നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച താരങ്ങളാണ് വിരാട് കോഹ്ലിയും നായകൻ രോഹിത് ശർമയും. 2024 ട്വന്റി20 ലോകകപ്പിലടക്കം ഇരുവരുടെയും മികച്ച പ്രകടനങ്ങൾ കാണുകയുണ്ടായി. ഇവരിൽ ആരാണ് ഏറ്റവും മികച്ചത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം മുഹമ്മദ് സഹീദ്.
ഇപ്പോൾ വിരാട് കോഹ്ലിയെക്കാൾ മികച്ച താരം ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് എന്ന് സഹീദ് പറയുന്നു. ഇതിനുള്ള കാരണവും താരം വെളിപ്പെടുത്തുകയുണ്ടായി. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർ എന്ന നിലയിലാണ് രോഹിത്തിനെ സഹീദ് തെരഞ്ഞെടുത്തത്.
പന്തിന്റെ ലെങ്ത് തിരഞ്ഞെടുക്കുന്ന കാര്യത്തിൽ രോഹിത് ശർമ ഇൻസമാം ഉൾ ഹക്കിന് തുല്യനാണ് എന്ന് സഹീദ് പറയുകയുണ്ടായി. “വിരാട് കോഹ്ലിയെക്കാൾ മികച്ച താരമാണ് രോഹിത് ശർമ എന്ന കാര്യത്തിൽ സംശയമില്ല. വിരാട് കോഹ്ലി ഒരു ക്ലാസ് താരമാണ് എന്നെനിക്കറിയാം. പക്ഷേ രോഹിത് വിരാടിനേക്കാൾ ഉയർന്ന നിലയിലാണ് ഇപ്പോഴുള്ളത്. എന്നെ സംബന്ധിച്ച് നിലവിൽ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്ററാണ് രോഹിത് ശർമ. സ്പിന്നർമാർക്കെതിരെ ഭയപ്പാടില്ലാത്ത കളിക്കാൻ രോഹിത്തിന് സാധിക്കുന്നുണ്ട്. ഇൻസമാമിനെ പോലെ ഒരു താരമാണ് രോഹിത്.”- സഹീദ് പറഞ്ഞു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള താരമാണ് രോഹിത് ശർമ. കഴിഞ്ഞ വർഷങ്ങളിൽ തന്റെ ബാറ്റിംഗ് മനോഭാവത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങളും രോഹിത് ശർമ വരുത്തിയിരുന്നു. ആദ്യ പന്ത് മുതൽ ആക്രമണം അഴിച്ചു വിടുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ രോഹിത് ക്രീസിൽ എത്താറുള്ളത്.
രോഹിത്തിന്റെ ഇത്തരത്തിലുള്ള ആക്രമണ മനോഭാവം ഇന്ത്യൻ ടീമിലെ മറ്റു ബാറ്റർമാർക്കും ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. 2023 ഏകദിന ലോകകപ്പിൽ തകര്‍പ്പന്‍ പ്രകടനങ്ങൾ ആയിരുന്നു രോഹിത് ശർമ കാഴ്ചവച്ചത്. ടൂർണമെന്റിൽ ഇന്ത്യയെ ഫൈനലിൽ എത്തിച്ചതിൽ പ്രധാന പങ്കുവഹിച്ചത് ഓപ്പണർ എന്ന നിലയിൽ രോഹിത്തിന്റെ മികവാണ്.
2024 ട്വന്റി20 ലോകകപ്പിലും ബാറ്റിംഗിൽ മികവ് പുലർത്താൻ രോഹിത്തിന് സാധിച്ചു. ശ്രീലങ്കയ്ക്കെതിരായ 3 ഏകദിന മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇതുവരെ 2 അർധ സെഞ്ച്വറികൾ സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട്. മറുവശത്ത് വിരാട് കോഹ്ലിയും 2023 ഏകദിന ലോകകപ്പിൽ 700ലധികം റൺസ് സ്വന്തമാക്കിയിരുന്നു. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന താരമായും കോഹ്ലി മാറുകയുണ്ടായി. എന്തായാലും ഇരു ബാറ്റർമാരും ഇന്ത്യയെ സംബന്ധിച്ച് വലിയ ഒരു മുതൽക്കൂട്ട് തന്നെയാണ്.