുകൾ സ്വന്തമാക്കാൻ ഷാമിക്ക് സാധിച്ചിരുന്നു. ശേഷമാണ് മാമ്പ്രെ പ്രശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.
മുഹമ്മദ് ഷാമിയുടെ ബോളിങ്ങിലെ വ്യത്യസ്തതകൾ ചൂണ്ടിക്കാട്ടിയാണ് മാമ്പ്രെ സംസാരിച്ചത്. “പരിശീലകർക്ക് ഷാമിയെ പോലെ ഒരു ബോളറെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് ഞാൻ പറഞ്ഞാൽ അത് വലിയൊരു നുണയായിരിക്കും. ഒരു ബോളർക്ക്, എപ്പോഴും കൃത്യമായ സ്ഥലത്ത് പന്ത് ലാൻഡ് ചെയ്യിക്കാൻ സാധിക്കുക എന്നത് അപ്രാപ്യമാണ്. അവിടെയാണ് മുഹമ്മദ് ഷാമി വ്യത്യസ്തനാവുന്നത്. ലോകത്തിലെ എല്ലാ ബോളർമാർക്കും ഇത് സാധിക്കുമെങ്കിൽ എല്ലാവരും മുഹമ്മദ് ഷാമിയെ പോലെയായി മാറിയേനെ.”- മാമ്പ്രെ പറഞ്ഞു.
“ഇതൊക്കെയും ഷാമി ഒരുപാട് കഠിനപ്രയത്നത്തിലൂടെ നേടിയെടുത്ത കഴിവുകൾ തന്നെയാണ്. അയാൾ അയാളുടെ കഴിവുകളിൽ വലിയ രീതിയിലുള്ള പുരോഗതി സ്വയമേ ഉണ്ടാക്കിയെടുത്തു. ഓരോ ബോളിലും കൃത്യമായ സീം പാലിച്ച്, കൃത്യമായ കൈക്കുഴ പൊസിഷൻ ഉണ്ടാക്കിയെടുത്ത്, ഇരുവശത്തേക്കും പന്ത് ചലിപ്പിക്കാൻ സാധിക്കുക എന്നത് ചെറിയ കാര്യമല്ല. പല ബോളർമാരും ഇത്തരം സ്വപ്ന ബോളുകൾക്കായി ശ്രമിക്കാറുണ്ട്. പക്ഷേ പലരുടെയും പന്ത് ലാൻഡ് ചെയ്തതിനു ശേഷം പിച്ചിൽ നിന്ന് നേരെ ചലിക്കുകയാണ് ചെയ്യുന്നത്. അവിടെ ഷാമി വ്യത്യസ്തനാണ്.”- മാമ്പ്രെ കൂട്ടിച്ചേർത്തു.
ഷാമിയ്ക്കൊപ്പം ജസ്പ്രീത് ബുംറയുടെ ബോളിംഗ് മികവിനെപ്പറ്റിയും മാമ്പ്രെ സംസാരിച്ചു. “തന്റെ വ്യത്യസ്തമായ ബോളിംഗ് ആക്ഷൻ ഉപയോഗിച്ച് ബോൾ ഇരുവശത്തേക്കും ചലിപ്പിക്കാൻ ബുമ്രയ്ക്കും സാധിക്കുന്നുണ്ട്. അതും ഒരു കല തന്നെയാണ്. കഠിനമായ പ്രയത്നങ്ങൾ തന്നെയാണ് ഇത്തരമൊരു കലയ്ക്ക് പിന്നിലുള്ളത്. ടെസ്റ്റ് മത്സരങ്ങളിൽ നമുക്ക് ബൂമ്ര, ഷാമി, ഇഷാന്ത് എന്നിവരൊക്കെയുമുണ്ട് . ഇവരൊക്കെയും മൈതാനത്ത് അത്ഭുതങ്ങൾ കാണിച്ചവരാണ്. ഇത്തരമൊരു ഡോമിനൻസ് ഇന്ത്യൻ ബോളർമാരിൽ നിന്ന് മുൻപ് പ്രതീക്ഷിച്ചിരുന്നോ എന്ന് ചോദിച്ചാൽ ഇത്തരമൊന്ന് ഞാൻ സ്വപ്നം പോലും കണ്ടിരുന്നില്ല എന്നതാണ് സത്യം.”- മാമ്പ്രെ കൂട്ടിച്ചേർക്കുന്നു