വീണ്ടും കലമുടച്ച് സഞ്ജു, എലിമിനേറ്ററിലും പരാജയം. 13 പന്തിൽ നേടിയത് 17 റൺസ്.

ബാംഗ്ലൂരിനെതിരായ എലിമിനേറ്റർ മത്സരത്തിലും ബാറ്റിംഗിൽ കലമുടച്ച് സഞ്ജു സാംസൺ. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ സാധിക്കാതെ സഞ്ജു സാംസൺ മടങ്ങുകയായിരുന്നു.

മത്സരത്തിൽ 13 പന്തുകൾ നേരിട്ട സഞ്ജു 17 റൺസാണ് നേടിയത്. ഒരു സിക്സറാണ് സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. കരൺ ശർമയുടെ പന്തിൽ ഒരു വമ്പൻ ഷോട്ടിന് ശ്രമിക്കവേ, ദിനേശ് കാർത്തിക് സഞ്ജുവിനെ സ്റ്റമ്പ് ചെയ്യുകയായിരുന്നു. മത്സരത്തിൽ രാജസ്ഥാൻ മികച്ച നിലയിലുള്ള സമയത്താണ് സഞ്ജു പുറത്തായത്. കഴിഞ്ഞ മത്സരങ്ങളിൽ ഒക്കെയും ഇത്തരത്തിൽ മോശം പ്രകടനമാണ് സഞ്ജു തുടരുന്നത്.

മത്സരത്തിൽ 173 എന്ന വിജയലക്ഷ്യം മുന്നിൽകണ്ട് ഇറങ്ങിയ രാജസ്ഥാന് തരക്കേടില്ലാത്ത തുടക്കമാണ് ജയസ്വാളും കാഡ്മോറും നൽകിയത്. എന്നാൽ 15 പന്തുകളിൽ 20 റൺസ് നേടിയ കാഡ്മൊർ ആറാം ഓവറിൽ പുറത്താവുകയായിരുന്നു. ഇതിന് ശേഷമാണ് സഞ്ജു സാംസൺ ക്രീസിൽ എത്തിയത്. നേരിട്ട ആദ്യ പന്തിൽ കരുതലോടെയാണ് സഞ്ജു തുടങ്ങിയത്.

എന്നാൽ മൂന്നാം പന്തിൽ സ്വപ്നിൽ സിംഗിനെതിരെ സിക്സർ നേടി സഞ്ജു തന്റെ വരവറിയിച്ചു. ഒരു തകർപ്പൻ സിക്സർ തന്നെയായിരുന്നു സഞ്ജു നേടിയത്. പക്ഷേ അധികം താമസിയാതെ തന്നെ സഞ്ജു കരൺ ശർമയുടെ പന്തിൽ പുറത്താവുകയായിരുന്നു. ഒരു വമ്പൻ ഷോട്ടിന് ശ്രമിക്കവേയാണ് സഞ്ജുവിന്റെ പുറത്താവൽ.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കമാണ് കോഹ്ലി ബാംഗ്ലൂരിന് നൽകിയത്. 24 പന്തുകളിൽ 33 റൺസ് നേടാൻ കോഹ്ലിയ്ക്ക് സാധിച്ചു. എന്നാൽ മികച്ച തുടക്കം ലഭിച്ചിട്ടും ബാംഗ്ലൂരിന്റെ ബാറ്റർമാർ അത് വലിയ ഇന്നിംഗ്സുകളാക്കി മാറ്റുന്നതിൽ പരാജയപ്പെടുകയായിരുന്നു.

ഗ്രീൻ 27 റൺസും ഡുപ്ലെസി 17 റൺസുമാണ് നേടിയത്. ശേഷം രജത് പട്ടിദാർ ക്രീസിലുറച്ചത് പ്രതീക്ഷ നൽകി. എന്നാൽ മാക്സ്വെൽ പൂജ്യനായി പുറത്തായതോടെ ബാംഗ്ലൂർ തകർന്നു. പിന്നീട് ലോംറോറാണ് പട്ടിദാരുമായി ചേർന്ന് മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുത്തത്. പട്ടിദാർ 22 പന്തുകളിൽ 34 റൺസ് ആയിരുന്നു നേടിയത്.

ലോംറോർ 17 പന്തുകളിൽ 32 റൺസ് നേടി. എന്നാൽ അവസാന ഓവറുകളിൽ കൃത്യമായ രീതിയിൽ രാജസ്ഥാന് മേൽ ആധിപത്യം സ്ഥാപിക്കാൻ ബാംഗ്ലൂരിന് സാധിച്ചില്ല. ഇതോടെ ബാംഗ്ലൂരിന്റെ ഇന്നിങ്സ് 172 റൺസിൽ അവസാനിക്കുകയായിരുന്നു. രാജസ്ഥാൻ ബോളിങ്‌ നിരയിൽ 3 വിക്കറ്റുകൾ നേടിയ ആവേഷ് ഖാനും 2 വിക്കറ്റുകൾ സ്വന്തമാക്കിയ അശ്വിനും മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തു.

Previous articleവീണ്ടും തേര്‍ഡ് അംപയറുടെ കണ്ണടച്ച തീരുമാനം. വളരെ പെട്ടെന്ന് തന്നെ തീരുമാനം എടുത്തു. കാര്‍ത്തികിനെ ഗോള്‍ഡന്‍ ഡക്ക് ആക്കുവാനുള്ള അവസരം ഇല്ലാതായി.
Next articleഈ സാലയും കപ്പില്ലാ. രാജസ്ഥാനോട് എലിമിനേറ്ററില്‍ തോറ്റ് ബാംഗ്ലൂര്‍ പുറത്ത്.