2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എലിമിനേറ്റർ മത്സരത്തിന് മുൻപായുള്ള തങ്ങളുടെ പരിശീലന സെഷൻ റദ്ദാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് ബാംഗ്ലൂർ തങ്ങളുടെ പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. അഹമ്മദാബാദിലെ ഗുജറാത്ത് കോളേജ് ഗ്രൗണ്ടായിരുന്നു ബാംഗ്ലൂരിന് പരിശീലനത്തിനായി മുമ്പ് നിശ്ചയിച്ചിരുന്നത്. പക്ഷേ ഔദ്യോഗിക കാരണങ്ങൾ വെളിപ്പെടുത്താതെ ടീം പരിശീലനത്തിൽ നിന്ന് പിന്മാറുകയാണ് ഉണ്ടായത്. അതേസമയം സഞ്ജു സാംസൺ നായകനായുള്ള രാജസ്ഥാൻ റോയൽസ് തങ്ങളുടെ പതിവ് രീതിയിൽ പരിശീലനം തുടരുകയും ചെയ്യുന്നുണ്ട്. മാത്രമല്ല മത്സരത്തിന് മുൻപായുള്ള പത്രസമ്മേളനവും ഉണ്ടാവില്ല എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
വിരാട് കോഹ്ലിയ്ക്കേറ്റ സുരക്ഷാ ഭീഷണിയെ തുടർന്നാണ് പത്രസമ്മേളനവും പരിശീലന സെഷനും നിർത്തലാക്കിയത് എന്ന് ആനന്ദ്ബസാർ പത്രിക റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇത്തരത്തിൽ സുരക്ഷാ ഭീഷണിയുള്ള സാഹചര്യത്തിലാണ് ബാംഗ്ലൂർ മാറിനിൽക്കുന്നത് എന്നാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 4 പേരെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. പ്രതികളുടെ കയ്യിൽ നിന്ന് ആയുധങ്ങളും വ്യത്യസ്തതരം വീഡിയോകളും ടെക്സ്റ്റ് മെസ്സേജുകളും കണ്ടെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ഇത് സംബന്ധിച്ചുള്ള പൂർണമായ വിവരങ്ങൾ രാജസ്ഥാനും ബാംഗ്ലൂരിനും ഗുജറാത്ത് പോലീസ് കൈമാറുകയുണ്ടായി. എന്നാൽ രാജസ്ഥാൻ ഇതിനെതിരെ പ്രതികരണം അറിയിച്ചില്ല. പക്ഷേ ബാംഗ്ലൂർ ഇതേ തുടർന്ന് തങ്ങളുടെ പരിശീലനം മാറ്റിവയ്ക്കുകയായിരുന്നു. പരിശീലന സെഷൻ മാറ്റിവെച്ചതിനെ സംബന്ധിച്ച് ഇതുവരെ ബാംഗ്ലൂർ യാതൊരുവിധ ഔദ്യോഗിക വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ചയായിരുന്നു ബാംഗ്ലൂർ ടീമും രാജസ്ഥാനും അഹമ്മദാബാദിലെത്തിയത്. അതിനാൽ തന്നെ ഞായറാഴ്ചയും തിങ്കളാഴ്ചയും വിശ്രമമെടുക്കാൻ ഇരു ടീമുകൾക്കും അവസരം ലഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഐപിഎൽ എലിമിനേറ്റർ പോലെയൊരു നിർണായ മത്സരത്തിന്റെ സമയത്ത് ഇത്തരത്തിൽ പരിശീലന സെക്ഷൻ ഒഴിവാക്കിയത് ടീമിനെ ബാധിച്ചേക്കും.
“അഹമ്മദാബാദിൽ ഉണ്ടായ അറസ്റ്റുകളെ സംബന്ധിച്ച് കൃത്യമായ വിവരം വിരാട് കോഹ്ലിയെ അറിയിക്കുകയുണ്ടായി. വിരാട് കോഹ്ലി നമ്മുടെ ദേശീയ താരമാണ്. അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് ഞങ്ങൾ നൽകുന്നത്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് റിസ്ക് എടുക്കാൻ തയ്യാറായിരുന്നില്ല. അതിനാൽ ഇന്ന് അവർ പരിശീലനം സെഷന് ഇറങ്ങില്ല എന്ന കാര്യം ഞങ്ങളെ അറിയിച്ചിരുന്നു. ഇതിനെ സംബന്ധിച്ച് രാജസ്ഥാൻ റോയൽസും കൃത്യമായി കാര്യങ്ങൾ അന്വേഷിച്ചിരുന്നു. പക്ഷേ അവരുടെ പരിശീലനത്തിൽ യാതൊരു പ്രശ്നങ്ങളും വന്നിട്ടില്ല.”- ഗുജറാത്തിലെ ഒരു പോലീസ് ഓഫീസറായ വിജയ് സിംഗാ ജ്വാല പറഞ്ഞു..