സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ വമ്പൻ മാറ്റങ്ങൾ. പരമ്പരയിലെ ആദ്യ 2 ട്വന്റി20 മത്സരങ്ങളിൽ നിന്ന് ലോകകപ്പിലെ ഇന്ത്യയുടെ സാന്നിധ്യമായിരുന്ന ശിവം ദുബെ, സഞ്ജു സാംസൺ, യശസ്വി ജയസ്വാൾ എന്നിവരെ മാറ്റി നിർത്തിയിട്ടുണ്ട്.
ഇതിന് പകരക്കാരായി ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത സായി സുദർശൻ, ജിതേഷ് ശർമ, ഹർഷിത് റാണ എന്നിവരെയാണ് ഇന്ത്യ ഉൾപ്പെടുത്തിയിരിക്കുന്നത്. 2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യൻ സ്ക്വാഡ് അംഗങ്ങളായിരുന്നു ദുബെ, സഞ്ജു സാംസൺ, ജയസ്വാൾ എന്നിവർ. നിലവിൽ ചുഴലിക്കാറ്റിന്റെ ഭീഷണിയിൽ ബാർബഡോസിൽ തുടരുകയാണ് ഈ താരങ്ങൾ. അതിനാലാണ് പുതിയ താരങ്ങളെ സിംബാബ്വെയ്ക്കെതീരായ പരമ്പരയ്ക്കായി തിരഞ്ഞെടുത്തത്..
ബുധനാഴ്ച ഇന്ത്യൻ സ്ക്വാഡ് ഡൽഹിയിൽ എത്തും എന്നാണ് ഇപ്പോൾ വിവരം ലഭിക്കുന്നത്. ജൂൺ 3ന് തന്നെ ബിസിസിഐ സുദർശൻ, ജിതേഷ്, ഹർഷിദ് എന്നിവരെ സിംബാബ്വെയിലേക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്
“പുരുഷ സെലക്ഷൻ കമ്മിറ്റി ഇതിനോടകം തന്നെ സായി സുദർശൻ, ജിതേഷ് ശർമ, ഹർഷിദ് റാണ എന്നിവരെ സഞ്ജു സാംസൺ, ശിവം ദുബെ, ജയസ്‌വാൾ എന്നിവരുടെ പകരക്കാരായി സിംബാബ്വെയ്ക്കെതിരായ ആദ്യ 2 ട്വന്റി20കളിൽ നിശ്ചയിച്ചിട്ടുണ്ട്. ഇവർ നേരിട്ട് തന്നെ സിംബാബ്വെയ്ക്കെതിരായ പരമ്പരയ്ക്കുള്ള സ്ക്വാഡിൽ ഉൾപ്പെടുന്നതാണ്.”- ബിസിസിഐ തങ്ങളുടെ പ്രസ്താവനയിൽ അറിയിച്ചു.
നിലവിൽ പൂർണമായും യുവതാരങ്ങൾ അടങ്ങുന്ന സ്ക്വാഡാണ് ഇന്ത്യയുടെ സിംബാബ്വെക്കെതിരായ പരമ്പരയ്ക്കായി പുറപ്പെട്ടിരിക്കുന്നത്. ശുഭ്മാൻ ഗില്ലാണ് സ്ക്വാഡിൽ ഇന്ത്യയുടെ നായകൻ. സഞ്ജുവിന്റെ അഭാവത്തിൽ ധ്രുവ് ജൂറൽ, ജിതേഷ് ശർമ എന്നിവർ സ്ക്വാഡിൽ വിക്കറ്റ് കീപ്പർമാരായി കളിക്കും. ഒപ്പം കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്ത ഋതുരാജ്, അഭിഷേക് ശർമ, റിങ്കു സിംഗ്, റിയാൻ പരഗ്, സായി സുദർശൻ എന്നീ ബാറ്റർമാരും പരമ്പരയിൽ ഇന്ത്യയുടെ സാന്നിധ്യമായി എത്തും.
മുകേഷ് കുമാർ, ഹർഷിദ് റാണ, ആവേഷ് ഖാൻ, ഖലീൽ അഹമ്മദ് തുടങ്ങിയവരാണ് ഇന്ത്യയുടെ പേസ് ബോളിങ് നിരയിലുള്ളത്. രവി ബിഷ്ണോയിയാണ് സിംബാബ്വെയ്ക്കെതിരെ സ്പിൻ നിരയെ നയിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് തങ്ങളുടെ ട്വന്റി20 ക്രിക്കറ്റിൽ വലിയൊരു മാറ്റമാണ് വരാനിരിക്കുന്ന പരമ്പരകളിലൂടെ ഉണ്ടാകുന്നത്.
ഈ പരമ്പരയിൽ വമ്പൻ വിജയം നേടി ഇന്ത്യ തങ്ങളുടെ സ്ക്വാഡ് കൂടുതൽ സന്തുലിതമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സിംബാബ്വെയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യ ശ്രീലങ്കയ്ക്ക് എതിരെ പോരാട്ടം ആരംഭിക്കും.